ആറളം ഫാം പുനരധിവാസ മേഖലയിൽ ഇനിയൊരു കുടുംബവും അനാഥമാവാതിരിക്കാൻ ശ്രമം നടത്തും - സ്പീക്കർ

ആറളം ഫാം പുനരധിവാസ മേഖലയിൽ ഇനിയൊരു കുടുംബവും അനാഥമാവാതിരിക്കാൻ ശ്രമം നടത്തും -  സ്പീക്കർ



ഇരിട്ടി: ആറളം ഫാമിൽ കാട്ടാന ആക്രമത്തിൽ ഇനിയൊരു കുടുംബവും അനാഥമാവാതിരിക്കാൻ സർക്കാരിൽ ഇടപെടലുകൾ നടത്തുമെന്ന് സ്പീക്കർ എ. എൻ. ഷംസീർ പറഞ്ഞു. ഫാം പുനരധിവാസ മേഖലയിലെ  ബ്ലോക്ക് പത്തിൽ കഴിഞ്ഞ ദിവസം കാട്ടാനയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ട രഘുവിൻ്റെ വീട് സന്ദർശിച്ച് മക്കളേയും കുടുംബാംഗങ്ങളെയും ആശ്വസിപ്പിച്ച ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു സ്പീക്കർ. ഞായറാഴ്ച  തന്നെ മുഖ്യമന്ത്രിയെ കാണും. തിങ്കളാഴ്ച  നിയമസഭ സമ്മേളനത്തിൻ്റെ ഇടവേളയിൽ വനം മന്ത്രിയേയും, ധനമന്ത്രിയേയും ബന്ധപ്പെട്ട ഉദ്യോഗസ്ഥരേയും, സ്ഥലം എം എൽ എ യേയും ഉൾപ്പെടുത്തി യോഗം ചേർന്ന് തീരുമാനം എടുക്കും. ആന മതിലും അതിന് മുൻപ് സൗരോർജ തൂക്ക് വേലിയും വേണമെന്നാണ് താമസക്കാർ ആവശ്യപ്പെട്ടത്. കാട്ടാന ശല്യം അവസാനിപ്പിക്കുന്നതിനായി മനുഷ്യ സാധ്യമായതെല്ലാം ചെയ്യും. രഘുവിൻ്റെ മക്കളുടെ സംരക്ഷണം സർക്കാർ തലത്തിൽ ഏറ്റെടുക്കാനുള്ള നടപടികൾ ആരംഭിച്ചതായും സ്പീക്കർ പറഞ്ഞു.  കുടുബാഗങ്ങളെ സന്ദർശിച്ചപ്പോൾ വനം വകുപ്പ് ഉദ്യോഗസ്ഥരുടെ ജാഗ്രത കുറവും ഫാമിൽ സ്ഥിരം ശല്യക്കാരായ മോഴ ആനയെയും കല്ലേരി കൊമ്പനേയും ഫാമിൽ നിന്ന് പിടികൂടി വനത്തിൽ വിടണമെന്നും പ്രദേശവാസികൾ ആവശ്യപ്പെട്ടു. ഇക്കാര്യവും മന്ത്രിമാരുടെ ചർച്ചയിൽ ഉൾപ്പെടുത്തുമെന്നും സ്പീക്കർ ഉറപ്പ് നൽകി.
സ്പീക്കർക്കൊപ്പം സിപിഎം നേതാക്കളായ കെ. ശ്രീധരൻ, കെ. വി. സക്കീർ ഹുസൈൻ, കെ. ജി. ദിലീപ്, ഇ.എസ്. സത്യൻ, കെ. കെ. ജനാർദ്ദനൻ, പി. കെ. രാമചന്ദ്രൻ, ആറളം പഞ്ചായത്ത് പ്രസിഡണ്ട് കെ. പി. രാജേഷ്, വാർഡ് മെമ്പർ മിനി ദിനേശൻ തുടങ്ങിയവരും ഉണ്ടായിരുന്നു.