പുത്തൻ ബൈക്കിലെത്തി മാല പൊട്ടിക്കൽ: ആദ്യം കുഴങ്ങി, പൊലീസിന്റെ സമർത്ഥമായ നീക്കത്തിൽ അഞ്ച് ദിവസത്തിൽ പൊക്കി

പുത്തൻ ബൈക്കിലെത്തി മാല പൊട്ടിക്കൽ: ആദ്യം കുഴങ്ങി, പൊലീസിന്റെ സമർത്ഥമായ നീക്കത്തിൽ അഞ്ച് ദിവസത്തിൽ പൊക്കി


കോഴിക്കോട്: ജോലി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുകയായിരുന്ന സ്ത്രീയുടെ മാല കാരന്തൂർ കൊളായിത്താഴത്ത് വെച്ച് ബൈക്കിൽ വന്ന് പിടിച്ചുപറിച്ച ആൾ പിടിയിലായി. കുറ്റിച്ചിറ സ്വദേശിയും ഇപ്പോൾ ഒടുമ്പ്ര യിൽ വാടകക്ക് താമസിക്കുന്ന ഫൈജാസ്(38)നെയാണ് പിടികൂടിയത്. ഡിസിപി ബൈജു ഐ.പി.എസിന്റെ നേതൃത്വത്തിലുള്ള സിറ്റി സ്പെഷ്യൽ ആക്ഷൻ ഗ്രൂപ്പും, ഇൻസ്പെക്ടർ യൂസഫ് നടുത്തറമ്മലിൻ്റെ നേതൃത്വത്തിലുള്ള കുന്ദമംഗലം പൊലീസും ചേർന്ന് സമർത്ഥമായ നീക്കത്തിലുടെ ഇയാളെ  വലയിലാക്കിയത്. 

കഴിഞ്ഞ എട്ടാം തീയ്യതിയാണ് കേസിനാസ്പദമായ സംഭവം നടന്നത്. പതിനെട്ട് കിലോമീറ്റർ ദൂരത്തിൽ നൂറോളം സിസിടിവികളും, മറ്റു ശാസ്ത്രീയ അന്വേഷണത്തിലൂടെയുമാണ് പ്രതിയിലേക്ക് എത്തുന്നത്. തുടർന്ന് സ്പെഷ്യൽ ആക്ഷൻ ഗ്രൂപ്പ് ഇയാളെ നിരീക്ഷിച്ചു വരിയയായിരുന്നു. ഇരയായ സ്ത്രീ ജോലി ചെയ്ത പെട്രോൾപമ്പിലെ സിസിടിവിയിൽ നിന്നും ലഭിച്ച ചിത്രം പത്രത്തിലൂടെ പോലീസ് പുറത്തുവിട്ടിരുന്നു. 

എന്നാൽ ആരും തിരിച്ചറിയാത്തതിനാലാണ് കൂടുതൽ സിസിടിവികൾ പരിശോധിക്കേണ്ടി വന്നത്. ഈയിടെ വാങ്ങിയ ബൈക്കാണ് കൃത്യം ചെയ്യാൻ ഉപയോഗിച്ചത്. സ്ഥിരമായി മാലപൊട്ടിക്കാനാണോ ഈ ബൈക്ക് വാങ്ങിയതെന്ന് പോലീസ് പരിശോധിക്കുന്നുണ്ട്. സംഭവത്തിന് ശേഷവും ഇയാൾ പല സ്ഥലങ്ങളിലും വീണ്ടും മാലപൊട്ടിക്കാൻ കറങ്ങിയിട്ടുണ്ടായിരുന്നു.  മാലപൊട്ടിക്കാൻ ചുറ്റിക്കറങ്ങുന്നതിനിടയിൽ കെളായിത്താഴം പെട്രോൾ പമ്പിനടുത്തുവച്ച് ഒരു സ്ത്രീ നടന്നു വരുന്നത് കണ്ട് പമ്പിലേക്ക് തന്റെ വണ്ടി കയറ്റി വെള്ളം കുടിക്കാനെന്ന വ്യാജേന കുറച്ച് സമയം അവിടെ ചിലവഴിച്ചശേഷം സ്ത്രീ ഇടറോഡിലേക്ക് കയറിപോകുന്നതും തനിച്ചാനെന്നും മനസ്സിലാക്കിയ ഇയാൾ തന്ത്രപരമായി സ്ത്രീയെ പിൻതുടരുകയും ആളുകളാരും ഇല്ലെന്ന് ഉറപ്പ് വരുത്തി വിദഗ്ദമായി മാല പൊട്ടിച്ചെടുക്കുകയായിരുന്നു.

തുടർന്ന് സ്ത്രീ ബഹളം വെച്ച് കള്ളൻ കള്ളൻ എന്നു പറഞ്ഞു പിന്നാലെ പോയെങ്കിലും വളരെ വേഗത്തിൽ വണ്ടിയോടിച്ച് കടന്നുകളയുകയായിരുന്നു .ഇയാൾ ബൈക്കിന്റെ നമ്പർ പ്ലേറ്റ് മാറ്റി  മറ്റൊരു നമ്പറാണ് ഘടിപ്പിച്ചിരുന്നത്. കുറച്ചുദൂരം സഞ്ചരിച്ച ശേഷം ഇയാൾ പുതിയ നമ്പർ മാറ്റി യാത്ര തുടർന്നെങ്കിലും കൃത്യമായ നിരീക്ഷണത്തിലൂടെ സ്പെഷ്യൽ ആക്ഷൻ ഗ്രൂപ്പ് ഇയാളെ പൂട്ടുകയായിരുന്നു. ഇയാളെ വിശദമായി ചോദ്യം ചെയ്തതിൽ വട്ടകിണറുള്ള സ്വകാര്യ ധനകാര്യസ്ഥാപനത്തിൽ പണയംവെച്ച മോഷണ മുതൽ  പോലീസ് കണ്ടെടുത്തു. 


പ്രതിയെയും കൂട്ടി പോലീസ് സംഭവസ്ഥലത്തും, പ്രതിയുടെ വീട്ടിലും,ധനകാര്യസ്ഥാപനത്തിലും തെളിവെടുപ്പ് നടത്തി. കൃത്യത്തിന് ഉപയോഗിച്ച വാഹനവും പോലീസ് കണ്ടെടുത്തു. ചികിത്സക്ക് വേണ്ടി വന്ന സാമ്പത്തിക ബാധ്യതയാണ് കുറ്റകൃത്യം  ചെയ്യിച്ചതെന്നാണ് ഫൈജാസ് പോലീസിനോട് പറഞ്ഞത്.കുന്ദമംഗലം കോടതിയിൽ ഹാജരാക്കി' റിമാൻറ് ചെയ്തു. അന്വേഷണ സംഘത്തിൽ സ്പെഷ്യൽ ആക്ഷൻ ഗ്രൂപ്പ് സബ്ബ് ഇൻസ്പെക്ടർ ഒ.മോഹൻദാസ്,ഹാദിൽ കുന്നുമ്മൽ,ശ്രീജിത്ത് പടിയാത്ത്,ഷഹീർ പെരുമണ്ണ,സുമേഷ് ആറോളി,എ.കെ അർജുൻ, രാകേഷ് ചൈതന്യം, കുന്ദമംഗലം പോലീസ് സ്റ്റേഷനിലെ വിശോഭ്,സച്ചിത്ത്,ഷിജു എന്നിവരുമുണ്ടായിരുന്നു