പ്ലസ്‌ വൺ ക്ലാസുകൾ ജൂലൈ ഒന്നിന്‌ തുടങ്ങും ; 220 അധ്യയനദിനം ഉറപ്പാക്കണം


പ്ലസ്‌ വൺ ക്ലാസുകൾ ജൂലൈ ഒന്നിന്‌ തുടങ്ങും ; 220 അധ്യയനദിനം ഉറപ്പാക്കണം
പൊതുവിദ്യാലയങ്ങളിൽ 220 അധ്യയനദിനം ഉറപ്പാക്കാൻ എല്ലാവരുടെയും സഹായം ആവശ്യമാണെന്ന്‌ മന്ത്രി വി ശിവൻകുട്ടി പറഞ്ഞു. ഇതിനാണ്‌ ഒന്നാം വർഷ ഹയർ സെക്കൻഡറി സേ, ഇംപ്രൂവ്‌മെന്റ്‌ പ്രത്യേക പരീക്ഷ വാർഷിക പരീക്ഷയ്‌ക്ക്‌ ഒപ്പമാക്കിയത്‌. സ്‌കൂൾ തുറപ്പിന്‌ മുന്നോടിയായി നടത്തിയ വിദ്യാഭ്യാസ ഓഫീസർമാരുടെ യോഗം ഉദ്‌ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. അധ്യാപകർ ഇല്ലാത്ത അവസ്ഥ ഒരിടത്തും ഉണ്ടാകരുത്. സ്‌കൂൾ ഓഫീസ്‌ വൈകിട്ട്‌ അഞ്ച്‌ വരെ പ്രവർത്തിക്കണം. ശനിയാഴ്ചയും പ്രിൻസിപ്പൽ അല്ലെങ്കിൽ ചുമതലയുള്ള അധ്യാപകൻ, ഓഫീസ് സ്റ്റാഫ്‌എന്നിവർ ഓഫീസിലുണ്ടാകണം.

പുതിയ അധ്യയന വർഷത്തെ സ്‌കൂൾതല വാർഷിക പ്ലാൻ ജൂൺ ആറിനകം തയ്യാറാക്കണം. കലാ–-കായിക–- ശാസ്ത്ര മേളകൾ ഇതിന്റെ ഭാഗമായി തീരുമാനിക്കും. ഒന്നാം ടേം ആസൂത്രണവും പൂർത്തിയാക്കും. ആഴ്ചതോറും എസ്ആർജി യോഗം ചേർന്ന് പാഠ്യ–- അനുബന്ധ പ്രവർത്തനം വിലയിരുത്തണം. സ്‌കൂളുകളിൽ പിടിഎ സഹായത്തോടെ ശുദ്ധജല ലഭ്യത ഉറപ്പാക്കണം. കിണറും ടാങ്കുകളും 30നകം ശുചീകരിക്കണം. ഗ്രീൻ ക്യാമ്പസ് ക്ലീൻ ക്യാമ്പസ് പദ്ധതി ആരംഭിക്കും. പരിസ്ഥിതി ദിനത്തിൽ ഇതിന്‌ തുടക്കംകുറിക്കുമെന്നും മന്ത്രി പറഞ്ഞു

മൂല്യനിർണയം: എത്താത്ത 
3708 അധ്യാപകർക്ക് നോട്ടീസ്
എസ്‌എസ്‌എൽസി, ഹയർസെക്കൻഡറി മൂല്യനിർണയത്തിന് ഹാജരാകാത്ത 3708 അധ്യാപകർക്ക് കാരണം കാണിക്കൽ നോട്ടീസ് നൽകും. എസ്‌എസ്‌എൽസി മൂല്യനിർണയ ക്യാമ്പിൽനിന്ന് 2700 പേരും ഹയർ സെക്കൻഡറിയിൽ 1008 പേരുമാണ് അവധിക്ക്‌ അപേക്ഷിക്കാതെ വിട്ടുനിന്നത്. എസ്‌എസ്‌എൽസി ഫലം 20നും പ്ലസ്ടു 25നും പ്രഖ്യാപിക്കും. പ്രവേശന നടപടി പൂർത്തിയാക്കി ജൂലൈ ഒന്നിനുതന്നെ പ്ലസ്‌വൺ ക്ലാസുകൾ തുടങ്ങും. ജൂൺ ഒന്നിന് തിരുവനന്തപുരത്ത് നടക്കുന്ന സ്‌കൂൾ പ്രവേശനോത്സവം മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യുമെന്നും മന്ത്രി വി ശിവൻകുട്ടി അറിയിച്ചു.

ട്യൂഷൻ ക്ലാസ്: അധ്യാപകർ 
സത്യവാങ്‌മൂലം നൽകണം
പൊതുവിദ്യാലയങ്ങളിലെ അധ്യാപകർ സമാന്തര വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ട്യൂഷൻ എടുക്കുന്നതിനെതിരെ കർശന നടപടി സ്വീകരിക്കുമെന്ന്‌ മന്ത്രി വി ശിവൻകുട്ടി പറഞ്ഞു. നിയമവിരുദ്ധ പ്രവർത്തനം പൊതുവിദ്യാഭ്യാസ നിലവാരം തകരുന്നതിന് കാരണമാകുന്നുണ്ട്‌. ഇത്തരം ക്ലാസെടുക്കുന്നില്ലെന്ന് അധ്യാപകരിൽനിന്ന്‌ സത്യവാങ്മൂലം വാങ്ങും. ഇതിനാവശ്യമായ നടപടിക്ക്‌ ഡിജിഇയെ ചുമതലപ്പെടുത്തി.