പകയോടെ പാഞ്ഞെത്തി, വിദ്യാർത്ഥികളുടെ മുന്നിൽ വെച്ച് അധ്യാപികയുടെ ഷാൾ വലിച്ചുകീറി അധ്യാപകൻ'; ഒളിവിൽ.

'പകയോടെ പാഞ്ഞെത്തി, വിദ്യാർത്ഥികളുടെ മുന്നിൽ വെച്ച് അധ്യാപികയുടെ ഷാൾ വലിച്ചുകീറി അധ്യാപകൻ'; ഒളിവിൽ.

ഇടുക്കി: വിദ്യാര്‍ത്ഥികളുടെ മുന്നില്‍ വെച്ച് സഹ അധ്യാപകന്‍ അപമര്യാദയായി പെരുമാറിയെന്ന പരാതിയുമായി അധ്യാപിക. ഇരുമ്പുപാലം സര്‍ക്കാർ എല്‍പി സ്കൂളിലെ താത്കാലിക അധ്യാപികയുടെ  പരാതിയില്‍ അടിമാലി പോലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി. ആരോപിതനായ അധ്യാപകൻ ഒളിവിലാണെന്ന് പൊലീസ് പറയുന്നു.

ഇരുമ്പുപാലം എല്‍പി സ്കൂളിലെ സീനിയര്‍ അസിസ്റ്റന്റായ ഷെമീമിനെതിരെയാണ് പരാതി. സ്കൂളിലെ താത്കാലിക അധ്യാപികയാണ് പരാതിക്കാരി. ഷമീം മോശമായി പെരുമാറുന്നുവെന്ന് താത്കാലിക അധ്യാപിക നേരത്തെ തന്നെ ഹെഡ്‌മാസ്റ്റർക്ക് പരാതി നൽകിയിരുന്നു. ഹെഡ്മാസ്റ്റർ ഇക്കാര്യത്തിൽ ഷമീമിനോട് വിശദീകരണം തേടി. ഇതിന്‍റെ പകയാണ് അക്രമത്തിന് കാരണമെന്നാണ് ആരോപണം. അധ്യാപിക ക്ലാസെടുത്തുകൊണ്ടിരിക്കെ ക്ലാസ്മുറിയിലേക്ക് പാഞ്ഞെത്തിയ ഷമീം വിദ്യാർത്ഥികളുടെ മുന്നിൽ വെച്ച് അധ്യാപികയുടെ ഷാള്‍ വലിച്ചുകീറി അപമാനിച്ചുവെന്നാണ് പരാതി. കഴിഞ്ഞ ഫെബ്രുവരി പതിനഞ്ചിനായിരുന്നു സംഭവം

സംഭവത്തിൽ പോലീസ് പട്ടിക ജാതി പട്ടിക വർഗ പീഡന നിരോധന നിയമത്തിലെ വകുപ്പുകൾ അടക്കം ചേരർത്ത് കേസെടുത്തിരുന്നു. എന്നാൽ പ്രതിയായ അധ്യാപകൻ ഷമീമിനെ ഒരു മാസത്തോളം കഴിഞ്ഞിട്ടും പിടികൂടാനായില്ല.  പ്രതിയെ പിടിക്കാൻ പൊലീസ് ശ്രമിക്കുന്നില്ലെന്നാണ് നീതുവിന്റെ പരാതി. കേസിൽ അന്വേഷണം നടക്കുന്നുവെന്നാണ് അടിമാലി പോലീസിന‍്റെ വിശദീകരണം. കുറ്റാരോപിതനായ അധ്യാപകൻ ഷമീം ഒളിവിലാണെന്നും ഇയാളെ കണ്ടെത്താന്‍ ശ്രമിക്കുന്നുണ്ടെന്നും പോലീസ് അറിയിച്ചു.