വിരമിച്ച പൊലീസുകാരന്‍റെ വീട്ടില്‍നിന്ന് പിടിച്ചത് മാരക ലഹരിമരുന്നായ എംഡിഎംഎ; മകനും സുഹൃത്തും അറസ്റ്റിൽ

തൃശൂര്‍: തൃശ്ശൂർ മാളയിൽ റിട്ടയേർഡ് പൊലീസ് ഉദ്യോഗസ്ഥന്‍റെ വീട്ടിൽ നിന്ന് എംഡിഎംഎ പിടികൂടി. കാട്ടിക്കരകുന്ന് സ്വദേശിയായ സലീമിന്റെ വീട്ടിൽ നിന്നുമാണ് 42.93 ഗ്രാം എംഡിഎംഎ കണ്ടെടുത്തത്. സലീമിന്റെ മകനായ ഫൈസൽ (42), സുഹൃത്തായ ആഷ്‌ലി (35) എന്നിവരെ തൃശ്ശൂർ ജില്ല ഡാൻസാഫ് ടീമും മാള പൊലീസും ചേർന്ന് അറസ്റ്റ് ചെയ്തു. പിടിയിലായ പ്രതികൾക്ക് എംഡിഎംഎ കിട്ടിയ ഉറവിടത്തെ കുറിച്ചും പ്രതികൾ വില്‍പ്പന നടത്തുന്ന ആളുകളെ കുറിച്ചും പൊലീസ് അന്വേഷണം തുടങ്ങി.
അതേസമയം, വയനാട് കല്‍പ്പറ്റയില്‍ എംഡിഎംഎയും മയക്കുഗുളികകളും പിടികൂടിയ സംഭവത്തില്‍ കൂടുതല്‍ പേര്‍ അറസ്റ്റിലായി. സ്ത്രീയടക്കം മൂന്നു പേരാണ് ഒടുവില്‍ അറസ്റ്റിലായത്. മുട്ടില്‍ കൊട്ടാരം വീട്ടില്‍ മുഹമ്മദ് ഷാഫി (35), മുട്ടില്‍ പരിയാരം എറമ്പന്‍ വീട്ടില്‍ അന്‍ഷാദ് (27), താഴെമുട്ടില്‍ കാവിലപ്പറമ്പ് വീട്ടില്‍ സാജിത (40) എന്നിവരാണ് പിടിയിലായിട്ടുള്ളതെന്ന് പൊലീസ് അറിയിച്ചു. കോഴിക്കോട് പുതിയങ്ങാടി സ്വദേശി കുഞ്ഞിരായിന്‍കണ്ടി വീട്ടില്‍ ഷഫീഖിനെ (37) പൊലീസ് ചൊവ്വാഴ്ച രാത്രി അറസ്റ്റു ചെയ്തിരുന്നു.
ഇതിന് പിന്നാലെയാണ് മറ്റുള്ളവരെയും പിടികൂടിയത്. എമിലി - ഭജനമഠം റോഡില്‍ പൊലീസ് നടത്തിയ വാഹനപരിശോധനക്കിടെ മയക്കുമരുന്ന് വലിച്ചെറിഞ്ഞ് ഓടി രക്ഷപ്പെടാന്‍ ശ്രമിക്കുന്നതിനിടെയായായിരുന്നു ഷഫീഖ് പിടിയിലായത്. 46.9 ഗ്രാം എം.ഡി.എം.എയും 17.5 ഗ്രാമിന്റെ 29 മയക്കുഗുളികകളും ഇയാളില്‍ നിന്നും പിടിച്ചെടുത്തിരുന്നു.
ഷഫീഖിനെ ചോദ്യം ചെയ്തപ്പോഴാണ് കേസില്‍ കൂടുതല്‍ പേരുണ്ടെന്ന് വ്യക്തമായത്. ഇപ്പോള്‍ പിടിയിലായ മൂന്നുപേരടക്കം നാലുപേരും ഒരുമിച്ചാണ് കാറില്‍ ബംഗളൂരുവിലെത്തി മയക്കുമരുന്ന് വാങ്ങി കേരളത്തിലേക്ക് എത്തിക്കുന്നതെന്ന് അന്വേഷണത്തില്‍ വ്യക്തമായിട്ടുണ്ട്. പ്രതികളിലൊരാളായ മുഹമ്മദ് ഷാഫിക്കിന് എമിലിയില്‍ വാടകവീടുമുണ്ട്. ഈ വീട്ടിലേക്ക് മയക്കുമരുന്നുമായി പോകുന്നതിനിടെയാണ് ചൊവ്വാഴ്ച രാത്രി ഷഫീഖ് പൊലീസിന്റെ പിടിയിലായത്.