
തൃശൂർ : ചേലക്കര കൊണ്ടാഴിയിൽ ഓടിക്കൊണ്ടിരുന്ന ടെമ്പോ ട്രാവലർ തീപിടിച്ച് കത്തിനശിച്ചു. ഡ്രൈവർ ഇറങ്ങിയോടിയതിനാൽ വൻ ദുരന്തമൊഴിവായി. വിവാഹച്ചടങ്ങിൽ പങ്കെടുക്കാനുള്ള ആളുകളെ കയറ്റാനായി പോയ ചേലക്കോട് സൂപ്പിപ്പടി സ്വദേശി ലിതിന്റെ ഉടമസ്ഥതയിലുള്ള ടെമ്പോ ട്രാവലറിനാണ് തീപടര്‍ന്ന് പിടിച്ചത്. തീപിടുത്തമുണ്ടായ സമയത്ത് ഡ്രൈവർ ചേലക്കോട് കരണംകുന്നത്ത് ഹരികൃഷ്ണൻ മാത്രമായിരുന്നു വാഹനത്തിലുണ്ടായിരുന്നത്. പുകയുയരുന്നത് ശ്രദ്ധയിൽപ്പെട്ട ഇയാൾ ഉടൻ ട്രാവലറിൽ നിന്നും ഇറങ്ങി ഓടി രക്ഷപ്പെട്ടതിനാൽ വലിയ അപകടം ഒഴിവായി. ടെമ്പോ ട്രാവലർ പൂർണ്ണമായും കത്തിയമർന്നു. നാട്ടുകാരും ഷൊർണൂരിൽ നിന്നെത്തിയ ഫയർഫോഴ്സും ചേർന്നാണ് തീ അണച്ചത്.
<
അതിനിടെ, കോഴിക്കോട് ഇരിങ്ങലില്‍ കാറും ലോറിയുമായി കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ യുവാവ് മരിച്ചു. വടകര മുത്തൂറ്റിലെ ജീവനക്കാരനായ ശ്രീനാഥാണ് മരിച്ചത്. ഭാര്യക്കും മകനുമൊപ്പം എറണാകുളത്ത് നിന്ന് വടകരയിലേക്ക് വരുന്നതിനിടെ രാവിലെ 8.30 ഓടെയായിരുന്നു അപകടം. ഭാര്യ അവന്യക്ക് കൈക്ക് പരിക്കുണ്ട്. ഒപ്പമുണ്ടായിരുന്ന രണ്ട് വയസ്സുള്ള മകന്‍ പരിക്കില്ലാതെ രക്ഷപ്പെട്ടു. നാല് വര്‍ഷം മുന്‍പുണ്ടായ ബൈക്കപകടത്തില്‍ ശ്രീനാഥിന്റെ ഇടത് കാല്‍പാദം മുറിച്ച് മാറ്റിയിരുന്നു.