ഭാര്യയെ കാണാനില്ല, പരാതിയുമായി 12 യുവാക്കൾ, എല്ലാവരും നൽകിയത് ഒരേ യുവതിയുടെ ചിത്രം!

ഭാര്യയെ കാണാനില്ല, പരാതിയുമായി 12 യുവാക്കൾ, എല്ലാവരും നൽകിയത് ഒരേ യുവതിയുടെ ചിത്രം!


വിവാഹത്തട്ടിപ്പുകളുടെ പല വാർത്തകളും നാം കേട്ടിട്ടുണ്ട്. അതുപോലെ ഒരു വൻ തട്ടിപ്പിന്റെ വാർത്തയാണ് ഇപ്പോൾ ജമ്മു കാശ്മീരിൽ നിന്നും പുറത്ത് വരുന്നത്. ഒരു യുവതിയാണ് 27 പേരെ വിവാഹം ചെയ്തത്. വിവാഹത്തട്ടിപ്പിന്റെ വാർത്ത പുറത്ത് വന്നത് തികച്ചും അപ്രതീക്ഷിതമായി. തങ്ങളുടെ ഭാര്യയെ കാണാനില്ല എന്നും പറഞ്ഞ് 12 യുവാക്കൾ പൊലീസിൽ പരാതി നൽകി. എന്നാൽ, അതിലെ ഭാര്യയുടെ ഫോട്ടോ പരിശോധിച്ച പൊലീസ് ഞെട്ടി. കാരണം എല്ലാ യുവാക്കളും നൽകിയിരുന്നത് ഒരേ സ്ത്രീയുടെ ഫോട്ടോ ആയിരുന്നു. 

എല്ലാ യുവാക്കളും വിവാഹം കഴിച്ചത് ബ്രോക്കർ മുഖേനയാണ്. വലിയ വലിയ തുകയാണ് യുവതിക്ക് പലരും നൽകിയിരുന്നത്. സ്വർണാഭാരണങ്ങൾ നൽകിയവരും ഉണ്ട്. വിവാഹം കഴിച്ച് കുറച്ച് നാളുകൾ ഭർത്താക്കന്മാരുടെ വീട്ടിൽ നിൽക്കുകയും പിന്നീട് അവിടെ നിന്നും മുങ്ങുകയും ചെയ്യുകയായിരുന്നു യുവതി. ഇരയായ ഒരു യുവാവിന്റെ പിതാവ് അബ്ദുൾ അഹദ് മിർ പറയുന്നത്, ബ്രോക്കറാണ് തങ്ങളെ സമീപിച്ചത് എന്നാണ്. മകന് ചില ശാരീരിക പ്രശ്നങ്ങളൊക്കെ ഉണ്ടായിരുന്നു. അതുകൊണ്ട് രണ്ട് ലക്ഷം രൂപ നൽകിയാൽ വിവാഹം നടത്താമെന്ന് ബ്രോക്കർ പറഞ്ഞത്രെ. അത് പ്രകാരം പണം നൽകുകയും ചെയ്തു. എന്നാൽ, പിന്നാലെ യുവതി ആശുപത്രിയിൽ ആണെന്ന് അറിയിക്കുകയായിരുന്നു. അമ്പതിനായിരം രൂപ തിരികെ കൊടുക്കുകയും ചെയ്തു. പിന്നീട് യുവതിയുടെ ചിത്രം കാണിച്ച് വിവാഹം ഉടനെ നടത്തണമെന്ന് അറിയിച്ച് ആ അമ്പതിനായിരം രൂപ തിരികെ വാങ്ങി. വിവാഹം കഴിഞ്ഞ് കുറച്ച് നാൾ അവിടെ താമസിച്ച ശേഷം യുവതി അവിടെ നിന്നും മുങ്ങുകയായിരുന്നു. നിരവധി യുവാക്കൾക്കാണ് സമാനമായ അനുഭവം ഉണ്ടായിരിക്കുന്നത്. 

മറ്റൊരാൾ പറഞ്ഞത് 3,80,000 രൂപയും അഞ്ച് ലക്ഷത്തിലേറെ വില മതിക്കുന്ന സ്വർണവും യുവതിക്ക് നൽകി എന്നാണ്. പലയിടത്തും കള്ളപ്പേരിലാണ് യുവതി എത്തിയത്. എന്നാൽ, ഇതിന് പിന്നിൽ ബ്രോക്കറടക്കമുള്ള വൻ റാക്കറ്റാണ് എന്നും സംശയിക്കുന്നുണ്ട്.