വൈദ്യുതി പരാതികൾ പറയാന്‍ ഇനി കാത്ത് നില്‍ക്കേണ്ട; ക്ലൗഡ് ടെലിഫോണി എത്തി


വൈദ്യുതി സംബന്ധമായ പരാതികള്‍ ഓട്ടോമാറ്റിക്കായി രേഖപ്പെടുത്താന്‍ ക്ലൗഡ് ടെലിഫോണി സൗകര്യമൊരുക്കി കെ എസ് ഇ ബി. ആയിരക്കണക്കിന് ഉപയോക്താക്കള്‍ക്ക് ഒരേ സമയം പരാതികള്‍ രേഖപ്പെടുത്തുന്നതിനും വിവരങ്ങള്‍ ലഭ്യമാക്കുന്നതിനും ഉള്ള സംവിധാനമാണിത്.
9496001912 എന്ന മൊബൈല്‍ നമ്പറിലേക്ക് വിളിച്ചാല്‍ ഈ സേവനം ലഭ്യമാകും. വാട്‌സ്ആപ്, എസ് എം എസ് മാര്‍ഗങ്ങളിലൂടെ ക്ലൗഡ് ടെലിഫോണി സേവനങ്ങള്‍ നല്‍കുന്ന സംവിധാനവും രണ്ടാം ഘട്ടമായി ഏര്‍പ്പെടുത്തും. ഇതുവരെ പരാതികള്‍ രേഖപ്പെടുത്താനും വാതില്‍പ്പടി സേവനങ്ങള്‍ ലഭ്യമാകാനും സെക്ഷന്‍ ഓഫീസിലെ ലാന്‍ഡ് ഫോണിലേക്കോ, 1912 എന്ന ടോള്‍ഫ്രീ കസ്റ്റമര്‍ കെയര്‍ നമ്പരിലേക്കോ ആണ് ബന്ധപ്പെട്ടിരുന്നത്. ഇനി 9496001912 എന്ന ഈ മൊബൈല്‍ നമ്പറും ഉപയോഗിക്കാം.
വൈദ്യുതി തടസം, ഓണ്‍ലൈന്‍ പേയ്‌മെന്റ്, വൈദ്യുതി ബില്‍ തുടങ്ങി വൈദ്യുതി കണക്ഷനുമായി ബന്ധപ്പെട്ട എല്ലാ പരാതികളും, വാതില്‍പ്പടി സേവനങ്ങള്‍ക്കായി രജിസ്റ്റര്‍ ചെയ്യുന്നതിനും ക്ലൗഡ് ടെലിഫോണി സംവിധാനത്തിലൂടെ കഴിയും.