വാഗ്ദാനങ്ങൾ പാഴ്വാക്കുകളാകുമ്പോൾ കാട്ടാനച്ചവിട്ടേറ്റ് മരിക്കുന്നത് പാവപ്പെട്ട ആദിവാസികൾ

വാഗ്ദാനങ്ങൾ പാഴ്വാക്കുകളാകുമ്പോൾ കാട്ടാനച്ചവിട്ടേറ്റ് മരിക്കുന്നത് പാവപ്പെട്ട ആദിവാസികൾ

 
ഇരിട്ടി: ആറളം ഫാമിൽ 9 വർഷത്തിനിടയിൽ  വീണ്ടും  കാട്ടാനയുടെ അക്രമത്തിൽ ഒരാൾകൂടി  കൊല്ലപ്പെടുമ്പോൾ കാണാൻ കഴിയുന്നത്  ജില്ലാ ഭരണകൂടത്തിന്റെയും വനം വകുപ്പിന്റെയും പ്രഖ്യാപനങ്ങളെല്ലാം പാഴ്വാക്കായി മാറുന്നതാണ്. കഴിഞ്ഞ വർഷം  ജൂലൈ 14 ന് ബ്ലോക്ക് 7 ൽ പുതുശ്ശേരി ദാമു കൊല്ലപ്പെട്ടപ്പോൾ ഉണ്ടായ ജനകീയ രോഷം തണുപ്പിക്കാൻ  ജില്ലാ കളക്ടർ എസ്. ചന്ദ്രശേഖരൻ നേരിട്ടെത്തി യോഗം വിളിച്ചിരുന്നു. മണിക്കൂറുകൾ നീണ്ട യോഗത്തിൽ ആനകളെ ഉടൻ കാട്ടിലേക്ക് തുരത്തുമെന്ന്  ഉറപ്പ് നൽകിയിരുന്നു. തുരത്തൻ ശ്രമം തുടങ്ങിയെങ്കിലും വിജയിച്ചില്ല. അന്നത്തെ അതേ  സാഹചര്യത്തിൽ എഴുപതോളം ആനകൾ ഇപ്പോഴും ഫാമിലുണ്ട്. വനം വകുപ്പിന്റെ ആർ ആർ ടി ടീമിന് പുറമേ 3 വാഹനങ്ങൾ കൂടി പരിശോധനക്കെത്തുമെന്നും കൂടുതൽ വനപാലകരെ നിയോഗിക്കുമെന്നും പറഞ്ഞെങ്കിലും ഒന്നുമുണ്ടായില്ല.  താമസക്കാരുടെ പ്രശ്നങ്ങൾ പരിഹരിക്കാൻ കളക്ടർ ഓഗസ്റ്റ് മുതൽ ക്യാമ്പുകൾ നടത്തുമെന്ന് പറഞ്ഞിരുന്നെങ്കിലും നടന്നില്ല. കാട് വെട്ടിത്തെളിക്കുന്നതിനു നടപടി ഉണ്ടാകുമെന്നു പറഞ്ഞെങ്കിലും വാഗ്ദാനത്തിൽ ഒതുങ്ങി. അക്രമകാരികളായ ആനകളെ മയക്കുവെടി വെച്ച് തളച്ച് പുനരധിവാസ മേഖലയിൽ നിന്നും മാറ്റുമെന്ന് പറഞ്ഞെങ്കിലും അതും പാഴ്വാക്കായി. ഫാമിനകത്തു നെറ്റ് വർക്ക്‌ റേഞ്ചിനായി മൊബൈൽ ടവറുകൾ സ്ഥാപിക്കാൻ കമ്പനികളോട് ആവശ്യപ്പെടുമെന്നു പറഞ്ഞതും നടന്നില്ല. ആന മതിൽ തന്നെ സ്ഥാപിക്കാൻ ശുപാർശ നൽകുമെന്നും താത്കാലികമായി സോളാർ വേലി സ്ഥാപിക്കാൻ ശ്രമമുണ്ടാകുമെന്നും പറഞ്ഞെങ്കിലും വീണ്ടും ഒരു സംഘമെത്തി സർവേ നടത്തിയതല്ലാതെ  ആനയുടെ അക്രമങ്ങളെ പ്രതിരോധിക്കുന്നതിനുള്ള ഒരു  നടപടികളും ഉണ്ടായില്ല. പന്ത്രണ്ടാമത്തെ  ആളാണ് ഇപ്പോൾ ആറളം ഫാമിൽ കൊല്ലപ്പെട്ടത്.  ജനുവരി 31 ന് ഫാമിലെ ചെത്തു തൊഴിലാളി മട്ടന്നൂർ കൊളപ്പ പാണലാട്ടെ റിജേഷ്  കൊല്ലപ്പെട്ടതിനെത്തുടർന്ന് ഫിബ്രവരി ഏഴിന് മൂന്നു മന്ത്രിമാർ ആറളം ഫാമിലെത്തി കർമ്മപദ്ധതികൾ രൂപീകരിച്ചെങ്കിലും ഒന്നും നടന്നില്ല. ആനവേലി നിർമ്മിക്കുമെന്ന് മന്ത്രിമാർ പറഞ്ഞപ്പോൾ ഇതിനു വിരുദ്ധമായി വനം വിദഗ്ധ സമിതി ഹൈക്കോടതിയിൽ റിപ്പോർട്ട് നൽകിയതിനെത്തുടർന്ന് സോളാർ വേലി നിർമ്മിച്ചാൽ മതി എന്ന ഉത്തരവ് ഉണ്ടാവുകയും ചെയ്തു. ഇത്തരം നിരവധി നടകങ്ങൾ അധികൃതരുടെ ഭാഗത്തു നിന്നും ഉണ്ടാകുമ്പോഴും പുനരധിവാസ മേഖലയിൽ നിരവധി വാഗ്ദാനങ്ങൾ നൽകി പാർപ്പിച്ച പാവപ്പെട്ട ആദിവാസികളെ കാട്ടാനക്കു മുന്നിൽ കൊലക്കുകൊടുത്ത് കാഴ്ചക്കാരായി മാറിനിൽക്കുകയാണ് ഇപ്പോഴും അധികൃതർ .