2.66 ലക്ഷം പിങ്ക്, മഞ്ഞ കാർഡുകാർക്ക് റേഷൻ കിട്ടിയില്ല; നഷ്ടപരിഹാരം

2.66 ലക്ഷം പിങ്ക്, മഞ്ഞ കാർഡുകാർക്ക് റേഷൻ കിട്ടിയില്ല; നഷ്ടപരിഹാരം


തിരുവനന്തപുരം ∙ ഇലക്ട്രോണിക് പോയിന്റ് ഓഫ് സെയിൽ (ഇ പോസ്) സംവിധാനത്തിലെ സെർവർ തകരാർ രൂക്ഷമായ ഏപ്രിൽ മാസത്തിൽ 2.66 ലക്ഷം പിങ്ക്, മഞ്ഞ കാർഡ് ഉടമകൾ റേഷൻ വാങ്ങിയില്ല. മുൻഗണനാ വിഭാഗത്തിൽ ഉൾപ്പെട്ട ഈ കാർഡ് ഉടമകൾക്ക്, ഇ പോസ് സെർവർ തകരാർ മൂലം റേഷൻ ലഭിച്ചില്ലെങ്കിൽ ഫുഡ് അലവൻസ് നൽകാൻ സംസ്ഥാന ഭക്ഷ്യ കമ്മിഷൻ ഉത്തരവിട്ടു.

കേന്ദ്ര ഭക്ഷ്യഭദ്രത നിയമത്തിലെ വ്യവസ്ഥ പ്രകാരം കാർഡ് ഉടമകൾക്ക് അർഹമായ റേഷൻ ധാന്യങ്ങളുടെ താങ്ങുവിലയുടെ 1.25 മടങ്ങാണ് അലവൻസായി നൽകേണ്ടത്. 100 രൂപയാണു താങ്ങുവില എങ്കിൽ 125 രൂപയാകും അലവൻസ്. പിങ്ക് കാർഡിലെ ഓരോ അംഗത്തിനും 4 കിലോഗ്രാം ആട്ടയും ഒരു കിലോഗ്രാം ഗോതമ്പുമാണ് സൗജന്യ റേഷൻ.

മഞ്ഞ കാർഡിന്റെ വിഹിതം 30 കിലോഗ്രാം അരിയും 3 കിലോ ഗോതമ്പും സൗജന്യമായും കിലോഗ്രാമിനു 21 രൂപ നിരക്കിൽ ഒരു കിലോഗ്രാം പഞ്ചസാരയും പാക്കറ്റിന് 6 രൂപ നിരക്കിൽ 2 പാക്കറ്റ് ആട്ടയുമാണ്. കേരളത്തിൽ 41.43 ലക്ഷം മുൻഗണനാ കാർഡുടമകൾ ആണുള്ളത്: പിങ്ക്: 35.58 ലക്ഷം, മഞ്ഞ: 5.85 ലക്ഷം. ഇവരിൽ ഏപ്രിലിൽ 38.77 ലക്ഷം പേരാണ് റേഷൻ വാങ്ങിയത്.

ഫെബ്രുവരിയിൽ 39.65 ലക്ഷവും മാർച്ചിൽ 39.57 ലക്ഷവും പേർ വാങ്ങി. ഏപ്രിലിൽ ഇ പോസ് തകരാർ മൂലം 5 ദിവസത്തോളം പ്രവർത്തനം മുടങ്ങിയതും പിന്നാലെ വന്ന ഷിഫ്റ്റ് സമ്പ്രദായവും പലരെയും റേഷൻ കടകളിൽനിന്ന് അകറ്റി.

മുൻ എംഎൽഎ ജോസഫ് എം.പുതുശ്ശേരി നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണു റേഷൻ നഷ്ടമായവർക്ക് അലവൻസ് നൽകാൻ നടപടി സ്വീകരിക്കുന്നതിനു സംസ്ഥാന ഭക്ഷ്യ കമ്മിഷൻ ഉത്തരവിറക്കിയത്. ഭക്ഷ്യഭദ്രത നിയമപ്രകാരം നോഡൽ ഓഫിസർമാരായ ജില്ലാ സപ്ലൈ ഓഫിസർമാരാണ് റേഷൻ നഷ്ടമായവരെ കണ്ടെത്തേണ്ടത്.

നോഡൽ ഓഫിസർമാർ നൽകുന്ന റിപ്പോർട്ട്, ജില്ലാതല പരാതിപരിഹാര ഓഫിസർമാരായ അഡീഷനൽ ജില്ലാ മജിസ്ട്രേട്ട് (എഡിഎം) കമ്മിഷനെ അറിയിക്കണം. തുടർന്നാണ് അലവൻസ് നൽകാൻ സർക്കാരിനോട് കമ്മിഷൻ ആവശ്യപ്പെടുക. റേഷൻ കടകളിൽ എത്താതിരുന്നവർക്ക് അലവൻസ് ലഭിക്കില്ല.

∙ നിഷേധിച്ച് മന്ത്രി

‘‘സാങ്കേതിക തകരാർ കാരണം സംസ്ഥാനത്തെ ഒരാൾക്കും റേഷൻ മുടങ്ങിയിട്ടില്ല. എല്ലാ കാർഡ് ഉടമകൾക്കും റേഷൻ വാങ്ങാൻ അവസരം നൽകിയിരുന്നു. എല്ലാ മാസവും 75 – 80% വരെ കാർഡ് ഉടമകളാണ് റേഷൻ കൈപ്പറ്റാറുള്ളത്’’. – മന്ത്രി ജി.ആർ. അനിൽ