
ദില്ലി: പഞ്ചാബിലെ മൻസയിൽ ബൈക്കിലെത്തിയ അജ്ഞാതരുടെ വെടിയേറ്റ് ആറുവയസ്സുകാരന് ദാരുണാന്ത്യം. അച്ഛനും സഹോദരിക്കുമൊപ്പം നടന്നു പോകുമ്പോഴാണ് അജ്ഞാതർ വെടിയുതിർത്തത്. പോലീസ് അന്വേഷണം ആരംഭിച്ചു. മൂന്ന് പ്രതികളിൽ രണ്ട് പേർ കസ്റ്റഡിയിലുണ്ടെന്നാണ് വിവരം. വ്യക്തിവൈരാഗ്യത്തെ തുടർന്നുള്ള കൊലപാതകമാണെന്ന് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.
വ്യാഴാഴ്ച വൈകീട്ട് എട്ട് മണിയോടെയാണ് സംഭവം. 35 കാരനായ ജസ്പ്രീത് സിംഗ് തന്റെ എട്ട് വയസുള്ള മകൾക്കും ആറ് വയസുള്ള മകനുമൊപ്പം വീട്ടിലേക്ക് നടന്നുപോവുകയായിരുന്നു. ഈ സമയത്ത് ബൈക്കിലെത്തിയ സംഘം ജസ്പ്രീതിന് നേരെ വെടിയുതിർക്കുകയായിരുന്നു. എന്നാൽ വെടിയേറ്റത് ജസ്പ്രീതിന്റെ മക്കൾക്കായിരുന്നു. മകൻ മരിക്കുകയും മകൾക്ക് പരിക്കേൽക്കുകയും ചെയ്തു.
അമ്രിക് സിങ്, സേവക് സിങ്, ഛന്നി എന്നിവർ തന്നെ നിരന്തരം ഭീഷണിപ്പെടുത്തുന്നതായി ജസ്പ്രീത് നേരത്തെ പൊലീസിനോട് പരാതിപ്പെട്ടിരുന്നു. ഇവർ തമ്മിൽ എന്താണ് തർക്കമെന്ന വിവരം ഇതുവരെ പുറത്തുവിട്ടിട്ടില്ല. സംഭവം സംസ്ഥാനത്ത് രാഷ്ട്രീയ കക്ഷികൾ ഏറ്റെടുത്തു. സർക്കാരിനും പൊലീസിനുമെതിരെ പ്രതിഷേധം ഉയർന്നിട്ടുണ്ട്.