ഇരിട്ടി താലൂക്ക് തല അദാലത്തിൽ പരാതികളുടെ പ്രവാഹം; മന്ത്രി നേരിട്ട് പരിശോധിച്ചത് 227 പരാതികൾ

ഇരിട്ടി താലൂക്ക് തല  അദാലത്തിൽ പരാതികളുടെ പ്രവാഹം;  മന്ത്രി നേരിട്ട് പരിശോധിച്ചത് 227 പരാതികൾ 
ഇരിട്ടി: സർക്കാറിന്റെ രണ്ടാം വാർഷികത്തോട് അനുന്ധിച്ച് ഇരിട്ടിയിൽ  താലൂക്ക് തല പരാതി പരിഹാര അദാലത്ത് നടന്നു. വൻ ജനപകളിത്തമുണ്ടായ അദാലത്തിൽ  പരാതികളുടെ വലിയ  പ്രവാഹം തന്നെ ഉണ്ടായി. നേരത്തെ ലഭിച്ച 351 പരാതികളിൽ 227 പരാതികൾ മന്ത്രി കെ.രാധാകൃഷ്ണൻ നേരിട്ട് പരിശോധിച്ച് തീർപ്പ് കൽപ്പിച്ചു. കൃഷി മന്ത്രി പി. പ്രസാദ് അദാലത്തിനെത്താഞ്ഞതിനാൽ അപേക്ഷകളിൽ തീർപ്പ് കൽപ്പിക്കുന്നതിൽ ഏറെ കാലതാമസം നേരിട്ടു. ലൈഫ് ഭവന പദ്ധതിയിൽ നിർമ്മാണം പൂർത്തിയാക്കിയ 10 കുടുംബങ്ങൾക്ക് വീടിന്റെ താക്കോൽ കൈമാറി. അഞ്ചു കുടുംബങ്ങൾക്ക് ലക്ഷം വീട് പട്ടയവും ഏഴ് പേർക്ക് പുതുതായി റേഷൻ കാർഡും അനുവദിച്ചു. തന്തോട് പള്ളി ഹാളിൽ നടന്ന അദാലത്തിൽ രാവിലെ ഒൻമ്പത് മണിമുതൽ തന്നെ പരാതിയുമായി ആളുകൾ എത്തിയിരുന്നു. നേരത്തെ ലഭിച്ച പരാതികൾക്ക് പുറമെ 100-ൽ അധികം പരാതികളും കൂടി ലഭിച്ചതോടെ അദാലത്ത് വൈകിട്ടുവരെ നീണ്ടു.
ഉദ്യോഗസ്ഥർക്ക് ജനങ്ങൾക്കുവേണ്ടിയാണ് പ്രവർത്തിക്കുന്നതെന്ന് ബോധ്യം വേണം - മന്ത്രി  കെ. രാധകൃഷ്ണൻ 
ഇരിട്ടി :  ജനങ്ങൾക്ക് വേണ്ടിയാണ് പ്രവർത്തിക്കുന്നതെന്ന ബോധ്യം ഉദ്യോഗസ്ഥർക്ക് വേണമെന്ന് പട്ടികജാതി പട്ടികവർഗ, പിന്നോക്ക ക്ഷേമ ദേവസ്വം വകുപ്പ് മന്ത്രി കെ. രാധാകൃഷ്ണൻ പറഞ്ഞു. ഇരിട്ടി താലൂക്ക് തല പരാതി പരിഹാര അദാലത്ത് ഇരിട്ടി സെന്റ് ജോസഫ് ചർച്ച് ഓഡിറ്റോറിയത്തിൽ  ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി. നിസ്സാര കാര്യങ്ങൾക്ക് കാത്തിരിക്കേണ്ടി വരികയെന്നത് ജനങ്ങൾക്ക് അസഹനീയമായ കാര്യമാണ്. പരാതികൾ വേഗം തീർക്കുന്ന ഉദ്യോഗസ്ഥർ ഏറെയുണ്ട്. എന്നാൽ മനഃപൂർവ്വം കാലതാമസം വരുത്തുന്നവരുമുണ്ട്. അവരത് തിരുത്തണം. കാലതാമസം ഒഴിവാക്കുക, കാര്യക്ഷമത വർദ്ധിപ്പിക്കുക, അഴിമതി നടത്താതിരിക്കുക എന്നതാവണം ഉദ്യോഗസ്ഥരുടെ കടമ. പരാതികൾ പരിഹരിക്കാൻ കഴിയാത്ത സ്ഥിതിയുണ്ടാവാൻ പാടില്ല. എത്രയും പെട്ടന്ന് പരിഹരിക്കുകയെന്നതാവണം ലക്ഷ്യം. മന്ത്രി കെ. രാധാകൃഷ്ണൻ പറഞ്ഞു.
