പ്രണയിച്ചു വിവാഹം, മരണത്തിലും വേര്‍പിരിയാതെ ; ജീവിച്ചു കൊതിതീരും മുമ്പേ പ്രജിത്തിനും റീഷയ്ക്കും യാത്രയാകേണ്ടി വന്നു

പ്രണയിച്ചു വിവാഹം, മരണത്തിലും വേര്‍പിരിയാതെ ; ജീവിച്ചു കൊതിതീരും മുമ്പേ പ്രജിത്തിനും റീഷയ്ക്കും യാത്രയാകേണ്ടി വന്നു


കണ്ണൂര്‍: കാറിന് തീ പിടിച്ച് ദമ്പതികള്‍ മരണപ്പെട്ട സംഭവത്തില്‍ വെന്തുമരിച്ച പ്രജിത്തിനെയും റീഷയും മരണത്തില്‍ പോലും വേര്‍പിരിഞ്ഞില്ല. കേരളത്തിന്റെ മുഴുവന്‍ ദു:ഖമായി മാറിയ പ്രജിത്തും റീഷയും പ്രണയിച്ചു വിവാഹിതരായവരാണ്. പുതിയ കുഞ്ഞുവാവയെ വരവേല്‍ക്കാനായി കുടുംബം മുഴുവനും മൂത്തമകള്‍ ശ്രീ പാര്‍വ്വതിയും കാത്തിരിക്കുമ്പോഴാണ് ഇരുവരേയും മരണം കൊണ്ടുപോയത്.

ജെ.സി.ബി.ഡ്രൈവറായിരുന്ന പ്രജിത് സൗമ്യനും ആകര്‍ഷകമായ പെരുമാറ്റം കൊണ്ട് നാട്ടുകാരുടെ പ്രിയങ്കരനുമാണ്. അടുത്ത കാലത്താണ് കെട്ടിട നിര്‍മ്മാണ കരാര്‍ജോലികള്‍ ചെയ്തു തുടങ്ങിയത്. വാഹനമോടിക്കുന്നത് ഹരമായ പ്രജിത്തിന്റെ ചെറുപ്പം മുതലുള്ള ആഗ്രഹമായിരുന്നു ജെ.സി.ബി. ഓടിക്കാന്‍ പഠിക്കണമെന്നുള്ളത്. നാടന്‍ പാട്ടുകാരനായും വാദ്യസംഘത്തിന്റെ പ്രമാണിയായും നാടക കലാകാരനായുമെല്ലാം പ്രജിത്ത് നാട്ടുകാര്‍ക്കിടയില്‍ അറിയപ്പെടുന്നു.

മാതാപിതാക്കള്‍ കത്തെയെരിയുന്ന കാറിനുള്ളില്‍ മരിച്ചതോടെ ശ്രീപാര്‍വ്വതി ഒറ്റയ്ക്കായി പോയി. ഈ ഏഴുവയസ്സുകാരിയുടെ കണ്‍മുന്നിലായിരുന്നു മാതാപിതാക്കള്‍ കത്തിയെരിഞ്ഞത്. ബന്ധുക്കള്‍ ആശുപത്രിയിലേക്ക് കൊണ്ടുപോകുമ്പോഴും അച്ഛനും അമ്മയും എവിടേയെന്ന് കുഞ്ഞ് കരഞ്ഞുവിളിച്ചു. അത്യാഹിത വിഭാഗത്തില്‍ കിടക്കുമ്പോഴും ഈ ചോദ്യം ചോദിച്ചുകൊണ്ടേയിരുന്നു.

വൈകിട്ട് അഞ്ചേമുക്കാല്‍ോടെയാണ് പ്രജിത്തിന്റെയും റീഷയുടേയും മൃതദേഹങ്ങള്‍ നാടിനും നാട്ടുകാര്‍ക്കും മുന്നിലേക്ക് എത്തിച്ചത്. വ്യാഴാഴ്ച രാത്രി എട്ടുമണിയോടെ ചട്ടുകപ്പാറയിലെ ശാന്തിവനത്തില്‍ സംസ്‌ക്കരിച്ചു. ഇരുവര്‍ക്കും അന്തിമോപചാരം നല്‍കാന്‍ അനേകരാണ് വീട്ടിലെത്തിയത്. പ്രശ്‌നത്തില്‍ മനുഷ്യാവകാശ കമ്മീഷനും ഇടപെട്ടിട്ടുണ്ട്