രാഷ്ട്രീയക്കാരുടെ നനഞ്ഞ കുടയാകാൻ ഇനി പിന്നോക്കരെ കിട്ടില്ല - വെള്ളാപ്പള്ളി നടേശൻ

രാഷ്ട്രീയക്കാരുടെ നനഞ്ഞ കുടയാകാൻ ഇനി പിന്നോക്കരെ കിട്ടില്ല - വെള്ളാപ്പള്ളി നടേശൻ


ഇരിട്ടി: ഇത്രയും കാലം വോട്ട് ബാങ്ക്  രാഷ്ട്രീയക്കാരുടെ നനഞ്ഞ കുടയായിരുന്നു പിന്നോക്കക്കാരെന്നും കുട നനഞ്ഞുകഴിഞ്ഞാൽ  ബക്കറ്റിൽ തലകീഴായി ഉപേക്ഷിക്കുന്നതുപോലെ ഉപേക്ഷിച്ച് ആവശ്യത്തിനുമാത്രം ഉപയോഗിക്കാൻ ഇനി അവരെ കിട്ടില്ലെന്നും എസ് എൻ ഡി പി യോഗം ജനറൽ സിക്രട്ടറി വെള്ളാപ്പള്ളി നടേശൻ പറഞ്ഞു. വള്ളിത്തോട് ആനപ്പന്തി കവലയിൽ  ഇരിട്ടി എസ്എൻഡിപി യൂണിയൻറെ ആഭിമുഖ്യത്തിൽ പ്രവർത്തക കൺവെൻഷനും, ഗുരു ഭവനത്തിന്റെ താക്കോൽദാനവും, മുതിർന്ന ദമ്പതിമാരെ ആദരിക്കലും  നിർവഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം. ഗുരുദേവൻ സംഘടിച്ച് ശക്തരാകാൻ പറഞ്ഞപ്പോൾ സംഘടിച്ച് അധികാര കേന്ദ്രത്തിൽ എത്തി സ്ഥാനമാനങ്ങൾ കൈക്കലാക്കിയത് സംഘടിത ന്യൂനപക്ഷ വിഭാഗമായിരുന്നു. ആദർശ രാഷ്ട്രീയത്തിന് പകരം അടവ് രാഷ്ട്രീയത്തിലേക്ക് മുന്നണികൾ മാറിയപ്പോൾ സംഘടിത ശക്തി ആകാൻ പിന്നോക്ക വിഭാഗങ്ങൾക്ക് കഴിയണമെന്നും അദ്ദേഹം പറഞ്ഞു. മനുഷ്യന്  മൃഗത്തിന്റെ പരിഗണന പോലും ലഭിക്കുന്നില്ല. നിയമവും ചട്ടവും പറഞ്ഞ്  ഉത്തരവാദിത്വങ്ങളിൽ നിന്നും ഒളിച്ചോടുകയാണ് ഉദ്യോഗസ്ഥരും  ഭരണകൂടവും.  ഇച്ഛാശക്തിയുള്ള ഭരണകൂടം ഇല്ലാത്തതാണ് ആദിവാസി ജനവിഭാഗങ്ങൾ ഉൾപ്പെടെയുള്ളവരുടെ ഇപ്പോഴുള്ള പ്രയാസങ്ങൾക്ക് കാരണമെന്നും വെള്ളാപ്പള്ളി പറഞ്ഞു.  ദാമ്പത്യജീവിതത്തിൽ 45 വർഷം പൂർത്തിയാക്കിയ 380 ഓളം ദമ്പതിമാരെ ചടങ്ങിൽ വച്ച് ആദരിച്ചു. ഡയാലിസിസ് രോഗികൾക്കുള്ള ചികിത്സാസഹായം യോഗം ദേവസ്വം സെക്രട്ടറി അരിയാക്കണ്ടി സന്തോഷ് നിർവഹിച്ചു  
എസ്എൻഡിപി യോഗം ഇരട്ടി യൂണിയൻ പ്രസിഡൻറ് കെ.വി. അജി അധ്യക്ഷത വഹിച്ചു. എസ് എൻ ട്രസ്റ്റ് അംഗങ്ങളായ പി. എം. രവീന്ദ്രൻ, എം. ആർ. ഷാജി, കെ. കെ. ധനേന്ദ്രൻ, ജിതേഷ് വിജയൻ, ഇരട്ടി യൂണിയൻ സെക്രട്ടറി പി. എൻ. ബാബു, വിവിധ യൂണിയൻ നേതാക്കളായ എം.ജി. സാജു. കെ. ജി. യശോധരൻ, കെ. എം. രാജൻ,  കെ. കെ. സോമൻ, എം. കെ. രവീന്ദ്രൻ, പി.കെ. രാമൻ മാസ്റ്റർ,  കെ.എം. സുകുമാരൻ മാസ്റ്റർ, എം. കെ. വിനോദ്, ജിൻസ് ഉളിക്കൽ, പി.ജി. രാമകൃഷ്ണൻ, എ. എം. കൃഷ്ണൻകുട്ടി,  നിർമ്മല അനുരുദ്ധൻ എന്നിവർ സംസാരിച്ചു.  സ്വാമി പ്രേമാനന്ദയും  പ്രീതി നടേശനും ചടങ്ങിൽ സംബന്ധിച്ചു.