കരിയില കത്തിക്കുന്നതിനിടെ ദേഹത്തേക്ക് തീ പടര്‍ന്നു; കൊട്ടിയൂരില്‍ സ്ത്രീ പൊളളലേറ്റ് മരിച്ചു

കരിയില കത്തിക്കുന്നതിനിടെ ദേഹത്തേക്ക് തീ പടര്‍ന്നു; കൊട്ടിയൂരില്‍ സ്ത്രീ പൊളളലേറ്റ് മരിച്ചു



കേളകം : കൊട്ടിയൂരില്‍ കരിയില കത്തിക്കുന്നതിനിടെ സ്ത്രീ പൊളളലേറ്റ് മരിച്ചു. ചപ്പമല സ്വദേശി പൊന്നമ്മയാണ് മരിച്ചത്. കരിയില കത്തിക്കുന്നതിനിടെ അബദ്ധത്തില്‍ തീ ദേഹത്തേക്ക് പടരുകയായിരുന്നു.

കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ഈ മേഖലയ്ക്കടുത്തെല്ലാം തീപിടുത്തം വ്യാപകമായതിനാല്‍ ഇത് ഒഴിവാക്കാനായി കരിയിലകളെല്ലാം കൂട്ടിയിട്ട് കത്തിക്കുകയായിരുന്നു പൊന്നമ്മ. എന്നാല്‍ വെയിലിന്റെ തീവ്രത കൂടുതലായതിനാല്‍ കരിയില ആളിക്കത്തി. തുടര്‍ന്ന് പൊന്നമ്മയും പ്രദേശവാസികളും ചേര്‍ന്ന് തീ കെടുത്താന്‍ ശ്രമിച്ചു. ഇതിനിടയിലാണ് തീ അമിതവേഗത്തില്‍ പൊന്നമ്മയുടെ ദേഹത്തേക്ക് പടര്‍ന്നത്. സമീപത്തുണ്ടായവര്‍ രക്ഷപ്പെടുത്താന്‍ ശ്രമിച്ചെങ്കിലും പൊന്നമ്മയുടെ ജീവന്‍ രക്ഷിക്കാനായില്ല.