തൃണമൂൽ കോൺ​ഗ്രസ് പ്രവർത്തകയെ കഴുത്ത് മുറിച്ച് കൊലപ്പെടുത്തിയ നിലയിൽ; രാഷ്ട്രീയകൊലപാതകമെന്ന് സംശയം

തൃണമൂൽ കോൺ​ഗ്രസ് പ്രവർത്തകയെ കഴുത്ത് മുറിച്ച് കൊലപ്പെടുത്തിയ നിലയിൽ; രാഷ്ട്രീയകൊലപാതകമെന്ന് സംശയം


കൊൽക്കത്ത: പശ്ചിമബം​ഗാളിൽ തൃണമൂൽ കോൺ​ഗ്രസ് പ്രവർത്തകയെ കഴുത്തുമുറിച്ച് കൊലപ്പെടുത്തിയ നിലയിൽ കണ്ടെത്തി. സൗത്ത് 24 പർ​ഗാനസ് ജില്ലയിലാണ് സംഭവം. 48കാരിയായ സുചിത്ര മണ്ഡലിന്റെ മൃതദേഹമാണ് രക്തത്തിൽ കുളിച്ച നിലയിൽ കണ്ടെത്തിയത്. 

ഉരുളക്കിഴങ്ങ് പാടം സന്ദർശിക്കാൻ പോയ സുചിത്രയെ പിന്നീട് മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നെന്നാണ് ബന്ധുക്കളും നാട്ടുകാരും പറയുന്നത്. കഴുത്തിൽ ആഴത്തിൽ വെട്ടുകൊണ്ടതിന്റെ പാടുണ്ട്. അജ്ഞാതരായ വ്യക്തികൾ മൂർച്ചയുള്ള ആയുധം ഉപയോ​ഗിച്ച് കൃത്യം നടത്തിയതായാണ് പ്രഥമദൃഷ്ട്യാ ഉള്ള കണ്ടെത്തലെന്ന് പൊലീസ് പറഞ്ഞു.  സംഭവം അറിഞ്ഞ ഉടൻ പൊലീസ് സ്ഥലത്തെത്തി തുടർനടപടികൾ സ്വീകരിച്ചു. കൊലപാതകകാരണം വ്യക്തമായിട്ടില്ല. സുചിത്ര ദീർഘകാലമായി തൃണമൂൽ കോൺ​ഗ്രസിന്റെ സജീവ പ്രവർത്തകയും പ്രദേശത്ത് സ്വാധീനമുള്ള വ്യക്തിയുമായിരുന്നു. കൊലപാതകത്തിന് രാഷ്ട്രീയബന്ധമുണ്ടോ എന്ന് അന്വേഷിക്കുകയാണെന്ന് പൊലീസ് പറഞ്ഞു.