SSLC Result:സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍ വിജയ ശതമാനം കണ്ണൂരിൽ 99.94; എ പ്ലസ് തിളക്കത്തില്‍ മലപ്പുറം.

SSLC Result:സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍ വിജയ ശതമാനം കണ്ണൂരിൽ 99.94; എ പ്ലസ് തിളക്കത്തില്‍  മലപ്പുറം

തിരുവനന്തപുരം: എസ് എസ് എല്‍ സി പരീക്ഷാഫലത്തില്‍ കണ്ണൂരിനും മലപ്പുറത്തിനും വിജയ തിളക്കം. ഈ വര്‍ഷം സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍ വിജയ ശതമാനം കണ്ണൂര്‍ ജില്ലയില്‍ ആണ്. 99.94 ശതമാനം ആണ് കണ്ണൂര്‍ ജില്ലയിലെ വിജയ ശതമാനം. അതോടൊപ്പം മലപ്പുറം ജില്ല ഈ വര്‍ഷവും ഏറ്റവും കൂടുതല്‍ എ പ്ലസ് നേടുന്ന ജില്ല എന്ന നേട്ടം സ്വന്തമാക്കി. സംസ്ഥാനത്തെ 4856 എ പ്ലസുകാര്‍ മലപ്പുറം ജില്ലയില്‍ ആണ്.

മലപ്പുറത്തെ പി കെ എം എം എച്ച് എസ് എസ് എടരിക്കോടിലാണ് ഏറ്റവും കൂടുതല്‍ പേര്‍ പരീക്ഷ എഴുതിയത്. ഇവിടെ പരീക്ഷയെഴുതിയ 1876 പേരും വിജയിച്ചു. എച്ച് എം എച്ച് എസ് എസ് രണ്ടാര്‍ക്കരയിലാണ് ഏറ്റവും കുറവ് വിദ്യാര്‍ത്ഥികള്‍ പരീക്ഷ എഴുതിയത്. ഇവിടെ പരീക്ഷ എഴുതിയത് ഒരു വിദ്യാര്‍ത്ഥിയാണ്. ആ വിദ്യാര്‍ത്ഥി വിജയിക്കുകയും ചെയ്തു. അതേസമയം ഏറ്റവും കുറവ് വിജയ ശതമാനമുള്ള ജില്ല വയനാടാണ്. 98.41 ആണ് വയനാട്ടിലെ വിജയ ശതമാനം.


അതേസമയം ഈ വര്‍ഷം സംസ്ഥാനത്ത് എസ് എസ് എല്‍ സിക്ക് 99.70 ആണ് വിജയ ശതമാനം. 419128 വിദ്യാര്‍ത്ഥികള്‍ പരീക്ഷ എഴുതിയതില്‍ 417864 വിദ്യാര്‍ത്ഥികളും ഉപരിപഠനത്തിന് യോഗ്യത നേടിയത്. കഴിഞ്ഞ വര്‍ഷം 99.26 ശതമാനമായിരുന്നു വിജയ ശതമാനം. ഇത്തവണ സംസ്ഥാനത്ത് 68604 വിദ്യാര്‍ത്ഥികള്‍ക്ക് മുഴുവന്‍ വിഷയങ്ങളിലും എ പ്ലസ് ഉണ്ട്. കഴിഞ്ഞ വര്‍ഷം 44363 വിദ്യാര്‍ത്ഥികള്‍ക്കായി എല്ലാവിഷയത്തിനും എ പ്ലസ് ലഭിച്ചത്.




ഗള്‍ഫ് മേഖലയില്‍ പരീക്ഷ എഴുതിയ 518 വിദ്യാര്‍ഥികളില്‍ 504 പേര്‍ ഉപരിപഠനത്തിന് യോഗ്യത നേടി. 97.3% ആണ് വിജയ ശതമാനം. ഗള്‍ഫിലെ നാല് സെന്ററുകളില്‍ 100 ശതമാനമാണ് വിജയം. ലക്ഷദ്വീപില്‍ പരീക്ഷ എഴുതിയ 289 വിദ്യാര്‍ത്ഥികളില്‍ 283 പേര്‍ ജയിച്ചു. 97.92 ആണ് വിജയശതമാനം. ടി എച്ച് എസ് എല്‍ സിയില്‍ 99.9 ആണ് വിജയ ശതമാനം. 2914 വിദ്യാര്‍ഥികള്‍ പരീക്ഷ എഴുതിയതില്‍ 2913 പേര്‍ ഉപരിപഠനത്തിന് യോഗ്യത നേടി.