ആന്റി ഡോസ് നൽകി; മയക്കംവിട്ട് അരിക്കൊമ്പൻ കാടുകയറി; ദൗത്യം വിജയം; ആദ്യ റേഡിയോ കോളര്‍ സിഗ്നലെത്തി
ഇടുക്കി: നീണ്ട പരിശ്രമങ്ങള്‍ക്കൊടുവില്‍ ചിന്നക്കനാലില്‍ നിന്നും പിടികൂടിയ അരിക്കൊമ്പനെ പെരിയാര്‍ കടുവ സങ്കേതത്തിലെ ഉള്‍വനത്തില്‍ തുറന്നുവിട്ടു. പുലർച്ചെ നാലരയോടെയാണ് ദൗത്യ സംഘം പെരിയാർ കടുവാ സങ്കേതത്തിൽ അരിക്കൊമ്പനെ തുറന്നുവിട്ടത്. മംഗളാദേവി ക്ഷേത്രത്തിനു സമീപം മേദകാനത്തിനും മുല്ലക്കുടിക്കും ഇടയിലുള്ള ഉൾക്കാട്ടിലാണ് അരിക്കൊമ്പനെ തുറന്നു വിട്ടത്. ആനയെ ഇവിടെ എത്തിച്ചശേഷം കയറുകളും ലോറിയുടെ പുറകു ഭാഗത്തെ തടികളും അഴിച്ചു മാറ്റിയ ശേഷം ആന്റി ഡോസ് കൊടുത്തു. കുറച്ചു കഴിഞ്ഞപ്പോൾ അരിക്കൊമ്പന്‍ ലോറിയിൽ നിന്നും ഇറങ്ങി. പിന്നീട് ആകാശത്തേക്ക് വെടി വച്ച് ഉൾവനത്തിലേക്ക് കയറ്റിവിട്ടുവെന്നും ദൗത്യ സംഘത്തിലെ ഉദ്യോഗസ്ഥർ വിശദീകരിച്ചു.
ആനയ്ക്ക് ആരോഗ്യപ്രശ്നങ്ങൾ ഒന്നുമില്ലെന്നും തുറന്നുവിട്ട സ്ഥലത്ത് നിന്നും ഒന്നര കിലോമീറ്റർ ഉൾവനത്തിലേക്ക് അരിക്കൊൻ കയറിപ്പോയെന്നും റേഡിയോ കോളറിൽ നിന്നുള്ള ആദ്യ സിഗ്നലിൽ നിന്നും വ്യക്തമായതായി പെരിയാർ കടുവാ സങ്കേതം അസിസ്റ്റന്റ് ഫീൽഡ് ഡയറക്ടർ ഷുഹൈബ് പറഞ്ഞു. ഇന്നലെ പെയ്ത കനത്ത മഴ കാരണം റോഡ് വളരെ മോശം അവസ്ഥയില്‍ ആയിരുന്നു. വഴിയിൽ ലോറി പലയിടത്തും റോഡിൽ നിന്നും തെന്നി മാറി. ജെസിബി യുടെ സഹായത്തോടെയാണ് ലോറിയെ തിരികെ റോഡിലേക്ക് കയറ്റിയത്
ഉള്‍വനത്തിലായതിനാല്‍ ജനവാസ മേഖലയിലേക്ക് അരിക്കൊമ്പന്‍ എത്തില്ലെന്നാണ് കണക്കുകൂട്ടല്‍. അരിക്കൊമ്പന് ഘടിപ്പിച്ചിട്ടുള്ള റേഡിയോ കോളറില്‍ നിന്നും ലഭിക്കുന്ന സിഗ്നലുകള്‍ വഴി നിരീക്ഷിക്കാന്‍ കഴിയും. ഇതിനുള്ള ക്രമീകരണങ്ങള്‍ വനംവകുപ്പ് ഏര്‍പ്പെടുത്തിയിട്ടുണ്ട്. പെരിയാര്‍ കടുവ സങ്കേതത്തിലെ വെറ്റിനറി ഡോക്ടറുടെ നേതൃത്വത്തിലുള്ള സംഘമാണ് ഇനി അരിക്കൊമ്പനെ നിരീക്ഷിക്കുന്നത്.
