
തിരുവനന്തപുരം: ഭാര്യയുടെ അമ്മൂമ്മയെ കട്ടിലിൽ മരിച്ച നിലയിൽ കണ്ടെത്തിയെന്നുള്ള യുവാവിന്‍റെ പരാതിയില്‍ അന്വേഷണം തുടങ്ങിയ പൊലീസ് കണ്ടെത്തിയത് ഞെട്ടിക്കുന്ന വിവരങ്ങള്‍. മൃതദേഹം പോസ്റ്റ്മോര്‍ട്ടം ചെയ്തപ്പോള്‍ വൃദ്ധ നേരിട്ട കൊടിയ പീഡനത്തിന്‍റെ തെളിവുകളാണ് പൊലീസിന് ലഭിച്ചത്. ഒടുവില്‍ പരാതിപ്പെട്ട യുവാവിനെ കസ്റ്റഡിയിൽ എടുത്ത് ചോദ്യം ചെയ്തപ്പോള്‍ വൃദ്ധയെ ക്രൂരമായി മർദ്ദിച്ച് കൊലപ്പെടുത്തിയെന്നുള്ള കുറ്റസമ്മതം കേട്ട് പൊലീസും ഞെട്ടി.
ഭാര്യ ഗർഭിണിയായതോടെ കാഴ്ച പരിമിതിയുള്ള അമ്മൂമ്മയെ പരിചരിക്കാൻ കഴിയാത്തത് കൊണ്ടാണ് കൊലപാതം നടത്തിയതെന്നാണ് യുവാവ് പൊലീസിനോട് തുറന്ന് പറഞ്ഞത്. ബാലരാമപുരം മേക്കേക്കര തലയൽ ബിന്ദു ഭവനിൽ സുഗുണാ ദേവിയെ (67) മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിലാണ് ചെറുമകളുടെ ഭർത്താവ് നന്ദകുമാർ (25) ബാലരാമപുരം പൊലീസിന്‍റെ പിടിയിലായത്. വ്യാഴാഴ്ച വൈകിട്ട് മൂന്നരയോടെ ആണ് സംഭവം.
ഭക്ഷണം നല്‍കാൻ ചെല്ലുമ്പോൾ സുഗുണാ ദേവിയെ കട്ടിലിൽ അനക്കമില്ലാതെ കിടക്കുന്നതായി കണ്ടെത്തിയെന്നും തുടർന്ന് മരണം സ്ഥിരീകരിച്ചതായുമാണ് നന്ദകുമാർ ബാലരാമപുരം പൊലീസിൽ വിവരം നൽകിയത്. എന്നാൽ മരണത്തിൽ സുഗുണാ ദേവിയുടെ മകൻ ഉൾപ്പെടെ ബന്ധുക്കൾ സംശയം ഉന്നയിച്ചതോടെ മൃതദേഹം പോസ്റ്റ്മോർട്ടം നടപടികൾക്കായി തിരുവനന്തപുരം മെഡിക്കൽ കോളേജിലേക്ക് മാറ്റി. മൃതദേഹം പോസ്റ്റ്മോർട്ടം നടത്തിയപ്പോഴാണ് കൊലപാതകത്തിന്‍റെ ചുരുൾ അഴിയുന്നത്.
സുഗുണാ ദേവിയുടെ വാരിയെല്ലുകൾ പൊട്ടിയ നിലയിലായിരുന്നു. തലച്ചോറിന് ക്ഷതം ഏറ്റതായും കഴുത്തിൽ പാടുകൾ ഉള്ളതായും ഡോക്ടർമാർ പൊലീസിന് വിവരം നൽകി. തുടർന്നാണ് നന്ദകുമാറിനെ ബാലരാമപുരം പൊലീസ് കസ്റ്റഡിയിൽ എടുക്കുന്നത്. നന്ദകുമാറിനെ ചോദ്യം ചെയ്തപ്പോഴാണ് കൊലപാതകം ആണെന്ന് തെളിയുന്നത്. നന്ദകുമാറിന്‍റെ ഭാര്യ ഗായത്രിയുടെ അമ്മയുടെ അമ്മയാണ് മരിച്ച സുഗുണാ ദേവി. നന്ദകുമാറും ഗായത്രിയും ഇവരുടെ കുഞ്ഞും സുഗുണാ ദേവിയോടൊപ്പമാണ് താമസിച്ചിരുന്നത്. കാഴ്ചക്കുറവും മറ്റ് അസുഖങ്ങളും ഉണ്ടായിരുന്ന സുഗുണാ ദേവിയെ മകനും മറ്റ് ബന്ധുക്കളും ഏറ്റെടുക്കാൻ തയ്യാറാകാത്തതില്‍ നന്ദകുമാറിന് വൈരാഗ്യമുണ്ടായിരുന്നു.
ഗായത്രി എട്ട് മാസം ഗര്‍ഭിണിയായതോടെ അമ്മൂമ്മയെ നോക്കാൻ കഴിയാത്തതിനാലുമാണ് കൊലപാതകമെന്ന് പ്രതി പൊലീസിനോട് പറഞ്ഞു. രണ്ട് മാസമായി നന്ദകുമാർ സുഗുണാ ദേവിയെ ദേഹോപദ്രവമേല്‍പ്പിക്കുമയിരുന്നു എന്ന് പൊലീസ് പറയുന്നു. ബുധനാഴ്ച രാത്രി ഏഴ് മണിയോടെ ജോലി കഴിഞ്ഞെത്തിയ നന്ദകുമാർ സുഗുണാ ദേവിയുമായി വാക്കുതർക്കമുണ്ടായി.
ഇതിന്‍റെ ദേഷ്യത്തില്‍ വൃദ്ധയുടെ നെഞ്ചിൽ ചവിട്ടുകയും സ്ക്രൂ ഡ്രൈവർ കൊണ്ട് തലയ്ക്കടിച്ച് മുറിവേല്‍പ്പിക്കുകയും ചെയ്തു. ഇരുമ്പു കട്ടിലിന്‍റെ കാല് പിടിച്ച് വലിച്ച് തലയിലടിക്കുകയും കൈ കൊണ്ട് വായും മൂക്കും പൊത്തിപ്പിടിച്ച് ശ്വാസം മുട്ടിക്കുകയും തോർത്തു കൊണ്ട് കഴുത്തിൽ ഞെരിക്കുകയും ചെയ്തതായി പ്രതി പൊലീസിനോട് പറഞ്ഞു. പ്രതിയുടെ അറസ്റ്റ് രേഖപ്പെടുത്തി തുടർ നടപടികൾ സ്വീകരിക്കുമെന്ന് ബാലരാമപുരം പൊലീസ് പറഞ്ഞു.