
ലക്‌നൗ: ഉത്തര്‍പ്രദേശില്‍ 20 അടി താഴ്ചയുള്ള പൊട്ടക്കിണറ്റില്‍ എറിഞ്ഞ ഒരു ദിവസം പ്രായമുള്ള ആണ്‍കുട്ടിയെ രക്ഷപ്പെടുത്തിയതിന് പിന്നാലെ രണ്ടു ദിവസം പ്രായമുള്ള പെണ്‍കുട്ടിയെ കുളത്തില്‍ നിന്നും കണ്ടെത്തി. ബെറെയ്‌ലി ജില്ലയിലെ ഖത്തുവാ ഗ്രാമത്തില്‍ വ്യാഴാഴ്ചയാണ് അത്ഭുതശിശുവിനെ പോളനിറഞ്ഞ കുളത്തില്‍ പൊങ്ങിക്കിടക്കുന്ന നിലയില്‍ കണ്ടെത്തിയത്.
തീരത്ത് നിന്നും 15 അടി താഴ്ചയുള്ള സ്ഥലത്ത് പായലിനുള്ളില്‍ പൊങ്ങിക്കിടക്കുന്ന നിലയില്‍ കുഞ്ഞിനെ കണ്ടെത്തുകയായിരുന്നു. പോളയ്ക്ക് മുകളില്‍ തങ്ങി തല പൊങ്ങി നിന്നതാണ് കുഞ്ഞ് മുങ്ങിപ്പോകാതിരിക്കാന്‍ കാരണമായത്. കുഞ്ഞിനെ ജീവനോടെ രക്ഷിച്ച പോലീസ് ആശുപത്രിയില്‍ ചെക്കപ്പിന് കൊണ്ടുപോകുകയും പിന്നീട് നവാബ്ഗഞ്ചിലെ സാമൂഹ്യാരോഗ്യ കേന്ദ്രത്തിലേക്ക് മാറ്റുകയും ചെയ്തിട്ടുണ്ട്.
ഖാതുവഗ്രാമത്തിലെ മുന്‍ തലവന്‍ വാകീല്‍ അഹമ്മദാണ് കുഞ്ഞിനെ കുളത്തില്‍ കിടക്കുന്ന നിലയില്‍ കണ്ടെത്തിയത്. തന്റെ വയലിലേക്ക് പോകുകയായിരുന്ന ഇയാള്‍ ഉടന്‍ തന്നെ പോലീസിനെ വിളിച്ചു വിവരം പറഞ്ഞ ശേഷം ഉടന്‍ തന്നെ കുഞ്ഞിനെ രക്ഷിക്കുകയും ചെയ്തു. വാര്‍ത്ത പരന്നതോടെ പലരും ഓടിയെത്തുകയും കുഞ്ഞിന്റെ ദൃശ്യങ്ങളും വീഡിയോകളും പകര്‍ത്തുകയും ചെയ്തു. വീഡിയോ സാമൂഹ്യമാധ്യമങ്ങളില്‍ വൈറലാകുകയും ചെയ്തിരുന്നു.