രാത്രി 12 മണിയോടെയാണ് അരിക്കൊമ്പനുമായി സംഘം കുമളിയിലെത്തിയത്. ഇതിന് മുന്നോടിയായി കുമളി പഞ്ചായത്തില്‍ നിരോധനാഞ്ജ പ്രഖ്യാപിച്ചിരുന്നു. ചിന്നക്കനാലില്‍ നിന്ന് പിടികൂടിയ അരിക്കൊമ്പനെ വണ്ടിയില്‍ കയറ്റുന്നതിനിടെ കാലാവസ്ഥ പ്രതികൂലമായെങ്കിലും ദൗത്യം ലക്ഷ്യം കാണുകയായിരുന്നു. ലോറിയില്‍ കയറ്റിയ ശേഷം അരിക്കൊമ്പന് റേഡിയോ കോളര്‍ ഘടിപ്പിക്കുകയും ചെയ്തിരുന്നു.ബൂസ്റ്റര്‍ ഡോസ് നല്‍കിയതോടെയാണ് അരിക്കൊമ്പന്‍ മയങ്ങിയത്. പൂര്‍ണമായും മയങ്ങാന്‍ കൂടുതല്‍ സമയമെടുത്തതിനാല്‍ വടം കെട്ടുന്നതും ശ്രമകരമായിരുന്നു. വനംവകുപ്പ് ഉദ്യോഗസ്ഥര്‍ പിന്നില്‍ നിന്ന് അരിക്കൊമ്പന്റെ കാലുകള്‍ വടം കെട്ടി ബന്ധിക്കുകയായിരുന്നു. വണ്ടിയില്‍ കയറുന്നതിന് വഴങ്ങാതെ നിലകൊളളുകയായിരുന്നു കൊമ്പന്‍. മൂന്നു തവണയാണ് അരിക്കൊമ്പന്‍ കുതറി മാറിയത്. എന്നാല്‍ കടുത്ത രീതിയില്‍ പ്രതിരോധിച്ച അരിക്കൊമ്പനെ നാല് കുങ്കിയാനകള്‍ ചുറ്റിലും നിന്ന് തള്ളി ലോറിയിലേക്ക് കയറ്റാന്‍ ശ്രമിക്കുകയായിരുന്നു. ഇതിനിടയില്‍ കുങ്കിയാനകള്‍ക്ക് നേരെ അരിക്കൊമ്പന്‍ പാഞ്ഞടുക്കുന്ന സാഹചര്യവുമുണ്ടായി.
ശനിയാഴ്ച 11.55ഓടെയാണ് അരിക്കൊമ്പനെ മയക്കുവെടിവെച്ചത്. സൂര്യനെല്ലി ഭാഗത്ത് നിന്നും സിമന്റ് പാലത്തിന് സമീപത്തേക്ക് എത്തിയ ഉടനെയായിരുന്നു മയക്കുവെടി വെച്ചത്. മയങ്ങാതിരുന്നതോടെ വീണ്ടും മയക്കുവെടിവെച്ചാണ് ആനയെ നിയന്ത്രണത്തിലാക്കിയത്. സമീപത്തുണ്ടായിരുന്ന ചക്കക്കൊമ്പനെ മാറ്റിയ ശേഷമാണ് ഫൊറന്‍സിക് സര്‍ജന്‍ അരുണ്‍ സഖറിയ വെടിവെച്ചത്. ജെസിബി ഉള്‍പ്പെടെ എത്തിച്ച് സ്ഥലം നിരപ്പാക്കിയ ശേഷമാണ് അരിക്കൊമ്പനെ ലോറിക്ക് സമീപത്തേക്ക് എത്തിച്ചത്. മയക്കത്തിലും ശൗര്യം കാട്ടുന്ന അരിക്കൊമ്പനെയാണ് ചിന്നക്കനാലില്‍ കണ്ടത്.