യാത്രക്കിടെ വിദ്യാര്‍ഥിനി തളര്‍ന്നു വീണു; ആശുപത്രിയിലേക്ക് ബസ് തിരിച്ച് വിട്ട് കെഎസ്ആര്‍ടിസി ജീവനക്കാര്‍

യാത്രക്കിടെ വിദ്യാര്‍ഥിനി തളര്‍ന്നു വീണു; ആശുപത്രിയിലേക്ക് ബസ് തിരിച്ച് വിട്ട് കെഎസ്ആര്‍ടിസി ജീവനക്കാര്‍


കല്‍പ്പറ്റ: കോളേജിലേക്കുള്ള യാത്രക്കിടെ ബസില്‍ തളര്‍ന്നുവീണ വിദ്യാര്‍ഥിനിയെ അതേ ബസില്‍ തന്നെ ആശുപത്രിയിലെത്തിച്ച് കെ.എസ്.ആര്‍.ടി.സി ജീവനക്കാര്‍. പമരം കമ്പളക്കാട് സ്വദേശിനി റിഷാന (19) യാണ് കഴിഞ്ഞ ദിവസം മാനന്തവാടിയില്‍ നിന്ന് പുറപ്പെട്ട ബസില്‍ തളര്‍ന്നുപോയത്. വൈത്തിരിക്കടുത്ത തളിപ്പുഴയില്‍ എത്തിയപ്പോഴായിരുന്നു സംഭവം. സംഭവം ശ്രദ്ധയില്‍പ്പെട്ടയുടന്‍ മറ്റു യാത്രക്കാരുടെ സമ്മതത്തോടെ തന്നെ മാനന്തവാടി ഡിപ്പോയിലെ കണ്ടക്ടര്‍ ഷിബുവും ഡ്രൈവര്‍ ബിനു ജോസും വൈത്തിരി താലൂക്ക് ആശുപത്രിയിലേക്ക് കുതിക്കുകയായിരുന്നു.  

രാവിലെ ആറരയോടെ മാനന്തവാടിയില്‍ നിന്നും കോഴിക്കോട്ടേക്ക് പോകുകയായിരുന്നു ബസ്. തളിപ്പുഴ എത്തിയപ്പോള്‍ റിഷാനക്ക് അസ്വസ്ഥത അനുഭവപ്പെടുകയായിരുന്നു. പിന്നാലെ ബസിനകത്തു കുട്ടി തളര്‍ന്നു വീഴുകയും ചെയ്തു. ഇതോടെ ബസ് റോഡരികില്‍ നിര്‍ത്തുകയും ഇതേ വാഹനത്തില്‍ തന്നെ ആശുപത്രിയിലേക്ക് കൊണ്ടു പോകാമെന്ന് തീരുമാനിക്കുകയുമായിരുന്നു. വളരെ അത്യാവശ്യക്കാരായ യാത്രക്കാരെ മറ്റു ബസുകളില്‍ കയറ്റിവിടാനുള്ള ഏര്‍പ്പാടുകള്‍ ചെയ്തതിന് ശേഷമാണ് ബസ് വൈത്തിരി താലൂക്ക് ആശുപത്രിയിലേക്ക് തിരിച്ച് വിട്ടത്. 

ആശുപത്രിയിലെത്തിയ ഉടന്‍ റിഷാനയെ അത്യാഹിത വിഭാഗത്തില്‍ പ്രവേശിപ്പിച്ചു. തുടര്‍ന്ന് ഡോക്ടര്‍മാര്‍ പരിശോധിക്കുകയും ബസ് ജീവനക്കാര്‍ റിഷാനയുടെ ബന്ധുക്കളെ വിവരമറിയിക്കുകയുമായിരുന്നു. അധികം തിരക്കില്ലാത്ത യാത്രക്കാര്‍ ആശുപത്രിയാത്രയിലും ജീവനക്കാര്‍ക്ക് ഒപ്പം കൂടിയിരുന്നു. ആശുപത്രിയില്‍ ഈ യാത്രക്കാരും കുട്ടിയെ സഹായിച്ചിരുന്നു. റിഷാനക്ക് കുഴപ്പമില്ലെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചതിന് ശേഷം ബസ് കോഴിക്കോട്ടേക്കുള്ള യാത്ര തുടര്‍ന്നു. നേരത്തെ ബസിലുണ്ടായിരുന്ന ഡോ. സ്വാമിനാഥന്‍ (റിട്ട. സര്‍ജ്ജന്‍) റിഷാനക്ക് ബസിനകത്ത് വെച്ച് തന്നെ പ്രാഥമിക ചികിത്സ നല്‍കിയിരുന്നു