ഇരിട്ടി എം ജി കോളേജിൽ റൂസ പദ്ധതിയിൽ നിർമ്മിച്ച അക്കാദമിക്ക് ബ്ലോക്ക് കെട്ടിടോദ്ഘാടനം 15 ന് ശനിയാഴ്ച

ഇരിട്ടി: കേന്ദ്രാവിഷ്കൃത പദ്ധതിയായ റൂസപദ്ധതിയുടെ സഹായത്തോടെ ഇരിട്ടി മഹാത്മാഗാന്ധി കോളേജിൽ നിർമ്മിച്ച അക്കാദമിക്ക് ബ്ലോക്കിന്റെ കെട്ടിട ഉദ്‌ഘാടനം ഉന്നത വിദ്യാഭ്യാസ മന്ത്രി ഡോ. ആർ. ബിന്ദു ശനിയാഴ്ച ഉച്ചക്ക് 2 മണിക്ക് നിർവഹിക്കുമെന്ന് എം.ജി. കോളേജ് മാനേജർ ചന്ദ്രൻ തില്ലങ്കേരി വാർത്താ സമ്മേളനത്തിൽ പറഞ്ഞു.
കേന്ദ്ര – സംസ്ഥാന സർക്കാറുകൾ പങ്കാളിത്തം വഹിക്കുന്ന പദ്ധതിയിൽ അനുവദിച്ച രണ്ടു കോടിയിൽ ഒരു കോടി രൂപ വിനിയോഗിച്ചാണ് കെട്ടിടം പൂർത്തിയാക്കിയതെന്ന് പ്രിൻസിപ്പാൾ ഡോ. ആർ. സ്വരൂപ പറഞ്ഞു.
കോളേജ് അങ്കണത്തിൽ നടക്കുന്ന ചടങ്ങിൽ സണ്ണി ജോസഫ് എം എൽ എ അദ്ധ്യക്ഷത വഹിക്കും. കെ. സുധാകരൻ എം പി മുഖ്യഭാഷണം നടത്തും. റൂസ ഡയറക്ടറും ഉന്നത വിദ്യാഭ്യാസ പ്രിൻസിപ്പൽ സിക്രട്ടറിയുമായ ഇഷിതാ റോയ് ഐ എ എസ്, റൂസ സ്റ്റേറ്റ് പ്രൊജക്ട് കോഡിനേറ്റർ കെ. സുധീർ ഐ എ എസ്, സ്റ്റേറ്റ് നോഡൽ ഓഫീസർ ജഗൻ സെബാസ്റ്റ്യൻ, ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ബിനോയ് കുര്യൻ, ഇരിട്ടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ. വേലായുധൻ, ഇരിട്ടി നഗരസഭാ ചെയർപേഴ്‌സൺ കെ. ശ്രീലത, വാർഡ് കൗൺസിലർ എൻ. സിന്ധു തുടങ്ങിയവർ പ്രസംഗിക്കും. വാർത്താ സമ്മേളനത്തിൽ എം.ജി. കോളേജ് ജനറൽ സിക്രട്ടറി വൈ.വൈ. മത്തായി, റൂസ കോഡിനേറ്റർ പ്രമോദ് വെള്ളച്ചാൽ, മറ്റു ഭാരവാഹികളും ഡയറക്റ്റർമാരുമായ ജെയ്‌സൺ കാരക്കാട്ട്, കെ. വത്സരാജ്, സത്യൻ കൊമ്മേരി, പി.സി. പോക്കർ, എം. അജേഷ് എന്നിവരും പങ്കെടുത്തു.