
തിരുവനന്തപുരം: ആരോഗ്യപ്രവര്‍ത്തകര്‍ക്ക് നേരെയുള്ള അക്രമങ്ങള്‍ തടയുന്നതിനുള്ള നിര്‍ദ്ദേശങ്ങളുമായി എമര്‍ജന്‍സി ഫിസിഷ്യന്മാരുടെ സംഘടന. രാജ്യത്തെ എമർജൻസി ഫിസിഷ്യൻമാർക്കും പാരാമെഡിക്കുകൾക്കും വേണ്ടിയുള്ള സംഘടനയായ 'സൊസൈറ്റി ഫോർ എമർജൻസി മെഡിസിൻ ഇന്ത്യ' (സെമി) -യാണ് കേരളത്തില്‍ ആശുപത്രി ജീവനക്കാര്‍ക്ക് നേരെയുള്ള ആക്രമണങ്ങള്‍ക്കെതിരെ നിര്‍ദ്ദേശങ്ങള്‍ മുന്നോട്ട് വച്ചത്. രണ്ട് മാസം മുമ്പ് തിരുവനന്തപുരത്ത് പാറശ്ശാലയിലെ ആശുപത്രിയിൽ ഡോക്ടറെയും നഴ്സിനെയും ആക്രമിക്കുന്നതിന്‍റെ ദൃശ്യങ്ങൾ ആശുപത്രിയിലെ സിസിടിവി ക്യാമറയിൽ പതിഞ്ഞിരുന്നു. എന്നിട്ടും കുറ്റവാളികളെ പിടികൂടാൻ പോലീസ് നാല് ദിവസമെടുത്തു. അതും ഡോക്ടർമാർ സമരം ചെയ്തതിന് ശേഷമാണ് പോലീസ് അറസ്റ്റിന് തയ്യാറായത്. ഇത്തരം സംഭവങ്ങള്‍ കേരളത്തില്‍ നിരന്തരം ആവര്‍ത്തിക്കപ്പെടുകയാണ്. ഈ അവസ്ഥ മാറണമെന്നും സംഘടന ആവശ്യപ്പെട്ടു. സൊസൈറ്റി ഫോർ എമർജൻസി മെഡിസിൻ പ്രസിഡന്‍റ് ഡോ ഷിജു സ്റ്റാൻലി, ഡോ കെ ആർ കണ്ണനുണ്ണി എന്നിവര്‍ സംഘടന ഇക്കര്യത്തില്‍ മുന്നോട്ട് വയ്ക്കുന്ന നിര്‍ദ്ദേശങ്ങളെ കുറിച്ച് വിശദീകരിച്ചു. നിര്‍ദ്ദേശങ്ങള്‍ താഴെ കൊടുക്കുന്നു.
ആരോഗ്യ പരിരക്ഷാ ദാതാക്കൾക്കായി ആശുപത്രികളെ 'സുരക്ഷിത മേഖല' ആക്കണമെന്ന് സംഘടന ആവശ്യപ്പെട്ടു. ഇത്തരത്തില്‍ 'ഹോസ്പിറ്റൽ സേഫ് സോണുകൾ' സൃഷ്ടിക്കുന്നത് നിലവിലുള്ള നിയമങ്ങളുടെ നിർവ്വഹണത്തിന്‍റെയും സംരക്ഷണ നടപടികളുടെയും സംയോജനമാണെന്നും സംഘടന അവകാശപ്പെട്ടു. ഡോക്ടർമാർക്കെതിരായ ഏതുതരം അക്രമങ്ങള്‍ക്കും ജാമ്യമില്ലാ കുറ്റം ചുമത്തണം. അറസ്റ്റ് ഉടനുണ്ടാകണം എന്നാണ് നിലവിലുള്ള നിയമം. എന്നാല്‍, ഈ നിയമം നടപ്പാക്കപ്പെടുന്നില്ലെന്നതാണ് നിലവിലെ പ്രശ്നം. സര്‍ക്കാര്‍, നിയമം കര്‍ശനമായി നടപ്പാക്കാന്‍ ഡോക്ടർമാർ പണിമുടക്കേണ്ട അവസ്ഥയാണെന്നും സെമി പ്രസിഡന്‍റ് ഡോ. ഷിജു സ്റ്റാൻലി ചൂട്ടിക്കാട്ടി.
ഡോ വന്ദനദാസിന്റെ കൊലപാതകം; പൊലീസിന്റേത് കുറ്റകരമായ അനാസ്ഥ, പൊലീസ് സേനയ്ക്ക് നാണക്കേടെന്ന് വിഡി സതീശൻ
നിയമം നടപ്പാക്കുന്നതിനൊപ്പം പ്രതി - ആശുപത്രി നിയമ നടപടിക്രമങ്ങളിലും മാറ്റമുണ്ടാകണം. പോലീസ് കസ്റ്റഡിയിലുള്ള പ്രതികളെ വളരെ സാധാരണമായ രീതിയിലാണ് കൊണ്ടുവരുന്നത്. ഇത് മറ്റേതൊരു രോഗിയെയും പോലെ പ്രതികള്‍ക്ക് ഡോക്ടറെ കാണാന്‍ അവസരമൊരുക്കുന്നു. ഇത്തരം കാര്യങ്ങളില്‍ മാറ്റം വേണം. പ്രതികളുമായി വരുമ്പോള്‍ പോലീസ്, ആശുപത്രിയില്‍ മുന്‍കൂട്ടി വിവരം നല്‍കണം. പോലീസ് പ്രതികളെ തെളിവെടുപ്പിനോ, കോടതിയിലേക്കോ കൊണ്ടുപോകുമ്പോള്‍ മുന്‍കൂട്ടി വിവരം നല്‍കുന്നുണ്ട്. ഈ രീതി ആശുപത്രികളിലേക്കും തുടരണം. മാത്രമല്ല, പ്രതികളുമായി എത്തുമ്പോള്‍ പോലീസ് മതിയായ സംരക്ഷണം നല്‍കണമെന്നും ആശുപത്രികളില്‍ പോലീസ് എയ്ഡ് പോസ്റ്റ് സ്ഥാപിക്കുകയോ അല്ലെങ്കില്‍ പ്രതികളുമായി എത്തുന്ന സന്ദര്‍ഭങ്ങളില്‍ ആശുപത്രിയില്‍ ശക്തമായ പോലീസ് സാന്നിധ്യം ഉറപ്പ് വരുത്തുകയോ വേണമെന്നും ഡോ. ഷിജു സ്റ്റാൻലി പറഞ്ഞു.
