തൃശ്ശൂരിൽ ഒരു കുടുംബത്തിലെ മൂന്നു പേർ വീടിനുള്ളിൽ മരിച്ചനിലയിൽ

തൃശ്ശൂരിൽ ഒരു കുടുംബത്തിലെ മൂന്നു പേർ വീടിനുള്ളിൽ മരിച്ചനിലയിൽ


തൃശ്ശൂർ: കാറളത്ത് ഒരു കുടുംബത്തിലെ മൂന്ന് പേരെ വീട്ടിനുള്ളിൽ മരിച്ചനിലയിൽ കണ്ടെത്തി. കാറളം ഹരിപുരം സ്വദേശി കുഴുപുള്ളി പറമ്പിൽ മോഹനന്‍, ഭാര്യ മിനി, മകന്‍ ആദര്‍ശ് എന്നിവരാണ് മരിച്ചത്. വീട്ടിനുള്ളിൽ തൂങ്ങിമരിച്ച നിലയിലാണ് മൂന്നു പേരെയും കണ്ടെത്തിയത്.

വീടിനോട് ചേർന്ന് പലചരക്ക് കടത്തി വരികയായിരുന്നു മോഹനൻ. വീട് അടഞ്ഞു കിടക്കുന്നത് കണ്ട് തൊട്ടടുത്ത് താമസിക്കുന്ന ബന്ധുക്കളാണ് അന്വേഷണം നടത്തിയത്. ഫോണിൽ ബന്ധപ്പെടാൻ ശ്രമിച്ചിട്ടു ലഭിക്കാതായതോടെ വീടിന്റെ വാതിൽ ചവിട്ടിപ്പൊളിച്ച് അകത്തു കടക്കുകയായിരുന്നു. ചൊവ്വാഴ്ച്ച രാത്രിയോടെ വീടിന്റെ പുറകിലെ വാതിൽ പൊളിച്ച് അകത്ത് കയറിയപ്പോഴാണ് മൂന്നു പേരെയും മരിച്ച നിലയിൽ കണ്ടെത്തിയത്.

Also Read- കോഴിക്കോട് എൻഐടിയിൽ വിദ്യാർത്ഥി ജീവനൊടുക്കി

വീട്ടിലെ ഹാളിലാണ് മോഹനന്റേയും ആദർശിന്റേയും മൃതദേഹം കണ്ടെത്തിയത്. മിനിയെ കിടപ്പുമുറിയിലാണ് മരിച്ച നിലിയൽ കണ്ടെത്തിയത്. മരണകാരണം വ്യക്തമായിട്ടില്ല. ആദർശിനെ കൂടാതെ ഒരു മകൾ കൂടി ദമ്പതികൾക്കുണ്ട്. ഭർത്താവിനൊപ്പം വിദേശത്താണ് ഇവർ താമസിക്കുന്നത്. കാറളം വിഎച്ച്എസ്ഇ സ്കൂളിലെ വിദ്യാർത്ഥിയാണ് ആദർശ്.

(ആത്മഹത്യ ഒന്നിനും പരിഹാരമല്ല.. അതിജീവിക്കാൻ ശ്രമിക്കുക. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക.. Toll free helpline number: 1056, മറ്റ് ഹെൽപ് ലൈൻ നമ്പറുകൾ: പ്രതീക്ഷ (കൊച്ചി ) -048-42448830, മൈത്രി ( കൊച്ചി )- 0484-2540530, ആശ്ര (മുംബൈ )-022-27546669, സ്നേഹ (ചെന്നൈ ) -044-24640050, സുമൈത്രി -(ഡല്‍ഹി )- 011-23389090, കൂജ് (ഗോവ )- 0832- 2252525, റോഷ്നി (ഹൈദരാബാദ്) -040-66202000)