മുഖംമൂടി ധരിച്ച് വയോധികയുടെ കാലു തല്ലിയൊടിച്ച മരുമകൾ പിടിയിൽ

തിരുവനന്തപുരം: ബാലരാമപുരത്ത് മുഖം മൂടി ധരിച്ച് വയോധികയുടെ കാല് തല്ലിയൊടിച്ച മരുമകള്‍ അറസ്റ്റിൽ. ബാലരാമപുരം സ്വദേശി വാസന്തി (63)യെ ആക്രമിച്ച് കാലോടിച്ചതിന് മകന്റെ ഭാര്യ സുകന്യ( 36 )യാണ് അറസ്റ്റിലായത്. മർദ്ദനത്തിൽ തലയ്ക്കും കാലിനും വാസന്തിക്ക് ഗുരുതരമായി പരിക്ക് പറ്റിയിരുന്നു.
രണ്ടാമത്തെ മകൻ രതീഷ് കുമാറിൻ്റെ ഭാര്യയാണ് സുകന്യ. മദ്യപാനിയായ രതീഷ് കുമാര്‍ ഭാര്യയെ സ്ഥിരമായി തല്ലുമായിരുന്നു. ഇത് ചെയ്യിക്കുന്നത് മകനാണ് എന്ന് ആരോപിച്ചാണ് മരുമകള്‍ പതിയിരുന്ന് വാസന്തിയുടെ കാൽ തല്ലിയൊടിച്ചത്.
ആദ്യം തലയ്ക്കാണ് അടിച്ചതെങ്കിലും പാല്‍പാത്രം കൊണ്ട് തടഞ്ഞതിനാല്‍ അടികൊണ്ടില്ല. താഴെ വീണ വയോധികയുടെ കാല്‍ കമ്പിപ്പാരക്ക് അടിച്ചൊടിച്ച് മർദ്ദിച്ചു. നിലവിളി കേട്ടെത്തിയ നാട്ടുകാര്‍ ഇവരെ നെയ്യാറ്റിന്‍കര ജനറല്‍ ആശുപത്രിയിലും തുടര്‍ന്ന് മെഡിക്കല്‍കോളേജിലേക്കും മാറ്റി.കാലിലെ എല്ല് പൊട്ടിമാറിയ വാസന്തിക്ക് ശസ്ത്രക്രിയ നടത്തി.