ഗുരുഗ്രാം∙ തലയില്ലാതെ, രണ്ടു കാലുകളും വെട്ടിമാറ്റി പകുതി കത്തിക്കരിഞ്ഞ നിലയിൽ സ്ത്രീയുടെ മൃതദേഹം കൃഷിയിടത്തിലെ കെട്ടിടത്തില്‍ കണ്ടെത്തിയ കേസ് തെളിയിക്കുന്നിതിന് നിർണായകമായത് ഒരു പോളീത്തീൻ ബാഗ്. ഈ മാസം 21 ന് മാന്യസർ ഗ്രാമത്തിലാണ് മൃതദേഹം കണ്ടെത്തിയത്. സ്ത്രീയുടെ ഭർത്താവും നാവിക സേനയിലെ മുൻ പാചകക്കാരനുമായ ജിതന്ദേർ എന്ന 34 കാരനാണ് കൊലപാതകം നടത്തിയതെന്നു പിന്നീട് കണ്ടെത്തി. തന്‍റെ അവിഹിത ബന്ധം ഭാര്യ തിരിച്ചറിഞ്ഞത് കൊണ്ടാണ് കൊലപാതകം നടത്തിയതെന്ന് പ്രതി സമ്മതിച്ചു.തലയില്ലാത്ത ഉടൽ കണ്ടെത്തിയ മുറിയിൽ നടത്തിയ പരിശോധനയിൽ ഒരു പോളീത്തീൻ ബാഗ് പോലീസിന് ലഭിച്ചിരുന്നു. ഈ ബാഗ് കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിൽ ബാഗ് വിശാഖപട്ടണത്തുള്ള കമ്പനി നിർമിക്കുന്നതാണെന്ന് കണ്ടെത്തി. സ്ഥാപനവുമായി ബന്ധപ്പെട്ടപ്പോൾ ഇത്തരം പോളീത്തീൻ ബാഗുകൾ ഇന്ത്യൻ നേവിക്കാണ് നൽകുന്നതെന്ന് മനസിലായത് വഴിതിരിവായെന്ന് ഡിസിപി പ്രതാപ് സിങ് പറഞ്ഞു.
സമീപ ദിവസങ്ങളിൽ കാണാതായവരുടെ വിവരങ്ങൾ തേടിയപ്പോഴാണ് 28 വയസ്സുള്ള സോണിയ ശർമ്മയെ കാണാതായെന്ന് ഭർത്താവ് ജിതേന്ദർ നൽകിയ പരാതിയിൽ പൊലീസിന് സംശയം തോന്നിയത്. ട്രോളി ബാഗും പൊതിഞ്ഞുകെട്ടിയ ബാക്ക്പായ്ക്കുമായി ബൈക്കിൽ പോകുന്ന ജിതേന്ദറിന്‍റെ സിസിടിവി ദൃശ്യങ്ങൾ പൊലീസ് ശേഖരിച്ചു. തിരിച്ചു വരുന്ന വേളയിൽ ബാക്ക്പായ്ക്ക് ശൂന്യമാണെന്ന് പൊലീസ് ദൃശ്യങ്ങളിൽ നിന്നു മനസിലാക്കി. തുടർന്ന് നടത്തിയ ചോദ്യം ചെയ്യലിൽ പ്രതി കുറ്റം സമ്മതിച്ചു. തന്‍റെ അവിഹിത ബന്ധം ഭാര്യ തിരിച്ചറിഞ്ഞത് കൊണ്ടാണ് കൊലപാതകം നടത്തിയതെന്നും രഹസ്യമായി മറ്റൊരു സ്ത്രീയെ വിവാഹം ചെയ്തുവെന്നും ജിതേന്ദർ മൊഴി നൽകി.കുക്‌ഡോല ഗ്രാമത്തിൽ ഉമേദ് സിങ് പാട്ടത്തിനെടുത്ത എട്ട് ഏക്കർ വരുന്ന ഫാമിലെ രണ്ടു മുറിയുള്ള കെട്ടിടത്തിനുള്ളിലാണ് സോണിയ ശർമ്മയുടെ മൃതദേഹം കണ്ടെത്തിയത്. മറ്റൊരു സ്ഥലത്ത് കൊലപാതകം നടത്തിയ ശേഷം മൃതദേഹം ഇവിടെ ഉപേക്ഷിച്ചതാണെന്ന് അന്വേഷണത്തിൽ വ്യക്തമായി.ആളെ തിരിച്ചറിയുന്നത് തടയാൻ മൃതദേഹം ആ മുറിയിൽ വച്ച് കത്തിക്കാനും പ്രതി ശ്രമിച്ചു.
ഖേർക്കി ദൗലയിൽ നിന്ന് രണ്ടു ദിവസത്തിനകം പൊലീസിന് വെട്ടിമാറ്റി നിലയിൽ രണ്ടു കാലുകൾ കിട്ടി. ഈ കാലുകളുടെ ഡിഎൻഎ പരിശോധനയിലാണ് മരിച്ചത് സോണിയ ശർമ്മയാണെന്ന് പൊലീസ് സ്ഥിരീകരിച്ചത്. പ്രതി ഭാര്യയെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയ ശേഷം മൃതദേഹം വെട്ടിമുറിച്ച് പോളീത്തീൻ ബാഗിലാക്കി വിവിധയിടങ്ങളിൽ ഉപേക്ഷിച്ചുവെന്നാണ് പൊലീസ് പറയുന്നത്.