പഴയ വാഹനങ്ങളിലും അതിസുരക്ഷാ നമ്പർ പ്ലേറ്റ് നിർബന്ധം: ഹൈക്കോടതി




സംസ്ഥാനത്ത് റജിസ്റ്റർ ചെയ്ത എല്ലാ വാഹനങ്ങളിലും അതിസുരക്ഷാ നമ്പർപ്ലേറ്റ് നിർബന്ധമായി ഘടിപ്പിക്കണമെന്ന് ഹൈക്കോടതി വ്യക്തമാക്കി. പുതിയ വാഹനങ്ങൾക്ക് ഇവയുണ്ടെങ്കിലും 2019 ഏപ്രിൽ ഒന്നിനു മുൻപുള്ള വാഹനങ്ങളിൽ ഇത് നടപ്പാക്കിയിരുന്നില്ല.

വാഹനങ്ങളിൽ ഇതു സ്ഥാപിക്കാൻ കേന്ദ്ര അംഗീകാരമുള്ള ഏജൻസികൾക്കു സംസ്ഥാന സർക്കാരിന്റെ അനുമതി ആവശ്യമില്ലെന്നു കോടതി വ്യക്തമാക്കി. അതേസമയം, അംഗീകൃത ലൈസൻസികളുടെ ഡീലർമാർക്ക് അനുമതി ആവശ്യമാണ്. 

കഴിഞ്ഞ മാർച്ചിൽ കോടതി സംസ്ഥാന സർക്കാരിന്റെ വിശദീകരണം തേടിയിരുന്നു. അംഗീകൃത സ്ഥാപനങ്ങളെ തിരഞ്ഞെടുക്കാൻ സർക്കാർ 3 മാസം ആവശ്യപ്പെട്ടു. എന്നാൽ, കോടതിയുടെ പുതിയ നിർദേശമനുസരിച്ച്, കേന്ദ്ര അംഗീകാരമുള്ള 17 സ്ഥാപനങ്ങൾക്ക് ഇതു കൈകാര്യം ചെയ്യാം. വാഹൻ പോർട്ടലിൽ ഇതിന്റെ വിശദാംശം രേഖപ്പെടുത്തുന്ന കാര്യത്തിൽ സംസ്ഥാന അധികൃതർ തീരുമാനമെടുക്കേണ്ടി വരും. 2001 ലെ മോട്ടർവാഹന ഭേദഗതി നിയമപ്രകാരമാണ് അതിസുരക്ഷാ നമ്പർ പ്ലേറ്റ് നിർബന്ധമാക്കിയത്. എല്ലാ വാഹനങ്ങളിലും ഇതു നിർബന്ധമാക്കി 2018 ഡിസംബർ 6നു കേന്ദ്രം വിജ്ഞാപനമിറക്കി. 2019 മേയ് 9നു സംസ്ഥാന ഗതാഗത വകുപ്പും സർക്കുലർ ഇറക്കി.

പഴയ വാഹനങ്ങൾക്ക് ഇതു നടപ്പാക്കുന്നില്ലെന്നു ചൂണ്ടിക്കാട്ടി തമിഴ്നാട്ടിലെ മോട്ടർ സൈൻസും സംസ്ഥാനത്തിന്റെ അംഗീകാരമില്ലെന്നു പറഞ്ഞു നടപടിയെടുക്കുന്നതിനെതിരെ മലപ്പുറത്തെ ഓർബിസ് ഓട്ടോമോട്ടിവ്സും നൽകിയ ഹർജികൾ പരിഗണിച്ചാണു ജസ്റ്റിസ് രാജ വിജയരാഘവന്റെ ഉത്തരവ്. 

വിധി നടപ്പാക്കിയാൽ നമ്പർ പ്ലേറ്റ് ദുരുപയോഗം ഉൾപ്പെടെ നിയമലംഘനങ്ങൾ അവസാനിപ്പിക്കാമെന്ന് സന്നദ്ധ സംഘടനയായ ‘ആക്സിഡന്റ് റെസ്ക്യൂ’ പ്രസിഡന്റ് സുനിൽ ബാബു പറഞ്ഞു. കേരളത്തിൽ 3 മാസംകൊണ്ട് ഇതു നടപ്പാക്കാനാകുമെന്നും പറഞ്ഞു.

അതിസുരക്ഷാ നമ്പർ പ്ലേറ്റ്

ഇളക്കി മാറ്റാനോ രണ്ടാമത് ഉപയോഗിക്കാനോ പറ്റാത്തവിധം മുന്നിലും പിന്നിലും പ്ലേറ്റ് ഘടിപ്പിച്ച് നിർമാതാക്കൾ വാഹനങ്ങൾ ഡീലർമാർക്കു കൈമാറും. ഇതിൽ ക്രോമിയം കൊണ്ടുള്ള ഹോളോഗ്രാം മുദ്രയും സ്ഥിരമായ തിരിച്ചറിയൽ നമ്പറും ഉണ്ടാവും.