കേരള സ്റ്റോറി ചരിത്രം പറയുന്ന സിനിമയല്ല, വെറും കഥ: ഹൈക്കോടതി

കേരള സ്റ്റോറി ചരിത്രം പറയുന്ന സിനിമയല്ല, വെറും കഥ: ഹൈക്കോടതി

കൊച്ചി: കേരള സ്‌റ്റോറി ചരിത്രം പറയുന്ന സിനിമയല്ല, മറിച്ച് വെറും കഥയാണെന്ന് ഹൈക്കോടതി. കേരളം മതേതരത്വം ഉയർത്തിക്കാട്ടുന്ന സംസ്ഥാനമാണെന്നും സിനിമ കാണാതെ വിമർശനമുന്നയിക്കണോ എന്നും കോടതി ചോദിച്ചു.

സിനിമ നടത്തിയത് തെറ്റായ വിവരണമാണെന്ന ഹരജിക്കാരുടെ വാദത്തിന് നിയമപരമായ അതോറിറ്റി സിനിമ പരിശോധിച്ചതല്ലേ എന്നും സിനിമയുടെ ട്രെയ്‌ലർ നവംബറിൽ ഇറങ്ങിയിട്ടും അവസാന നിമിഷമാണ് കോടതിയിൽ വന്നതെന്നുമായിരുന്നു കോടതിയുടെ മറുപടി.

നിർമാല്യം സിനിമ കേരളത്തിൽ പ്രദർശിപ്പിച്ചപ്പോൾ പ്രശ്‌നങ്ങൾ ഒന്നും ഇല്ലായിരുന്നുവെന്നും ഹിന്ദു സന്യാസിമാരെ കള്ളക്കടത്തുകാരായി ചിത്രീകരിച്ച സിനിമ ഇറങ്ങിയിട്ടും ഒന്നും സംഭവിച്ചില്ല എന്നും പറഞ്ഞ കോടതി, കേരള സ്‌റ്റോറിയിൽ കുറ്റകരമായ എന്താണുള്ളതെന്ന് ഇപ്പോഴും മനസ്സിലാകുന്നില്ലെന്നും കൂട്ടിച്ചേർത്തു

ട്രെയിലർ കോടതി കണ്ടേ പറ്റൂവെന്നും അത് കണ്ടാൽ മതേതരത്വം ഉയർത്തിപ്പിടിക്കുന്ന കോടതി സിനിമ പ്രദർശിപ്പിക്കുന്നതിന് അനുമതി നൽകില്ലെന്നും ഹരജിക്കാർ വാദിച്ചപ്പോൾ ട്രെയ്‌ലർ കാണാമെന്നായിരുന്നു കോടതിയുടെ മറുപടി. ഇതിനെത്തുടർന്ന് ടീസർ പരിശോധിച്ച കോടതി ഇതിൽ ഇസ്ലാമിനെ കുറിച്ച് എന്താണ് ട്രെയ്‌ലറിൽ ഉള്ളതെന്ന് ഹരജിക്കാരോട് ചോദിച്ചു. ഐഎസ് ഐഎസിനെ പറ്റി മാത്രമാണ് ടീസറിലുള്ളതെന്നായിരുന്നു കോടതിയുടെ നിരീക്ഷണം