വ്യവസായിയുടെ കൊലപാതകം: അട്ടപ്പാടി ചുരത്തില്‍ രണ്ട് ട്രോളിബാഗുകള്‍ കണ്ടെത്തി

വ്യവസായിയുടെ കൊലപാതകം: അട്ടപ്പാടി ചുരത്തില്‍ രണ്ട് ട്രോളിബാഗുകള്‍ കണ്ടെത്തി 


മലപ്പുറം: തിരൂര്‍ സ്വദേശിയായ വ്യാപാരിയെ കൊലപ്പെടുത്തി കഷ്ണങ്ങളാക്കി അട്ടപ്പാടിയിലെ കൊക്കയിലേക്ക് തള്ളിയ സംഭവത്തിൽ അട്ടപ്പാടി ചുരം ഒന്‍പതാം വളവിന് താഴെ കൊക്കയില്‍ നിന്ന് രണ്ട് ട്രോളി ബാഗുകള്‍ കണ്ടെത്തി. മുകളില്‍ നിന്ന് താഴേക്ക് വലിച്ചെറിഞ്ഞ നിലയിലാണ് ബാഗുകള്‍. ബാഗുകളില്‍ ഒന്ന് പാറക്കൂട്ടത്തിനിടയിലും മറ്റൊന്ന് വെള്ളത്തിലുമാണുള്ളത്. തിരൂര്‍ എഴൂര്‍ മേച്ചേരി വീട്ടില്‍ ബീരാന്റെ മകന്‍ സിദ്ദിഖ് (58) കൊല്ലപ്പെട്ടതായാണ് പോലീസ് കണ്ടെത്തിയിരുന്നത്. സംഭവവുമായി ബന്ധപ്പെട്ട് ഇയാളുടെ സ്ഥാപനത്തിലെ ജീവനക്കാരന്‍ ചെര്‍പ്പുളശ്ശേരി സ്വദേശി ഷിബിലി (22), ഫര്‍ഹാന (18) എന്നിവരെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു.

തിരൂര്‍ സ്വദേശി ഹോട്ടല്‍ ഉടമയായ സിദ്ധിഖിന്റെ തിരോധാനവുമായി ബന്ധപ്പെട്ട അന്വേഷണത്തിലാണ് കൊലപാതകം സംബന്ധിച്ച ഞെട്ടിപ്പിക്കുന്ന വിവരങ്ങള്‍ പുറത്തായത്. സിദ്ദിഖിനെ കൊലപ്പെടുത്തിയെന്നും മൃതദേഹം ട്രോളിബാഗിലാക്കി അട്ടപ്പാടി ചുരത്തില്‍ ഉപേക്ഷിച്ചതായും ഇവര്‍ പോലീസിനോട് വെളിപ്പെടുത്തിയിരുന്നു. ഇതോടെയാണ് പോലീസ് സംഘം അട്ടപ്പാടി ചുരത്തിൽ പരിശോധനയ്‌ക്കെത്തിയത്.

പ്രതികള്‍ ഇന്നലെ മുതല്‍ ഒളിവില്‍ ആയിരുന്നു. ഷിബിലിന് 22 ഉം ഫര്‍ഹാനയ്ക്ക് 18 വയസുമാണ് പ്രായം. സിദ്ധിഖിനെ കാണാനില്ലെന്ന മകന്റെ പരാതിയില്‍ നടത്തിയ അന്വേഷണമാണ് ഞെട്ടിപ്പിക്കുന്ന കൊലപാതകത്തിലേക്ക് എത്തിയിരിക്കുന്നത്. രണ്ടാഴ്ച മുമ്പാണ് ഷിബിലി ഹോട്ടലില്‍ പണിക്കെത്തിയതെന്ന് ഹോട്ടലിലെ ജീവനക്കാര്‍ പറയുന്നു. എന്നാല്‍ സ്വഭാവ ദൂഷ്യം കാരണം പിന്നീട് ഇയാളെ പറഞ്ഞുവിടുകയായിരുന്നു. എന്തിനാണ് ഇവർ സിദ്ധിഖിനെ കൊലപ്പെടുത്തിയതെന്ന് ഇനിയും വ്യക്തമായിട്ടില്ല.