സ്കൂട്ടറിൽ യുവതികൾ, പെട്ടന്ന് വലത്തേക്ക് തിരിഞ്ഞു, ലോറിയിലിടിച്ച് അപകടം; രക്ഷകനായി ട്രാഫിക്ക് പൊലീസുകാരൻ

സ്കൂട്ടറിൽ യുവതികൾ, പെട്ടന്ന് വലത്തേക്ക് തിരിഞ്ഞു, ലോറിയിലിടിച്ച് അപകടം; രക്ഷകനായി ട്രാഫിക്ക് പൊലീസുകാരൻ


കോഴിക്കോട്: റോഡ‍പകടങ്ങളിൽ ബോധവത്കരണത്തിന് വേണ്ട ഇടപെടലുകളാണ് കേരള പൊലീസിന്‍റെ സോഷ്യൽ മീഡിയ പേജുകളിൽ കൂടുതലായും കാണാറുള്ളത്.  അപ്രതീക്ഷിതമായുണ്ടായ ഒരു അപകടത്തിന്‍റെ വീഡിയോ ആണ് ഇപ്പോൾ കേരള പൊലീസ് പങ്കുവച്ചിരിക്കുന്നത്. കോഴിക്കോട്  മലാപ്പറമ്പ് ജംഗ്ഷനില്‍ ഉണ്ടായ അപകടത്തിന്‍റെ വീഡിയോ ആരെയും ഞെട്ടിക്കുന്നതാണ്. തിരക്കുള്ള റോഡിൽ സ്കൂട്ടറിൽ ലോറി ഇടിച്ചാണ് അപകടം ഉണ്ടായത്. ലോറിയുടെ ഇടതുവശത്തുണ്ടായിരുന്ന സ്ത്രീകൾ സഞ്ചരിച്ച സ്കൂട്ടറാണ് അപകടത്തിൽപ്പെട്ടത്. എന്നാൽ ഓടിയെത്തിയ ട്രാഫിക് പൊലീസുകാരൻ യുവതികളെ വലിയ അപകടത്തിൽ നിന്ന് രക്ഷിച്ചത്.


അപകടത്തിൽപ്പെട്ടവരെ സമയോചിതമായ ഇടപെടലിലൂടെ രക്ഷിച്ച കോഴിക്കോട് സിറ്റി ട്രാഫിക്കിലെ പൊലീസുകാരൻ രഞ്ജിത്ത് ലിജേഷിനെ അഭിനന്ദിച്ച കേരള പൊലീസ് ഫേസ്ബുക്ക് കുറിപ്പിൽ, തിരക്കുള്ള റോഡിൽ നടന്ന ഈ അപകടത്തിന് ഇടയാക്കിയ കാരണങ്ങൾ എന്താണ് എന്ന ചോദ്യം കൂടിയാണ് ഉയർത്തിയിട്ടുള്ളത്. ലോറിക്ക് മുന്നിലുണ്ടായിരുന്ന സ്കൂട്ടറിലെ യാത്രക്കാർ സിഗ്നൽ ഇട്ടാണ് വലത്തേക്ക് തിരിഞ്ഞത്. എന്നാൽ ലോറിക്ക് തൊട്ടടുത്തായിരുന്നതിനാൽ ഡ്രൈവർക്ക് അത് കാണാനാകുമോ എന്ന സംശയമാണ് പലരും ഉന്നയിക്കുന്നത്. ഇത്തരം സാഹചര്യങ്ങൾ കൂടുതൽ ശ്രദ്ധ രണ്ടുകൂട്ടരും പുലർത്തണം എന്നും ചിലർ ചൂണ്ടികാണിക്കുന്നു.