ജീവിതപങ്കാളിയെ തേടിയിട്ടും കിട്ടാത്തതിന്റെ വിഷമത്തിൽ യുവാക്കള്‍ ക്ഷേത്രത്തിലേക്ക് ബാച്ചിലേഴ്സ് പദയാത്ര നടത്താന്‍ ഒരുങ്ങുന്നു

ജീവിതപങ്കാളിയെ തേടിയിട്ടും കിട്ടാത്തതിന്റെ വിഷമത്തിൽ യുവാക്കള്‍ ക്ഷേത്രത്തിലേക്ക് ബാച്ചിലേഴ്സ് പദയാത്ര നടത്താന്‍ ഒരുങ്ങുന്നു

ബെംഗളൂരു: ജീവിതപങ്കാളിയെ തേടിയിട്ടും കിട്ടാത്തതിന്റെ വിഷമത്തിൽ യുവാക്കള്‍ ക്ഷേത്രത്തിലേക്ക് ബാച്ചിലേഴ്സ് പദയാത്ര നടത്താന്‍ ഒരുങ്ങുന്നു. കര്‍ണാടകയിലെ മാണ്ഡ്യയിലാണ് സംഭവം.
200 യുവാക്കള്‍ പദയാത്രയില്‍ അണിചേരും. ചാമരാജനഗർ ജില്ലയിലെ എംഎം ഹിൽസ് ക്ഷേത്രത്തിലേക്കാണ് പദയാത്ര നടത്തുന്നത്.
കല്യാണം നടക്കാന്‍ ദൈവാനുഗ്രഹം തേടിയാണ് യുവാക്കളുടെ ഇത്തരമൊരു വേറിട്ട നീക്കം. ഈ മാസം 23ന് കെഎം ദൊഡ്ഡിയില്‍ നിന്നാകും പദയാത്ര ആരംഭിക്കുന്നത്. യാത്രയിൽ ഇതിനോടകം 200 പേര്‍ റജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. ഇതില്‍ ഏറെയും കര്‍ഷകരാണ്. 30 വയസ്സ് കഴിഞ്ഞിട്ടും കല്യാണം ശരിയാകാത്ത യുവാക്കളാണ് ദൈവത്തിന്റെയും നാട്ടുകാരുടെയും ശ്രദ്ധ കിട്ടാന്‍ ബാച്ചിലര്‍ പദയാത്ര നടത്താന്‍ തീരുമാനിച്ചത്.
ആശയം അറിഞ്ഞ് സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള അവിവാഹിതരായ യുവാക്കള്‍ പദയാത്രയില്‍ അണിചേരാനും തീരുമാനിച്ചിട്ടുണ്ട്. മൂന്ന് ദിവസം നീളുന്ന യാത്രയില്‍ 105 കിലോമീറ്റര്‍ ദൂരമാണ് പിന്നിടുന്നത്.