സഹോദരന്‍റെ ഭാര്യയുമായി അവിഹിതമില്ലെന്ന് തെളിയിക്കാൻ യുവാവിന് 'അഗ്നിപരീക്ഷ'!

സഹോദരന്‍റെ ഭാര്യയുമായി അവിഹിതമില്ലെന്ന് തെളിയിക്കാൻ യുവാവിന് 'അഗ്നിപരീക്ഷ'!


അന്ധവിശ്വാസങ്ങള്‍ക്കും അനാചാരങ്ങള്‍ക്കുമെതിരെ നിരന്തരം ശബ്ദമുയരുമ്പോഴും ഇത്തരത്തിലുള്ള അനാരോഗ്യകരമായ സംഭവങ്ങളും പ്രവണതകളും നമ്മുടെ നാട്ടില്‍ തുടര്‍ക്കഥയാവുകയാണ്. ഇതിന് തെളിവാവുകയാണ് ഇന്ന് തെലങ്കാനയില്‍ നിന്ന് റിപ്പോര്‍ട്ട് ചെയ്യപ്പെട്ട ഒരു സംഭവം.

സഹോദരന്‍റെ ഭാര്യയുമായി അവിഹിതബന്ധമില്ലെന്ന് തെളിയിക്കാൻ യുവാവിനെക്കൊണ്ട് 'അഗ്നിപരീക്ഷ' നടത്തിയെന്നതാണ് വാര്‍ത്ത. 'അഗ്നിപരീക്ഷ'യെ കുറിച്ച് ഐതിഹ്യങ്ങളിലും മറ്റും പരാമര്‍ശിക്കപ്പെട്ടിട്ടുണ്ട്. മനസിന്‍റെയും ശരീരത്തിന്‍റെയും ശുദ്ധി വ്യക്തമാക്കുന്നതിനായി തീയില്‍ ചവിട്ടുകയും എന്നാല്‍ അപകടമേല്‍ക്കാതെ രക്ഷപ്പെടുകയും ചെയ്താലാണ് 'അഗ്നിപരീക്ഷ' വിജയമാവുക. 

തെലങ്കാനയിലെ ബഞ്ചാരുപള്ളിയിലാണ് അസാധാരണമായ സംഭവം നടന്നിരിക്കുന്നത്. ജ്യേഷ്ഠന്‍റെ ഭാര്യയുമായി അവിഹിത ബന്ധമുണ്ടെന്ന് ആരോപിക്കപ്പെട്ട യുവാവിനെ ഗ്രാമത്തിലെ പഞ്ചായത്ത് ആണ് 'അഗ്നിപരീക്ഷ'യ്ക്ക് വിധേയനാക്കിയത്. സഹോദരന് തന്‍റെ ഭാര്യയുമായി ബന്ധമുണ്ടെന്ന് യുവാവിന്‍റെ ജ്യേഷ്ഠൻ തന്നെയാണത്രേ പഞ്ചായത്തിന് പരാതി നല്‍കിയത്. ഇതെത്തുടര്‍ന്ന്  യുവാവിന്‍റെ നിഷ്കളങ്കത തെളിയിക്കുന്നതിനാണത്രേ ഇത്തരമൊരു പരീക്ഷണരീതി ഇവര്‍ അവലംബിച്ചത്. എന്തായാലും സംഭവത്തിന്‍റെ വീഡിയോ വൈറലായതോടെ ഇത് കാര്യമായ ചര്‍ച്ചകള്‍ക്കാണ് വഴി തെളിച്ചിരിക്കുന്നത്. 

എരിഞ്ഞുകൊണ്ടിരിക്കുന്ന കനലിന് നടുക്കായി ഒരു ഇരുമ്പ് ദണ്ഡ് വച്ചിരിക്കുകയാണ്.  കനലിലൂടെ നടന്നുചെന്ന് ഈ ഇരുമ്പ് ദണ്ഡ് എടുത്തുമാറ്റാനാണ് യുവാവിനോട് നിര്‍ദേശിച്ചിരിക്കുന്നത് എന്നാണ് വീഡിയോയിലൂടെ ലഭിക്കുന്ന സൂചന. ഇദ്ദേഹമിങ്ങനെ ചെയ്യുന്നതും വീഡിയോയില്‍ കാണാം. ദണ്ഡടെുക്കാൻ പോകുന്നതിന് മുമ്പായി കനല്‍ കൂട്ടിയിട്ടതിന് ചുറ്റിലും കൈ കൂപ്പിക്കൊണ്ട് വലംവയ്ക്കുകയും ചെയ്യുന്നുണ്ട്. സ്ഥലത്ത് കൂടി നിന്നിരുന്നവര്‍ ഉയര്‍ന്ന ശബ്ദത്തില്‍ ഇദ്ദേഹത്തിന് നിര്‍ദേശങ്ങള്‍ നല്‍കുന്നതും വീഡിയോയില്‍ കേള്‍ക്കാം. 

അതേസമയം യുവാവിന്‍റെ 'അഗ്നിപരീക്ഷ'യില്‍ പഞ്ചായത്ത് സംതൃപ്തരായില്ലെന്നും യുവാവ് തെറ്റ് ചെയ്തുവെന്ന നിഗമനത്തില്‍ തന്നെ ഇവര്‍ തുടര്‍ന്നു എന്നുമാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. എന്നാല്‍ ഇതിന് പിന്നാലെ ഇദ്ദേഹത്തിന്‍റെ ഭാര്യ പരാതിയുമായി പൊലീസിനെ സമീപിക്കുകയും ചെയ്തിട്ടുണ്ട്. 

പലപ്പോഴും രാജ്യത്തെ പലയിടങ്ങളില്‍ നിന്ന്, പ്രത്യേകിച്ച്  ഗ്രാമപ്രദേശങ്ങളില്‍ നിന്ന് ഇത്തരത്തിലുള്ള പ്രാകൃതമായ ശിക്ഷാരീതികളും അനാചാരങ്ങളും നിലനില്‍ക്കുന്നതിന്‍റെ തെളിവായി പല സംഭവങ്ങളും റിപ്പോര്‍ട്ട് ചെയ്യപ്പെടാറുണ്ട്. എങ്കില്‍പ്പോലും ഇപ്പോഴും ഇങ്ങനെയുള്ള അനാരോഗ്യകരമായ പ്രവണതകള്‍ തുടരുന്നുവെന്നത് തന്നെയാണ് ഈ സംഭവവും വ്യക്തമാക്കുന്നത്.