സൗദിയില്‍ വൻ തീപിടിത്തം; 10 മരണം, ഒരാള്‍ മലയാളിയെന്ന് സൂചന





സൗദിയില്‍ വൻ തീപിടിത്തം; 10 മരണം, ഒരാള്‍ മലയാളിയെന്ന് സൂചന

റിയാദ്: സൗദിയുടെ കിഴക്കന്‍ പ്രവിശ്യയായ അൽ ഹസ്സയിൽ വൻ തീപിടിത്തം. അഞ്ച് ഇന്ത്യാക്കാരുൾപ്പടെ 10 പേർ മരിച്ചതായി വിവരം. അൽ ഹസ്സയിലെ ഹുഫൂഫിൽ ഇൻഡസ്ട്രിയല്‍ മേഖലയിലെ ഒരു വർക്ക്ഷോപ്പിലാണ് വൈകിട്ടോടെ തീപിടിത്തമുണ്ടായത്. വർക്ക്ഷോപ്പ് ജീവനക്കാരായ 10 പേര്‍ വെന്ത് മരിച്ചതായി ദൃക്സാക്ഷികൾ പറയുന്നു.

എട്ട് പേരുടെ മൃതദേഹങ്ങള്‍ തിരിച്ചറിഞ്ഞവയില്‍ അഞ്ച് പേര്‍ ഇന്ത്യക്കാരും മൂന്ന് പേര്‍ ബംഗ്ലാദേശ് പൗരന്മാരുമാണെന്നാണ് വിവരം. മരിച്ചവരില്‍ ഒരാള്‍ മലയാളിയാണെന്നാണ് സൂചന. എന്നാല്‍ ഇദ്ദേഹത്തിെന്‍റെ പേരുവിവരങ്ങളും മറ്റും പുറത്ത് വന്നിട്ടില്ല. ബാക്കിയുള്ള രണ്ട് പേരെ കൂടി തിരിച്ചറിയാനുണ്ട്. തീപിടുത്തത്തിന്‍റെ കാരണം സംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ പുറത്ത് വന്നിട്ടില്ല.

(പ്രതീകാത്മക ചിത്രം)



നൂറ്റി നാല്‍പ്പത് മീറ്റര്‍ ആഴമുള്ള കുഴല്‍ക്കിണറില്‍ വീണ് ഇന്ത്യക്കാരന്‍ മരിച്ചു

റിയാദ്: സൗദിയില്‍ നൂറ്റി നാല്‍പ്പത് മീറ്റര്‍ ആഴമുള്ള കുഴല്‍ക്കിണറില്‍ വീണ് ഇന്ത്യക്കാരന്‍ മരിച്ചു. മരണപ്പെട്ട ഇന്ത്യക്കാരന്റെ മൃതദേഹം കുഴല്‍ക്കിണറില്‍ നിന്ന് പുറത്തെടുത്തതായി സൗദി സിവില്‍ ഡിഫന്‍സ് അധികൃതര്‍ അറിയിച്ചു. മദീനയിലാണ് ദാരുണ സംഭവം ഉണ്ടായത്. 

140 മീറ്റര്‍ 35 സെന്റീമീറ്റര്‍ വ്യാസവുമുള്ള കുഴല്‍ക്കിണറില്‍ നിന്നും ഏറെ നേരത്തെ ശ്രമങ്ങള്‍ക്കൊടുവിലാണ് മൃതദേഹം സിവില്‍ ഡിഫന്‍സ് സംഘം പുറത്തെടുത്തത്. കുഴല്‍ക്കിണറില്‍ ഒരാള്‍ കുടുങ്ങിയെന്ന റിപ്പോര്‍ട്ട് ലഭിച്ച ഉടന്‍ തന്നെ മദീനയിലെ സിവില്‍ ഡിഫന്‍സ് സംഘം സ്ഥലത്തെത്തി രക്ഷാപ്രവര്‍ത്തനം ആരംഭിച്ചെങ്കിലും ഇന്ത്യക്കാരന്റെ ജീവന്‍ രക്ഷിക്കാനായില്ല.

കിണറിനുള്ളില്‍ കുടുങ്ങിയയാളെ രക്ഷപ്പെടുത്താനായി ഫീല്‍ഡ് കമാന്‍ഡ് സെന്റര്‍, അത്യാധുനിക ഉപകരണങ്ങള്‍ എന്നിവ ഉള്‍പ്പെടെ എല്ലാ സജ്ജീകരണങ്ങളും ഒരുക്കിയാണ് രക്ഷാപ്രവര്‍ത്തനം നടത്തിയതെന്ന് മേഖല സിവില്‍ ഡിഫന്‍സ് വക്താവ് വ്യക്തമാക്കി. കിണറില്‍ കുടുങ്ങിയയാളുടെ ആരോഗ്യസ്ഥിതി നിരീക്ഷിക്കാനായി പ്രത്യേക ക്യാമറ സജ്ജീകരണങ്ങളും, ഓക്‌സിജന്‍ സംവിധാനവും ഏര്‍പ്പെടുത്തിയിരുന്നു. ഇന്ത്യക്കാരന്‍ കുടുങ്ങിയ സ്ഥലത്തിന് സമാന്തരമായി മറ്റൊരു കിണര്‍ കുഴിച്ചാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്. 27 മണിക്കൂറോളമാണ് രക്ഷാപ്രവര്‍ത്തനം നീണ്ടുനിന്നത്. കിണറില്‍ കുടുങ്ങിയയാളെ രക്ഷപ്പെടുത്താനുള്ള എല്ലാ ശ്രമങ്ങളും നടത്തിയെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.