അടിച്ച് ഫിറ്റായി ചടങ്ങിനിടെ മണ്ഡപത്തില്‍ ഉറങ്ങി വീണ് വരന്‍; വിവാഹത്തില്‍ പിന്മാറിയ വധു, കേസും കൊടുത്തു

അടിച്ച് ഫിറ്റായി ചടങ്ങിനിടെ മണ്ഡപത്തില്‍ ഉറങ്ങി വീണ് വരന്‍; വിവാഹത്തില്‍ പിന്മാറിയ വധു, കേസും കൊടുത്തു


ഹൈദരാബാദ് : വിവാഹ ചടങ്ങുകള്‍ പുരോഗമിക്കുന്നതിനിടെ മദ്യപിച്ച ലക്കുകെട്ട് ഉറങ്ങിപ്പോയ വരനുമായുള്ള വിവാഹത്തില്‍ നിന്ന് പിന്മാറി വധു. കാര്‍മ്മികന്‍ മന്ത്രങ്ങള്‍ ഉരുവിടാന്‍ ആവശ്യപ്പെട്ടപ്പോള്‍ അതിന് പോലും സാധിക്കാതെ മണ്ടപത്തില്‍ തന്നെ കിടന്നുറങ്ങുകയായിരുന്നു വരന്‍ ചെയ്തത്. അസമിലെ നല്ലബാരിയിലാണ് സംഭവം. വ്യാഴാഴ്ച പതിനൊന്ന് മണിക്കായിരുന്നു മുഹൂര്‍ത്തം.

കാര്‍മ്മികനും ബന്ധുക്കളും വിളിച്ചിട്ടും വരന്‍ ഉണരാതെ വരികയും മദ്യത്തിന്‍റെ മണം മണ്ഡപത്തില്‍ വ്യാപിക്കുകയും ചെയ്തതിന് പിന്നാലെ പൊലീസ് സ്റ്റേഷനിലെത്തിയ വധു യുവാവില്‍ നിന്ന് നഷ്ടപരിഹാരം ആവശ്യപ്പെട്ട് പരാതിയും ഫയല്‍ ചെയ്തു. വരനും ബന്ധുക്കളും മദ്യപിച്ചാണ് മണ്ഡത്തിലെത്തിയതെന്നാണ് വധുവിന്‍റെ കുടുംബം ആരോപിക്കുന്നത്.  വരന് കാറില്‍ നിന്നിറങ്ങാന്‍ പോലും സാധിക്കാത്ത സ്ഥിതിയായിരുന്നുവെന്നും വരന്‍റെ കൂട്ടരില്‍ ഏറിയ പങ്കും മദ്യപിച്ചിരുന്നുവെന്നും വരന്‍റെ പിതാവ് വരനേക്കാളും ഫിറ്റായ നിലയിലായിരുന്നുവെന്നുമാണ് വധുവിന്‍റെ വീട്ടുകാര്‍ ആരോപിക്കുന്നത്.

വിവാഹം പൂര്‍ത്തിയാക്കാന്‍ സാധ്യമായതെല്ലാം ചെയ്തുവെന്നും വരന്‍ മണ്ഡപത്തില്‍ കിടന്നുറങ്ങിയതോടെ ഈ ശ്രമങ്ങളെല്ലാം പാഴായെന്നും ഇവര്‍ പറയുന്നു. വരന്‍ ഉറങ്ങുക കൂടി ചെയ്തതോടെ ഈ വിവാഹം നടക്കില്ലെന്ന് വധു പ്രഖ്യാപിക്കുകയായിരുന്നു. 

തെലങ്കാനയില്‍ കഴിഞ്ഞ ദിവസം ഭാര്യാ പിതാവ് തന്‍റെ വിവാഹത്തിന് സ്വര്‍ണ്ണം തന്നില്ലെന്നും ഇനിയെങ്കിലും തനിക്ക് സ്ത്രീധനമായി അല്പം സ്വര്‍ണ്ണം വേണമെന്നും ആവശ്യപ്പെട്ട് യുവാവ് വൈദ്യുതി പോസ്റ്റില്‍ കയറിയിരുന്നു. വിവാഹം കഴിഞ്ഞ് ഇതിനകം 12 വര്‍ഷങ്ങള്‍ പിന്നിട്ടിരുന്നു. ഇത്രയും വര്‍ഷങ്ങള്‍ക്ക് ശേഷമാണ് ശേഖര്‍ സ്ത്രീധനമായി സ്വര്‍ണ്ണം ആവശ്യപ്പെട്ട് ഈ കടുംകൈ ചെയ്തത്.

വിവാഹ സമയത്ത് ഭാര്യാ പിതാവിന് മരുമകന് സ്ത്രീധനം കൊടുക്കാനുള്ള സാമ്പത്തിക ഭദ്രതയുണ്ടായിരുന്നില്ല. എങ്കിലും മകളുടെ വിവാഹം അദ്ദേഹം നടത്തി. തനിക്ക് സ്ത്രീധനം ലഭിക്കാത്തതിനെ കുറിച്ച് യുവാവ്  പല തവണ ഭാര്യയോടെ പരാതി പറഞ്ഞിരുന്നു. എന്നാല്‍, ഓരോ തവണയും അത് തന്നെ കൊണ്ട് ആവുന്നതല്ലെന്നായിരുന്നു അവരുടെ മറുപടി. കഴിഞ്ഞ 12 വര്‍ഷമായി  തനിക്ക് ലഭിക്കാതെ പോയ സ്ത്രീധനത്തിന്‍റെ ദുഃഖത്തിലായിരുന്നു. ഒടുവിലാണ് തന്‍റെ പ്രതിഷേധം രേഖപ്പെടുത്താന്‍ ഇത്തരമൊരു മാര്‍ഗം സ്വീകരിച്ചത്