കേരളത്തോട് കൊടും ക്രൂരത ; കേന്ദ്രംവെട്ടി 1693.75 കോടി , ക്ഷേമ പെൻഷനിൽ കേന്ദ്രം തട്ടിയത് 522 കോടി
യുജിസി കുടിശ്ശിക ബാധ്യതയുടെ പകുതിത്തുകയായ 750.93 കോടി രൂപയാണ് നിസ്സാരകാരണം പറഞ്ഞ് സംസ്ഥാനത്തിന് നിഷേധിച്ചത്. തുക നൽകാനാകില്ലെന്ന കേന്ദ്രവിദ്യാഭ്യാസ മന്ത്രാലയത്തിന്റെ കത്ത് ധനമന്ത്രി കെ എൻ ബാലഗോപാലിന് ലഭിച്ചു. കുടിശ്ശിക അനുവദിക്കണമെന്ന് ധനമന്ത്രി രണ്ടുതവണ കേന്ദ്ര ധനമന്ത്രി നിർമ്മല സീതാരാമനെ നേരിൽക്കണ്ട് നിവേദനം നൽകിയിരുന്നു. കുടിശ്ശികയായി 1503.85 കോടി രൂപയാണ് സംസ്ഥാനം വിതരണം ചെയ്‌തത്.
സർവകലാശാലകളിലെയും കോളേജുകളിലെയും അധ്യാപകർക്കും ജീവനക്കാർക്കും ഏഴാം കേന്ദ്ര ശമ്പള പരിഷ്‌കരണ കമീഷൻ ശുപാർശപ്രകാരമുള്ള ആനുകൂല്യങ്ങളുടെ കുടിശ്ശിക നൽകാൻ 2018 ജൂലൈ ഏഴിനാണ് കേന്ദ്രം നിർദേശിച്ചത്. ചെലവിന്റെ പകുതി കേന്ദ്രവും ബാക്കി സംസ്ഥാനവും വഹിക്കണമെന്നായിരുന്നു ധാരണ. കേന്ദ്ര വിഹിതം അനുവദിക്കണമെന്നാവശ്യപ്പെട്ട് പലതവണ കത്തയച്ചു. കണക്കിൽ ചില പോരായ്‌കൾ ചൂണ്ടിക്കാട്ടി 2022 മാർച്ച് പത്തിന് വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ കത്ത് സംസ്ഥാന ഉന്നത വിദ്യാഭ്യാസ വകുപ്പിന് ലഭിച്ചു. ഇത് പരിഹരിച്ച കണക്ക് 2022 മാർച്ച് 21ന് കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയത്തിലെ ഉന്നത വിദ്യാഭ്യാസ വിഭാഗം ജോയിന്റ് സെക്രട്ടറിക്ക് എത്തിച്ചു. ഇത് മറച്ചുവച്ചാണ് കൃത്യമായ കണക്ക് നിശ്ചിത സമയത്തിനുള്ളിൽ ലഭ്യമാക്കിയിട്ടില്ലെന്ന വാദം കേന്ദ്രം ഉയർത്തി അവകാശം നിഷേധിച്ചത്.
ക്ഷേമ പെൻഷനിൽ കേന്ദ്രം തട്ടിയത് 522 കോടി
ആറുലക്ഷത്തോളം അശരണരുടെ 27 മാസത്തെ സാമൂഹ്യസുരക്ഷാ പെൻഷന്റെ തുച്‌ഛമായ വിഹിതവും കേന്ദ്രം തട്ടിയെടുത്തു. 62 ലക്ഷം പേർക്ക് കേരളം പ്രതിമാസം 1600 രൂപവീതം പെൻഷൻ നൽകുന്നതിൽ 6,01,316 പേർക്കാണ് കേന്ദ്രത്തിന്റെ ചെറിയ വിഹിതമുള്ളത്. സംസ്ഥാനം വിതരണം ചെയ്യുകയും പിന്നീട് മടക്കി നൽകുമെന്നുമായിരുന്നു ധാരണ. ഇതിനാവശ്യമായ 522 കോടി രൂപ കേന്ദ്രം അനുവദിച്ചില്ല. 2021 ജനുവരി മുതൽ 2023 മാർച്ചുവരെയുള്ള കുടിശ്ശിക നൽകണമെന്ന കേരളത്തിന്റെ നിരന്തര ആവശ്യത്തിൽ കേന്ദ്രത്തിന് മിണ്ടാട്ടമില്ല.