ഏഴ് മുൻഗണനാ കാർഡുകളുടെ വിതരണം, പത്ത് ലൈഫ്മിഷൻ വീടുകളുടെ താക്കോൽദാനം, ലക്ഷം വീടുകളിൽ താമസിക്കുന്ന അഞ്ച് പേർക്കുള്ള പട്ടയ വിതരണം എന്നിവയും മന്ത്രി കെ. രാധാകൃഷ്ണൻ നിർവഹിച്ചു.
അഡ്വ. സണ്ണി ജോസഫ് എം എൽ എ അധ്യക്ഷത വഹിച്ചു. കെ. കെ. ശൈലജ  എംഎൽഎ, ജില്ലാ കളക്ടർ  എസ്. ചന്ദ്രശേഖർ, ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ അഡ്വ. ബിനോയ് കുര്യൻ, ഇരിട്ടി നഗരസഭാ ചെയർപേഴ്‌സൺ കെ. ശ്രീലത,  ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റുമാരായ കെ. വേലായുധൻ, കെ. സുധാകരൻ,  പഞ്ചായത്ത് പ്രസിഡന്റുമാരായ പി. രജനി, ബി. ഷംസുദ്ദിൻ, സി.ടി. അനീഷ്, ആന്റണി സെബാസ്റ്റ്യൻ, സബ് കലക്ടർ സന്ദീപ് കുമാർ, എ ഡി എം കെ. കെ ദിവാകരൻ, ഇരിട്ടി തഹസിൽദാർ സി.വി. പ്രകാശൻ എന്നിവർ പങ്കെടുത്തു.
കണിച്ചാർ പഞ്ചായത്തിലെ വിളക്കോട്ട് പറമ്പിലെ കല്യാണിക്ക് ലൈഫ്മിഷൻ പദ്ധതി വഴി പൂർത്തീകരിച്ച വീടിന്റെ താക്കോൽ മന്ത്രി കെ. രാധാകൃഷ്ണൻ കൈമാറി.  ഇവർ ഉൾപ്പെടെ പത്ത് പേർക്കാണ് അദാലത്തിൽ ലൈഫ് വീടിന്റെ താക്കോൽ ലഭിച്ചത്. കണിച്ചാർ പഞ്ചായത്തിലെ രണ്ടാം വാർഡിലെ പുള്ളോലിക്കൽ ശിശുപാലൻ, മാലൂർ പഞ്ചായത്തിലെ സി ജാനകി, സുധീഷ് കുമാർ മാടിയത്ത്, ലിനി ജോസഫ്, പേരാവൂർ പഞ്ചായത്തിലെ സി .കെ. സുരേഷ്, സി.കെ. രഞ്ജിനി, കേളകത്തെ സുകുമാരൻ, മുഴക്കുന്നിലെ ഇ. രാജേഷ്, പായം പഞ്ചായത്തിലെ കവിത സജീവൻ എന്നിവർക്കാണ് വീട് ലഭിച്ചത്.

 
കൈകൾ നിലത്തൂന്നിഎത്തിയ ഭിന്നശേഷിക്കാരനായ ഉളിയിൽ പടിക്കച്ചാൽ സ്വദേശി വി.പി. മുഹമ്മദ് റഫ്‌സൽ മന്ത്രി കെ. രാധാകൃഷ്ണനെക്കാണാൻ അദാലത്തിൽ എത്തി. നിവർന്ന് നടക്കാനാവാത്തതിനാൽ സ്വന്തമായി ഒരു മുച്ചക്ര വാഹനം അനുവദിക്കണം എന്നതായിരുന്നു അപേക്ഷ. റഫ്‌സലിന് മുചക്ര വാഹനം ലഭ്യമാക്കാനുള്ള നടപടി സ്വീകരിക്കാൻ മന്ത്രി കെ രാധാകൃഷ്ണൻ ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകി.