പ്ലസ് ടു വിദ്യാർത്ഥിനികളെ ലൈംഗികമായി പീഡിപ്പിച്ചു; സ്കൂൾ ഉടമയും ഭാര്യയും പ്രിന്‍സിപ്പലും തിരുനെൽവേലിയിൽ അറസ്റ്റിൽ

പ്ലസ് ടു വിദ്യാർത്ഥിനികളെ ലൈംഗികമായി പീഡിപ്പിച്ചു; സ്കൂൾ ഉടമയും ഭാര്യയും പ്രിന്‍സിപ്പലും തിരുനെൽവേലിയിൽ അറസ്റ്റിൽ


തിരുനെൽവേലി: പന്ത്രണ്ടാം ക്ലാസ് വിദ്യാർത്ഥികളായ മൂന്ന് പെൺകുട്ടികളെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ സ്‌കൂൾ ഉടമയെയും (കറസ്പോണ്ടന്റ്) ഭാര്യയെയും സ്‌കൂൾ പ്രിൻസിപ്പലിനെയും പോക്സോ നിയമപ്രകാരം അറസ്റ്റ് ചെയ്തു. അഞ്ഞൂറിലധികം പെൺകുട്ടികളാണ് ഈ സ്‌കൂളിൽ പഠിക്കുന്നത്.

അടുത്തിടെ സ്കൂളിന്റെ ഉടമ കുത്തുബ്ദ്ദീൻ നജീബ് 12-ാം ക്ലാസിലെ ചില പെൺകുട്ടികളെ ലൈംഗികമായി പീഡിപ്പിച്ചുവെന്നാണ് കേസ്. സംഭവത്തിൽ പെൺകുട്ടികൾ പരാതി നൽകിയെങ്കിലും ഇയാളുടെ ഭാര്യ മൊഹിദീൻ ഫാത്തിമയും സ്‌കൂൾ പ്രിൻസിപ്പൽ കാധരമ്മാളും ഇത് തള്ളിക്കളയുകയായിരുന്നു. ഇയാളുടെ ഉപദ്രവത്തിൽ നിന്ന് രക്ഷപ്പെട്ട പെൺകുട്ടികൾ സുഹൃത്തുക്കളോട് പറഞ്ഞതോടെയാണ് സംഭവം പുറത്തറിയുന്നത്. ഇതോടെ വിദ്യാർത്ഥികൾ സ്‌കൂളിൽ ഇയാൾക്കെതിരെ കുത്തിയിരിപ്പ് സമരം നടത്തി.

സംഭവം പുറത്തറിഞ്ഞതോടെ പ്രതികളെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് മാതാപിതാക്കളും ചില മുസ്ലീം സംഘടനകളും വിദ്യാർത്ഥികൾക്കൊപ്പം പ്രതിഷേധിച്ചു. ഡിസിപി സീനിവാസൻ, പാളയംകോട്ടൈ തഹസിൽദാർ ആനന്ദ പ്രകാശ്, സ്‌കൂൾ വിദ്യാഭ്യാസ വകുപ്പ് ഉദ്യോഗസ്ഥർ എന്നിവർ സമരക്കാരുമായി ചർച്ച നടത്തി.

പ്രതിഷേം ശക്തമായതോടെ പൊലീസ് ഇൻസ്‌പെക്ടർ മുത്തുലക്ഷ്മിയുടെ നേതൃത്വത്തിലുള്ള സംഘം പ്രതികളായ മൂന്നുപേരെയും അറസ്റ്റ് ചെയ്തു. അതേസമയം, ഇത്തരം അനുഭവങ്ങൾ ഉണ്ടാകുന്ന വിദ്യാർത്ഥികൾ ഒരു മടിയും കൂടാതെ സംഭവം മാതാപിതാക്കളെയും പോലീസിനെയും അറിയിക്കണമെന്ന് സീനിവാസൻ പറഞ്ഞു.

അധ്യാപകൻ അറസ്റ്റിലായ സംഭവം

വിദ്യാർത്ഥികളെ പീഡിപ്പിച്ച കേസിൽ അധ്യാപകർ അറസ്റ്റിലായ കേസുകൾ മുമ്പും റിപ്പോർട്ട് ചെയ്തിട്ടുണ്ട്. കോഴിക്കോട് കഴിഞ്ഞ വർഷം ആൺകുട്ടികളെയും പെൺകുട്ടികളെയും പീഡിപ്പിച്ചതിന് അധ്യാപകനെതിരെ അഞ്ച് പോക്‌സോ കേസുകൾ ഫയൽ ചെയ്തിരുന്നു. ചൈൽഡ് ലൈൻ നടത്തിയ കൗൺസിലിങ്ങിലാണ് വിദ്യാർഥികൾ പീഡന വിവരം വെളിപ്പെടുത്തിയത്. കുട്ടികൾ സ്കൂൾ കൗൺസിലിംഗിനിടെ അധ്യാപകൻ ഇത്തരത്തിൽ പെരുമാറിയ വിവരം വെളിപ്പെടുത്തുകയായിരുന്നു. ഇക്കാര്യം സ്കൂളിലെ ഒരു അധ്യാപിക പൊലീസിനെ അറിയിച്ചു. ഇതിനെ തുടർന്നാണ് അന്വേഷണം ആരംഭിച്ചത്.

അധ്യാപകൻ പഠിപ്പിച്ച കൂടുതൽ കുട്ടികളെ കൗൺസിലിങ്ങിന് വിധേയമാക്കി. പല വിധത്തിൽ പ്രലോഭിപ്പിച്ചാണ് ഇയാൾ കുട്ടികളെ പീഡിപ്പിച്ചിരുന്നതെന്ന് പൊലീസ് പറഞ്ഞു. ഇയാളെ പേടിച്ച് കുട്ടികൾ ഇക്കാര്യം ആരോടും പറഞ്ഞിരുന്നില്ലെന്നും പോലീസ് വ്യക്തമാക്കി. ആറ്, ഏഴ് ക്ലാസുകളിൽ പഠിക്കുന്ന 15 ഓളം കുട്ടികളോട് പ്രതി ഇത്തരത്തിൽ പെരുമാറിയതായി പോലീസ് പറയുന്നു. പോക്സോ, ജുവനൈൽ ജസ്റ്റിസ് ആക്ട് പ്രകാരമുള്ള വകുപ്പുകൾ പ്രകാരമാണ് പോലീസ് പ്രതിയ്ക്കെതിരെ കേസുകൾ എടുത്തത്.