ആറളം ഫാമിൽ ആനമതിലും ഉടൻ സൗരോർജ്ജ തൂക്കുവേലിയും നിർമ്മിക്കണം - കെ. സുധാകരൻ എം പി

ആറളം ഫാമിൽ ആനമതിലും ഉടൻ സൗരോർജ്ജ തൂക്കുവേലിയും  നിർമ്മിക്കണം -  കെ. സുധാകരൻ എം പി 

ഇരിട്ടി: പുനരധിവാസ മേഖലയിൽ കാട്ടാന ഭീഷണി പ്രതിരോധിക്കുന്നതിനായി ശാശ്വത പരിഹാരം എന്ന നിലയിൽ ആനമതിലും താൽക്കാലിക സംഅടിയന്തരമായിവിധാനം എന്ന നിലയിൽ  സൗരോർജ തൂക്കി വേലിയും നിർമ്മിക്കണമെന്ന് കെപിസിസി പ്രസിഡണ്ടും സ്ഥലം എംപിയുമായ കെ. സുധാകരൻ. കാട്ടാനയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ട രഘുവിന്റെ വീട് സന്ദർശിച്ച് മക്കളെയും കുടുംബാംഗങ്ങളെയും ആശ്വസിപ്പിച്ച ശേഷം മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. വൈദ്യുതി പോലുമില്ലാത്ത രഘുവിന്റെ വീടിന്റെ അറ്റകുറ്റപ്പണി കെപിസിസി ഏറ്റെടുക്കും. അടുത്ത ആഴ്ച തന്നെ നവീകരണ പ്രവർത്തി നടത്തുമെന്നും അദ്ദേഹം പറഞ്ഞു. ആറളം പുനരധിവാസ മേഖലയിൽ ഉന്നത വിദ്യാഭ്യാസം നേടിയ കുട്ടികൾ ഉൾപ്പെടെ ഉണ്ടായിട്ടും ജോലി സുരക്ഷിതത്വമില്ല. ഇത് ഒഴിവാക്കാൻ പുനരിധിവാസ മേഖലയിലുള്ളവർക്ക് സ്പെഷ്യൽ റിക്രൂട്ട്മെൻറ് സംവിധാനം ഏർപ്പെടുത്തണം. ഫാമിലെയും പുനരധിവാസ  മേഖലയിലേയും സാധ്യമായ ജോലികളെല്ലാം ഇവർക്ക് നൽകണം. ആറളത്ത് പുനരധിവാസ മേഖലയിലേക്ക് കോടാനുകോടി രൂപ മുടക്കിയെങ്കിലും ഇതിന്റെ  അഞ്ച് ശതമാനം പോലും ഇവർക്ക് പ്രയോജനം ലഭിച്ചതായി കാണുന്നില്ല. ഈ പ്രതിസന്ധിയിൽ എന്താണ് ചെയ്യേണ്ടത് എന്ന് വിദഗ്ധസമിതിയെ നിയോഗിച്ച് പഠിച്ച ശേഷം അടിയന്തരമായി നടപടി ഉണ്ടാക്കണമെന്നും കെ. സുധാകരൻ പറഞ്ഞു.  ഇരിട്ടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് കെ. വേലായുധൻ, മണ്ഡലം കോൺഗ്രസ് കമ്മിറ്റി പ്രസിഡണ്ട് ജിമ്മി അന്ത്യനാട്ട്, മറ്റ് നേതാക്കന്മാരായ വി. ടി. തോമസ്, വി. ശോഭ, സാജു യോമസ്,  വിപിൻസൺ, പി.സി. സോണി, സമീർ പുന്നാട്, കെ. വി. റഷീദ്, വിജയൻ തുടങ്ങിയവരും സുധാകരനൊപ്പം   ഉണ്ടായിരുന്നു.  പായം പഞ്ചായത്ത് പ്രസിഡണ്ട് പി. രജനി, വൈസ് പ്രസിഡണ്ട് അഡ്വക്കേറ്റ് എം. വിനോദ് കുമാർ, മറ്റു മെമ്പർമാരും രഘുവിന്റെ വീട്ടിൽ എത്തി കുടുംബാംഗങ്ങളെ ആശ്വസിപ്പിച്ചു.