
പാലക്കാട്: ട്രെയിൻ തട്ടി കാട്ടാനകൾ ചരിയുന്നത് തടയാൻ പുതിയ സഞ്ചാര പാത നിർമ്മിക്കുകയാണ് റയിൽവെ. പാലക്കാട് വാളയാറിന് സമീപത്താണ് റെയിൽവേ രണ്ട് അടിപ്പാതകൾ നിർമ്മിക്കുന്നത്. കാട്ടാനകൾക്ക് അവയുടെ ആവാസവ്യവസ്ഥയിൽ തന്നെ തുടരാൻ സഞ്ചാര പാത നിർമ്മിക്കുകയാണ് റെയിൽവേയുടെ ലക്ഷ്യം.
വാളയാറിനും ഒലവക്കോടിനും ഇടയിൽ ബി ട്രാക്കിൽ ഒന്നര വർഷത്തിനിടെ 7 കാട്ടാനകളാണ് ട്രൈൻ തട്ടി ചരിഞ്ഞത്. കാടിറങ്ങുന്ന കൊമ്പന്മാർ പലപ്പോഴും ട്രെയിൻ പാളം മുറിച്ചുകടന്ന് ജനവാസ മേഖലയിൽ എത്തി വ്യാപകമായി കൃഷി നശിപ്പിക്കുകയും ആളുകളെ ആക്രമിക്കുകയും ചെയ്യുന്നത് പതിവാണ്. ഇത് തടയുന്നതിനായി 16 കോടി രൂപ ചിലവിൽ രണ്ട് ആന താരകൾ നിർമ്മിക്കുകയാണ് ഇന്ത്യൻ റെയിൽവേ. വാളയാറിനും നവകരയ്ക്കും ഇടയിലായാണ് പാത നിർമ്മാണം പുരോഗമിക്കുന്നത്. പാതനിർമ്മാണം പൂർത്തിയായാൽ ആനക്കൂട്ടങ്ങൾക്ക് അടിപ്പാതകളിലൂടെ സ്വൈര്യ വിഹാരം നടത്താം.
മുന്നിൽ 'പടയപ്പ', മൂന്നാറിൽ ശുചീകരണത്തൊഴിലാളികൾ പ്ലാന്റിനുളളിൽ കുടുങ്ങി
നിലവിൽ ബി ട്രാക്കിൽ വാളയാർ ഭാഗത്ത് ട്രെയിനുകളുടെ വേഗത 20 കീമി ആണ്. അടിപ്പാത നിർമ്മാണം പൂർത്തിയാകുന്നതോടെ വേഗത കൂട്ടാൻ കഴിയുമെന്നാണ് പ്രതീക്ഷ. മൂന്നുമാസം മുമ്പാണ് അടിപ്പാത നിർമ്മാണം തുടങ്ങിയത്. ഇതിൻ്റെ നിർമ്മാണം രണ്ടുമാസത്തിനുള്ളിൽ പൂർത്തീകരിക്കാൻ കഴിയുമെന്നാണ് റെയിൽവേ കരുതുന്നത്. അതിനു പിന്നാലെ രണ്ടാം പാതയുടെ നിർമ്മാണവും ആരംഭിക്കുമെന്നാണ് റിപ്പോർട്ട്.