'തൊഴില്‍രഹിത ബിരുദധാരികള്‍ക്ക് പ്രതിമാസം 3000 രൂപ' കര്‍ണാടകയില്‍ വൻ തെരഞ്ഞെടുപ്പ് വാഗ്‍ദാനവുമായി കോൺഗ്രസ്

'തൊഴില്‍രഹിത ബിരുദധാരികള്‍ക്ക് പ്രതിമാസം 3000 രൂപ' കര്‍ണാടകയില്‍ വൻ തെരഞ്ഞെടുപ്പ് വാഗ്‍ദാനവുമായി കോൺഗ്രസ്


ബംഗളൂരു:കർണാടകത്തിൽ തൊഴിൽരഹിതരായ യുവതീയുവാക്കൾക്ക്  വേതനമെന്ന വൻ വാഗ്‍ദാനവുമായി കോൺഗ്രസ് രംഗത്ത്. ബെലഗാവിയിൽ രാഹുൽ ഗാന്ധി പങ്കെടുത്ത ആദ്യ തെരഞ്ഞെടുപ്പ് പ്രചാരണയോഗത്തിലാണ് കോൺഗ്രസിന്‍റെ പുതിയ പ്രഖ്യാപനം. തൊഴിലില്ലാത്ത ബിരുദധാരികളായ യുവതീയുവാക്കൾക്ക് 3000 രൂപയും ഡിപ്ലോമ ബിരുദധാരികൾക്ക് 1500 രൂപയും പ്രതിമാസം വേതനം നൽകും. അധികാരത്തിലെത്തിയാൽ രണ്ട് വർഷത്തേക്ക് വേതനമുണ്ടാകും.  തൊഴിൽരഹിതരായ വീട്ടമ്മമാർക്ക് പ്രതിമാസം 2000 രൂപ, ബിപിഎൽ കുടുംബങ്ങൾക്ക് 10 കിലോ അരി, എല്ലാ കുടുംബങ്ങൾക്കും ആദ്യത്തെ 200 യൂണിറ്റ് വൈദ്യുതി സൗജന്യം എന്നീ വാഗ്ദാനങ്ങൾ നേരത്തേ കോൺഗ്രസ് മുന്നോട്ട് വച്ചിരുന്നു. കർണാടകയിലേത് രാജ്യത്തെ ഏറ്റവും അഴിമതി നിറഞ്ഞ സർക്കാരാണെന്ന് രാഹുൽ ഗാന്ധി ആരോപിച്ചു. കോൺഗ്രസ് നേതൃത്വം ഒറ്റക്കെട്ടായി പോരാടി ഒറ്റയ്ക്ക് കേവലഭൂരിപക്ഷം നേടുമെന്നും രാഹുൽ പറഞ്ഞു. 

അതിനിടെ  ജനപ്രിയ പ്രഖ്യാപനങ്ങളുമായി തമിഴ്നാട് ബജറ്റ്.കുടുംബനാഥമാരായ സ്ത്രീകൾക്ക്  പ്രതിമാസം 1000 രൂപ ഓണറേറിയം നല്‍കും.ഇതിനായി 7000 കോടി രൂപ വകയിരുത്തി.പദ്ധതി സെപ്റ്റംബർ 15 ന് ആരംഭിക്കും.സർക്കാർ ബസുകളിൽ സ്ത്രീകൾക്കടക്കം നിലവിലുള്ള സൗജന്യ യാത്ര തുടരും.സ്കൂളുകളിലെ പ്രഭാത ഭക്ഷണ പദ്ധതിക്കായി 500 കോടി വകയിരുത്തി..കാർഷിക കടങ്ങൾ എഴുതി തള്ളാൻ 2391 കോടി നീക്കി വച്ചു.ദാരിദ്യരേഖയ്ക്ക് താഴെയുള്ള രണ്ടുകോടി സ്ത്രീകൾ ഗുണഭോക്താക്കളാകും