ഡോ. വന്ദന ദാസിന്‍റെ കൊലപാതകം; അന്വേഷണ ചുമതലയിൽ മാറ്റം, കേസ് ജില്ലാ ക്രൈംബ്രാഞ്ച് അന്വേഷിക്കും
പ്രതികളില്‍ പലരും പ്രവചനാതീതമായ സ്വഭാവം കാണിക്കുന്നവരാണ്. ഇത് ഡോക്ടര്‍മാര്‍ക്കും മറ്റ് രോഗികള്‍ക്കും ഒരുപോലെ അപകട സാധ്യത ഉയര്‍ത്തുന്നതിനാല്‍ മറ്റ് രോഗികളുടെ സാന്നിധ്യത്തിലുള്ള പ്രതികളുടെ പരിശോധന ഒഴിവാക്കുകയും ഡോക്ടറുടെ സമയം മുന്‍കൂട്ടി എടുക്കേണ്ടതുമാണ്. കൊട്ടാരക്കര കേസിൽ അടിയന്തിര സാഹചര്യങ്ങളൊന്നും ഉണ്ടായിരുന്നില്ല, അതിനാൽ പോലീസ് ആശുപത്രിയില്‍ മുൻകൂട്ടി മുന്നറിയിപ്പ് നൽകേണ്ടതായിരുന്നു. പ്രതിയായ രോഗിയുടെ വരവ്, ആവശ്യമായ മുൻകരുതലുകൾ എന്നിവ ഉറപ്പുവരുത്തേണ്ടത് പോലീസിന്‍റെ കര്‍ത്തവ്യമാണ്. കുറ്റവാളി ചെറുതോ വലുതോ എന്നുള്ളതിലല്ല കാര്യം. മറിച്ച് കുറ്റവാളികളെ ഡോക്ടറുടെ മുന്നിലിരുത്തുമ്പോള്‍ കൈവിലങ്ങ് അണിയിച്ചിരിക്കണം. ഇത്തരത്തില്‍ അപകടസാധ്യത പൂര്‍ണ്ണമായും ഒഴിവാക്കണമെന്നും സംഘടന ചൂണ്ടിക്കാട്ടി.
ഇക്കാര്യങ്ങളോടൊപ്പം സർക്കാർ ആശുപത്രികളിലും ആധുനിക ഉപകരണങ്ങൾ സജ്ജീകരിക്കണം. പ്രാഥമികാരോഗ്യ കേന്ദ്രങ്ങളിലടക്കം സിസിടിവികൾ നിർബന്ധമാക്കണം. ആരോഗ്യ പ്രവര്‍ത്തകര്‍ക്കെതിരെയുള്ള ഏതൊരു ആക്രമണവും ജാമ്യമില്ലാ കുറ്റമായി പ്രഖ്യാപിക്കുന്ന മുന്നറിയിപ്പ് ബോർഡുകള്‍ ആശുപത്രികൾ പ്രദർശിപ്പിക്കണം. പ്രതികളെ ചികിത്സിക്കുന്ന മുറികൾക്ക് മുന്നിൽ തോക്കോടു കൂടി ഒരു സുരക്ഷാ ഉദ്യോഗസ്ഥനെങ്കിലും ഉണ്ടായിരിക്കണം. സുരക്ഷാ ഉപകരണം ഒരു പ്രതിരോധമായി പ്രവർത്തിക്കാൻ ശക്തവും കാര്യക്ഷമവുമാണെന്ന് ജനങ്ങള്‍ക്ക് തോന്നണം. നിലവില്‍ കേരളത്തിലെ ആശുപത്രികളുടെ സുരക്ഷാ സേവനങ്ങളുടെ ഗുണനിലവാരത്തില്‍ സംശയമുണ്ട്. സുരക്ഷാ ഏജന്‍സികള്‍ തങ്ങളുടെ ശക്തരായ ആളുകളെ മാളുകളിലേക്കും സിനിമാ ശാലകളിലേക്കും അയക്കുകയും ആശുപത്രികളിലേക്ക് അവശരായവരെയും പ്രായമായവരെയുമാണ് നിയമിക്കുന്നത് ഈ സ്ഥിതിക്ക് മാറ്റം വരണം. അതോടൊപ്പം ആശുപത്രികള്‍ ഉത്സവപ്പറമ്പുകളല്ലെന്നും ആളുകള്‍ കൂട്ടമായി രോഗികളോടൊപ്പം വരുന്ന പതിവ് ഒഴിവാക്കണമെന്നും സംഘടന നിര്‍ദ്ദേശിച്ചു.