കര്‍ണാടക പിടിച്ചു, ഇനി മധ്യപ്രദേശ്: പ്രിയങ്ക വരും, നിയമസഭ തിരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍ തുടങ്ങുന്നു

കര്‍ണാടക പിടിച്ചു, ഇനി മധ്യപ്രദേശ്: പ്രിയങ്ക വരും, നിയമസഭ തിരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍ തുടങ്ങുന്നു


കര്‍ണാടകയിലെ ഉജ്ജല വിജയത്തിന് പിന്നാലെ മധ്യപ്രദേശില്‍ തിരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കം കുറിക്കാനൊരുങ്ങി കോണ്‍ഗ്രസ്. കര്‍ണാടകയിലേതിന് സമാനമായി കഴിഞ്ഞ നിയമസഭ തിരഞ്ഞെടുപ്പ് കഴിഞ്ഞപ്പോള്‍ കോണ്‍ഗ്രസായിരുന്നു അധികാരത്തിലേറിയിരുന്നതെങ്കിലും പിന്നീട് എം എല്‍ എമാര്‍ കൂറുമാറിയതോടെ കമല്‍നാഥ് സര്‍ക്കാര്‍ താഴെ വീഴുകയായിരുന്നു.

ജ്യോതിരാദിത്യ സിന്ധ്യയുടെയും അദ്ദേഹത്തിന്റെ വിശ്വസ്തരായ 20 ലധികം എം എല്‍ എമാരുടെയും കലാപത്തെത്തുടര്‍ന്ന് 2020 മാര്‍ച്ചിലായിരുന്നു കമല്‍നാഥ് സര്‍ക്കാറിന് രാജിവെക്കേണ്ടി വന്നത്. പിന്നാലെ സംസ്ഥാനത്ത് ബി ജെ പി അധികാരത്തിലേറുകയും ചെയ്തു. ഈ വര്‍ഷം അവസാനം സംസ്ഥാനം മറ്റൊരു നിയമസഭ തിരഞ്ഞെടുപ്പിന് ഒരുങ്ങുമ്പോള്‍ നഷ്ടമായ അധികാരം ഏത് വിധേനയും തിരിച്ച് പിടിക്കാനുള്ള ശ്രമത്തിലാണ് കോണ്‍ഗ്രസ്.


നിയമസഭ തിരഞ്ഞെടുപ്പ് പ്രചരണങ്ങള്‍ക്ക് കര്‍ണാടക മാതൃകയില്‍ വളരെ നേരത്തെ തന്നെ തുടക്കം കുറിക്കാനാണ് കോണ്‍ഗ്രസ് തീരുമാനം. ഇതിന്റെ ഭാഗമായി എ ഐ സി സി ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധി പങ്കെടുക്കുന്ന പൊതുയോഗം ജൂണ്‍ 12 ന് നടക്കും. ജബല്‍പൂരിലാണ് പ്രിയങ്ക പങ്കെടുക്കുന്ന യോഗം. സംസ്ഥാനത്തെ മഹാകോശല്‍ മേഖലയിലെ ഏറ്റവും വലിയ നഗരമാണ് ജബല്‍പൂര്‍.