
മൂന്നാര്‍: കേന്ദ്രസര്‍ക്കാര്‍ അനുവദിച്ച സൗജന്യ റേഷന്‍ നിര്‍ത്തലാക്കുകയും സംസ്ഥാന സര്‍ക്കാര്‍ റേഷന്‍ അരി വെട്ടിക്കുറയ്ക്കുകയും ചെയ്തതോടെ തോട്ടംതൊഴിലാളികള്‍ പട്ടിണിയുടെ വക്കിലെത്തി. ഇക്കാര്യത്തിൽ അടിയന്തര ഇടപെടല്‍ ഉണ്ടാകണമെന്നാണ് ഇവരുടെ ആവശ്യം.
കൊവിഡ് കാലത്ത് കേന്ദ്ര സര്‍ക്കാര്‍ അനുവദിച്ച സൗജന്യ റേഷന്‍ തൊഴിലാളികള്‍ക്ക് വലിയൊരു ആശ്വാസമായിരുന്നു. തൊഴില്‍ ദിനങ്ങള്‍ കുറച്ചതോടെ ശബളം ലഭിക്കാതിരുന്ന ഇവര്‍ക്ക് സൗജന്യ അരി ലഭിച്ചത് പട്ടിണിയില്ലാതെ കഴിഞ്ഞുകൂടാന്‍ സഹായമായി. എന്നാല്‍ കേന്ദ്ര സര്‍ക്കാര്‍ സൗജന്യമായി നല്‍കിയിരുന്ന 25 കിലോ അരി ഇപ്പോൾ നിര്‍ത്തലാക്കുകയും സംസ്ഥാന സര്‍ക്കാര്‍ അനുവദിച്ച റേഷന്‍ അരി വെട്ടിക്കുറയ്ക്കുകയും ചെയ്തതോടെ വന്‍ തിരിച്ചടിയാണ് തൊഴിലാളികള്‍ക്ക് ഉണ്ടായിരിക്കുന്നത്. നിലവില്‍ 2 കിലോ പുഴക്കലരിയും ഓരോ കിലോ വീതം പച്ചരിയും കുത്തരിയുമാണ് സര്‍ക്കാര്‍ നല്‍കുന്നത്. അംഗങ്ങള്‍ കൂടുതലുള്ള വീട്ടില്‍ ഇത് ഉപയോഗിച്ച് മാസം കടന്നുപോകുക അസാധ്യമാണ്. ഇതോടെ കൂടുതല്‍ പണം നല്‍കി തൊഴിലാളികള്‍ക്ക് പുറത്തുനിന്നും അരി വാങ്ങേണ്ട അവസ്ഥയാണ് ഉള്ളത്.