
മൂന്നാര്‍: മലമുകളില്‍ നിന്ന് അടര്‍ന്നുവന്ന കുറ്റൻ പാറ കാറിന്റെ ഡ്രൈവർ സീറ്റിനോട് ചേർന്ന് ഇടിച്ച് ഡ്രൈവറിന്റെ കാലിന് ഗുരുതരപരിക്കേറ്റു. മൂന്നാര്‍ അന്തര്‍ സംസ്ഥാനപാതയില്‍ പെരിയവര റോഡിലാണ് സംഭവം. സൂര്യനെല്ലി സ്വദേശി അന്തോണി രാജിനാണ് ആണ് പരിക്കേറ്റത്. തലനാരിഴക്കാണ് കൂടുതൽ അപകടങ്ങൾ ഒഴിവായത്. മൂന്നാര്‍ ഉതുമല്‍പ്പെട്ട അന്തര്‍ സംസ്ഥാന പാതയില്‍ പെരിവാര റോഡില്‍ മലമുകളില്‍ നിന്ന് അടര്‍ന്നുവന്ന പാറ വാഹനത്തിന്റെ ഒരു വശത്തടിക്കുകയായിരുന്നു. തലനാരിഴക്കാണ് വലിയ അപകടം ഒഴിവായത്.
മലമുകളില്‍ നിന്ന് അടര്‍ന്നുവന്ന പാറ റോഡിന് മുകളിലുള്ള മണ്‍തിട്ടയില്‍ പതിച്ച് രണ്ടായി പിളര്‍ന്നു. ഇതിൽ ഒരു ഭാഗമാണ് കാറിന്റെ ഡ്രൈവിങ് സീറ്റിനടുത്തുള്ള ഭാഗത്ത് ഇടിച്ചത്. വാഹനത്തിൽ ഇടിച്ച ശേഷം പാറ പെരിയവാര പുഴയില്‍ പതിച്ചു. ഇടിയുടെ ആഘാതത്തിൽ വാഹനം റോഡില്‍ നിന്ന് തെന്നിമാറി പെരിവാരാ പുഴയ്ക്ക് സമീപമുള്ള മണ്‍ തിട്ടയിൽ തട്ടി നിൽക്കുകയായിരുന്നു.
തലനാരിഴയക്കാണ് കൂടുതൽ വലിയ അപകടം ഉണ്ടാകാതെ ഒഴിവായെന്ന് ദൃക്സാക്ഷിയായ കരിക്ക് വില്പനക്കാരൻ പറഞ്ഞു. സഞ്ചാരികളെ രാജമലയില്‍ ഇറക്കിവിട്ട ശേഷം വസ്ത്രം എടുക്കാനായി മൂന്നാര്‍ ടൗണിലേക്ക് എത്തുന്ന വഴിക്കായിരുന്നു വാഹനം അപകടത്തില്‍പ്പെട്ടത്. തുടര്‍ന്ന് അഗ്‌നിശമനാസേനയും ആംബുലന്‍സും സ്ഥലത്തെത്തി നാട്ടുകാരുടെ സഹായത്തോടെ പരിക്കേറ്റ ഡ്രൈവറെ മൂന്നാര്‍ ടാറ്റ ഹൈറെഞ്ച് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.