മോഷണത്തിനിടെ മദ്യപിച്ച് ബിരിയാണി കഴിച്ചുറങ്ങിപോയി; പ്രതി പിടിയില്‍


മോഷണത്തിനിടെ മദ്യപിച്ച് ബിരിയാണി കഴിച്ചുറങ്ങിപോയി; പ്രതി പിടിയില്‍


photo-representationimage

ചെന്നൈ: മോഷണത്തിനിടെ മദ്യപിച്ച് ബിരിയാണി കഴിച്ചുറങ്ങിപ്പോയ കളളനെ പോലീസ് അറസ്റ്റ് ചെയ്തു. രാമനാഥപുരം സ്വദേശി സ്വാതിതിരുനാഥന്‍ (27) ആണ് പോലീസ് പിടിയിലായത്. മോഷണശ്രമം നടത്തുന്നതിനിടെ കയ്യില്‍ കരുതിയിരുന്ന മദ്യവും ബിരിയാണിയും കഴിച്ചതോടെ ക്ഷീണം തോന്നിയ യുവാവ് ഉറങ്ങിപ്പോവുകയായിരുന്നു.

ശിവഗംഗ തിരുപ്പത്തൂരിനടുത്തുളള മധുവിക്കോട്ടയിലെ വെങ്കിടേശന്റെ പൂട്ടിയിട്ട വീട്ടിലായിരുന്നു പ്രതി കവര്‍ച്ചയ്ക്കായെത്തിയത്. മദ്യപിച്ചെത്തിയ ഇയാള്‍ മേല്‍ക്കുരയിലെ ഓട് ഇളക്കിയായിരുന്നു വീടിനുളളില്‍ കടന്നത്. തുടര്‍ന്ന് പിച്ചള, വെളളിപ്പാത്രങ്ങള്‍ തുടങ്ങിയവ മോഷ്ടിച്ച് വീട്ടിലെ കിടപ്പുമുറിയില്‍ കൂട്ടിയിട്ടു.

വീടിന്റെ ഓടുകള്‍ ഇളക്കിമാറ്റിയിരിക്കുന്നത് കണ്ട സമീപവാസികളാണ് വിവരം വീട്ടുടമയെ അറിയിച്ചത്. ഇതേതുടര്‍ന്ന് ഇയാള്‍ പോലീസിനെയും കൂട്ടി സ്ഥലത്തെത്തി. വീട് തുറന്നുനോക്കിയപ്പോള്‍ സ്വാതിതിരുനാഥന്‍ കിടപ്പുമുറിയില്‍ കൂര്‍ക്കം വലിച്ച് കിടന്നുറങ്ങുന്നതാണ് കണ്ടത്.

പോലീസെത്തി അറസ്റ്റ് ചെയ്ത പ്രതിയെ സ്‌റ്റേഷനിലെത്തിച്ച് വിശദമായി ചോദ്യം ചെയ്തു. വീട്ടില്‍ ആളില്ലാത്തതിനാല്‍ പതുക്കെ പോകാമെന്നു കരുതിയെന്നും ക്ഷീണത്തില്‍ ഉറങ്ങിപ്പോയെന്നുമാണ് സ്വാതിതിരുനാഥന്‍ മൊഴി നല്‍കിയത്