കാട്ടനയെ കൊന്ന് കുഴിച്ചിട്ടു, ഒരു കൊമ്പിന്റെ പകുതിയും വെട്ടിയെടുത്തു; തോട്ടമുടമ ഉള്‍പ്പെടെ 2 പേർ കീഴടങ്ങി





കാട്ടനയെ കൊന്ന് കുഴിച്ചിട്ടു, ഒരു കൊമ്പിന്റെ പകുതിയും വെട്ടിയെടുത്തു; തോട്ടമുടമ ഉള്‍പ്പെടെ 2 പേർ കീഴടങ്ങി


തൃശൂര്‍: വാഴക്കോട് റബര്‍ തോട്ടത്തില്‍ വൈദ്യുതി ആഘാതമേല്‍പ്പിച്ച് കാട്ടാനയെ കൊന്ന് കുഴിച്ചിട്ട തോട്ടമുടമ ഉള്‍പ്പെടെ രണ്ട് പേര്‍ വനം വകുപ്പ് മച്ചാട് റേഞ്ച് ഓഫീസില്‍ കീഴടങ്ങി. മുഖ്യപ്രതി മുള്ളൂര്‍ക്കര വാഴക്കോട് മണിയന്‍ചിറ റോയി ജോസഫ്, നാലാം പ്രതി മുള്ളൂര്‍ക്കര വാഴക്കോട് മുത്തുപണിക്കല്‍ വീട്ടില്‍ ജോബി എം ജോയി എന്നിവരാണ് കീഴടങ്ങിയത്. സംഭവത്തിന് ശേഷം ഇവര്‍ വിവിധ സ്ഥലങ്ങളില്‍ യാത്രയായിരുന്നുവെന്നാണ് പറയുന്നത്. ഇവരെ വിശദമായി ചോദ്യം ചെയ്തുവകികയാണ്.

ഇതോടെ കേസിൽ പിടിയിലാകുന്നവരു‌ടെ എണ്ണം നാലായി. കേസില്‍ ഉള്‍പ്പെട്ട ഏതാനും പേര്‍ ഇപ്പോഴും ഒളിവിലാണ്. ഒരു കൊമ്പിന്റെ പകുതി മുറിച്ചു കടത്തി വില്‍ക്കാന്‍ ശ്രമിക്കുമ്പോള്‍ കോടനാട് വനം വകുപ്പ് അധികൃതര്‍ പിടികൂടിയ പട്ടിമറ്റം താമരച്ചാലില്‍ അഖില്‍ മോഹനന്‍, വിനയന്‍ എന്നിവര്‍ റിമാൻഡിലാണ്. ജൂലൈ 14നാണ് ജഡം പുറത്തെടുത്തത്. ഇക്കഴിഞ്ഞ ജൂണ്‍ 14നാണ് ഷോക്കേറ്റ് ആന ചരിഞ്ഞത്. 15ന് കുഴിച്ചുമൂടിയെന്നും കാട്ടുപന്നിയെ പിടികൂടാന്‍ വച്ച വൈദ്യുതി ലൈനില്‍ നിന്ന് ഷോക്കേറ്റാണ് ആന ചരിഞ്ഞതെന്നാണ് പ്രതികൾ പറയുന്നത്.

ജൂലൈ 14നാണ് ജഡവും കൊമ്പുകളും കണ്ടെടുത്തത്. ആനയെ കുഴിച്ചിടാന്‍ എത്തുകയും ഒരു കൊമ്പിന്റെ പകുതി വെട്ടിയെടുത്തു കൊണ്ടുപോകുകയും വില്‍ക്കാന്‍ ശ്രമിക്കുന്നതിനിടെ പട്ടിമറ്റം അഖില്‍ മോഹനനെ കോടനാട് റേഞ്ച് വനം ഉദ്യോഗസ്ഥര്‍ പിടികൂടി ചോദ്യം ചെയ്തപ്പോഴാണ് ആനയെ കുഴിച്ചുമുടിയ കഥയുടെ ചുരുളഴിയുന്നത്. ആനക്കൊമ്പ് കൊണ്ടുപോകാന്‍ സഹായിച്ച പട്ടിമറ്റം മുഴുവന്നൂര്‍ വിനയനെ മച്ചാട് റേഞ്ച് വനം ഉദ്യോഗസ്ഥര്‍ അറസ്റ്റു ചെയ്തു.

അഖില്‍ മോഹനനെ കോടനാട് വനം ഉദ്യോഗസ്ഥരും വിനയനെ മച്ചാട് വനം അധികൃതരും  സംഭവസ്ഥലത്ത് എത്തിച്ചു തെളിവെടുപ്പ് നടത്തിയിരുന്നു. അഖിലിനെ പെരുമ്പാവൂര്‍ കോടതിയും വിനയനെ വടക്കാഞ്ചേരി കോടതിയും റിമാൻഡ് ചെയ്തിരുന്നു. പാതി ആനക്കൊമ്പ് കൊണ്ടുപോകാന്‍ ഉപയോഗിച്ച കാറും നേരത്തെ കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്.