കനത്ത മഴയിൽ നടുങ്ങി ബംഗളുരു, കാറിനുള്ളിൽ യുവതി മരിച്ചു, കെട്ടിടം ഇടിഞ്ഞു താഴ്ന്നു.
ബംഗളുരു: കനത്ത മഴ ബംഗളുരു നഗരത്തിൽ വലിയ നാശം വിതയ്ക്കുന്നു. ബംഗളുരു നഗരത്തിലെ അടിപ്പാതയിൽ വെള്ളത്തിൽ കാർ മുങ്ങി യാത്രക്കാരി മരിച്ചു. ആന്ധ്രപ്രദേശ് സ്വദേശിയായ ഇന്‍ഫോസിസ് ജീവനക്കാരി ഭാനു രേഖ (22) ആണ് മരിച്ചത്. ഇതിന് പിന്നാലെ ബംഗളുരു നഗരത്തിൽ കെട്ടിടം ഇടിഞ്ഞു താഴ്ന്നും അപകടമുണ്ടായി. ബംഗളുരു വിദ്യാരണ്യ പുരയിലാണ് മഴയിൽ കെട്ടിടം ഇടിഞ്ഞു താഴ്ന്നത്. ഇവിടെ ആളപായമൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല. ഫയർ ഫോഴ്‌സും പൊലീസും ദുരന്ത നിവാരണ സേനയും സ്ഥലത്തെത്തി രക്ഷാ പ്രവർത്തനം നടത്തുകയാണ്. സുരക്ഷിതമായി കെട്ടിട അവശിഷ്ടങ്ങൾ മാറ്റാൻ ശ്രമിക്കുകയാണ് രക്ഷാ സേന.
നേരത്തെ കനത്ത മഴയിൽ കർണാടക നിയമസഭയുടെ തൊട്ടടുത്തുള്ള കെ ആര്‍ സര്‍ക്കിളിലെ അടിപ്പാതയിലുണ്ടായ വെള്ളക്കെട്ടിൽ കാർ മുങ്ങിയാണ് ഇന്‍ഫോസിസ് ജീവനക്കാരിയായ ഭാനു മരിച്ചത്. മരിച്ച യുവതിയുടെ കുടുംബാംഗങ്ങളെ കാണാൻ കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ ആശുപത്രിയിലെത്തി. ഭാനുരേഖയുടെ കുടുംബത്തിന് അഞ്ച് ലക്ഷം രൂപയും മറ്റ് കുടുംബാംഗങ്ങൾക്ക് സൗജന്യ ചികിത്സയും മുഖ്യമന്ത്രി പ്രഖ്യാപിച്ചു. അതേസമയം ബെംഗളൂരുവിൽ കനത്ത മഴയും ഇടിമിന്നലും തുടരുകയാണ്. നഗരത്തിന്റെ പല ഭാഗങ്ങളും വെള്ളത്തിനടിയിലാണ്