കല്യാണം കഴിഞ്ഞ് 20-ാം ദിവസം 10 വർഷത്തെ പ്രണയസാഫല്യം; കാമുകനൊപ്പം പോകാന്‍ ഭാര്യയെ സഹായിച്ചത് ഭര്‍ത്താവ് !

കല്യാണം കഴിഞ്ഞ് 20-ാം ദിവസം 10 വർഷത്തെ പ്രണയസാഫല്യം; കാമുകനൊപ്പം പോകാന്‍ ഭാര്യയെ സഹായിച്ചത് ഭര്‍ത്താവ് !


വിവാഹശേഷം കാമുകനൊപ്പം പോകാന്‍ ഭാര്യയെ സഹായിച്ച് ഭര്‍ത്താവ്. മഹാരാഷ്ട്രയിലെ ബീച്ച് കില ഗ്രാമത്തിലാണ് നാടകീയ സംഭവം നടന്നത്.വീട്ടുകാരുടെ നിര്‍ബന്ധത്തിന് വഴങ്ങിയാണ് തന്നെ വിവാഹം കഴിച്ചതെന്നും യുവതി മറ്റൊരാളുമായി സ്നേഹത്തിലായിരുന്നുന്നെന്നും മനസിലാക്കിയ യുവാവ് ഭാര്യയെ കാമുകനൊപ്പം പോകാന്‍ സമ്മതിക്കുകയായിരുന്നു. കഴിഞ്ഞ മെയ് പത്തിനായിരുന്നു സനോജ് കുമാറിന്‍റെയും പ്രിയങ്ക കുമാരിയുടെയും വിവാഹം.

വിവാഹശേഷമുള്ള ആദ്യ ദിവസങ്ങളില്‍ തന്നെ ഭാര്യ തങ്ങളുടെ ദാമ്പത്യജീവിതത്തില്‍ സന്തുഷ്ടയല്ലെന്ന് ഭര്‍ത്താവ് സനോജ് കുമാർ മനസിലാക്കി. കാര്യം അന്വേഷിച്ചപ്പോൾ ഭാര്യ പ്രിയങ്ക താന്‍ മറ്റൊരു യുവാവുമായി പ്രണയത്തിലാണ് അറിയിച്ചു. നീണ്ട പത്തുവര്‍ഷമായി തങ്ങൾ പ്രണയത്തിലായിരുന്നു. ഇരുവരും തമ്മിലുള്ള പ്രണയവിവരം വീട്ടില്‍ അറിയിച്ചെങ്കിലും വ്യത്യസ്ത ജാതിയില്‍പ്പെട്ടവരായതിനാല്‍ വിവാഹത്തിന് സമ്മതിച്ചില്ലെന്ന്   പ്രിയങ്ക കുമാരി സനോജിനോട് പറഞ്ഞു.


പ്രിയങ്കയുടെ സ്ഥിതി മനസിലാക്കിയ ഭര്‍ത്താവ് സനോജ്,  കാമുകനൊപ്പം ഒളിച്ചോടാന്‍ ഭാര്യയെ സഹായിക്കുകയായിരുന്നു. വിവാഹം കഴിഞ്ഞ് 20 ദിവസങ്ങൾ പിന്നിട്ട ശേഷമാണ് ഭാര്യ കാമുകനുമായി ഒളിച്ചോടിയത്. എന്നാല്‍ നാട്ടുകാര്‍ ചേര്‍ന്ന്  ഇവരെ പിടികൂടി പൊലീസ് സ്റ്റേഷനിലെത്തിച്ചു. തുടര്‍ന്ന് ഭര്‍ത്താവ് സനോജ് കുമാറിനെയും വീട്ടുകാരെയും സ്‌റ്റേഷനിലേക്ക്  പൊലീസ് വിളിച്ചുവരുത്തി. ഭാര്യ, അവളുടെ കാമുകനായ ജിതേന്ദ്രക്കൊപ്പം പോകുന്നതിൽ തനിക്ക് എതിർപ്പില്ലെന്നും തന്‍റെ അറിവോടെയായിരുന്നു ഇരവരും പോയതെന്നും സനോജ് കുമാർ പൊലീസിനെ അറിയിച്ചു.