താനൂർ അപകടം; ബോട്ടുടമ നാസർ അറസ്റ്റിൽ, നരഹത്യാ കുറ്റം ചുമത്തി

താനൂർ അപകടം; ബോട്ടുടമ നാസർ അറസ്റ്റിൽ, നരഹത്യാ കുറ്റം ചുമത്തി

മലപ്പുറം: താനൂരിൽ ഇരുപതിലേറെപേരുടെ മരണത്തിലേക്ക് നയിച്ച അപകടമുണ്ടാക്കിയ വിനോദസഞ്ചാര ബോട്ടിന്‍റെ ഉടമ നാസർ അറസ്റ്റിൽ. താനൂർ സ്വദേശിയായ നാസറിനെ കോഴികോട് നിന്നാണ് പൊലീസ് അറസ്റ്റ് ചെയ്തത്. നരഹത്യ കുറ്റം ചുമത്തി ഇയാള്‍ക്കെതിരെ പൊലീസ് കേസെടുത്തിട്ടുണ്ട്. നാസറിന്‍റെ വാഹനം കൊച്ചിയിൽ പിടികൂടുകയും ചെയ്തിരുന്നു.

കേരളത്തെ നടുക്കിയ താനൂർ ബോട്ടപകടത്തിൽ 22 പേരാണ് മരിച്ചത്. മരിച്ചവരിൽ 15 പേരും കുട്ടികളാണ്. അഞ്ച് സ്ത്രീകളും രണ്ട് പുരുഷന്മാർക്കും ദുരന്തത്തിൽ ജീവൻ നഷ്ടമായി. മരിച്ചവരിൽ 11 പേർ പരപ്പനങ്ങാടിയിലെ ഒരു കുടുംബത്തിലെ അംഗങ്ങളാണ്. അപകടത്തിൽ ജുഡീഷ്യൽ അന്വേഷണം പ്രഖ്യാപിച്ച മുഖ്യമന്ത്രി, മരിച്ചവരുടെ കുടുംബങ്ങൾക്ക് പത്ത് ലക്ഷം ധനസഹായം പ്രഖ്യാപിച്ചിട്ടുണ്ട്. എട്ട് പേരാണ് കോട്ടക്കൽ, തിരൂരങ്ങാടി, കോഴിക്കോട് ആശുപത്രികളിലായി ചികിത്സയിലുള്ളത്. നിസാര പരിക്കേറ്റ രണ്ട് പേർ ആശുപത്രി വിട്ടു. ബോട്ടിലുണ്ടായിരുന്ന അഞ്ച് പേർ നീന്തി രക്ഷപ്പെട്ടു. അപകടമുണ്ടായ പുഴയിൽ എൻഡിആർഎഫിന്റെ നേതൃത്വത്തിൽ തെരച്ചിൽ തുടരുകയാണ്.