മാനന്തവാടി-കണ്ണൂർ വിമാനത്താവളം നാലുവരിപ്പാത; തെരു ഗണപതി ക്ഷേത്രം ഇല്ലാതാക്കാനുള്ള നീക്കം തടയും

പേരാവൂർ: നിർദ്ദിഷ്ട മാനന്തവാടി-കണ്ണൂർ വിമാനത്താവളം നാലുവരിപ്പാതക്ക് വേണ്ടി തെരു ഗണപതി ക്ഷേത്രം ഇല്ലാതാക്കാനുള്ള ഏതു നീക്കവും തടയുമെന്ന് ക്ഷേത്ര ഭാരവാഹികൾ പത്രസമ്മേളനത്തിൽ അറിയിച്ചു. ക്ഷേത്രം നിലനിർത്തി നാലുവരിപ്പാത നിർമിക്കാൻ അധികൃതർ തയ്യാറാവണമെന്നും അല്ലാത്തപക്ഷം ഭക്തരെയും നാട്ടുകാരെയും അണിനിരത്തി പ്രക്ഷോഭങ്ങൾക്ക് നേതൃത്വം നൽകുമെന്നും ഭാരവാഹികൾ പറഞ്ഞു. പാതയുടെ പേരാവൂർ പഞ്ചായത്തിലെ സമാന്തര പാതയുടെ അതിരുകൾ അളന്ന് കല്ലുകൾ പാകുന്ന പ്രവൃത്തി തെരു ക്ഷേത്രത്തിന് സമീപം എത്തിയാൽ തടയും.
വർഷങ്ങൾക്ക് മുൻപ് പാതയുടെ അലൈന്മെന്റ് പേരാവൂർ ബ്ലോക്ക് ഹാളിൽ പ്രദർശിപ്പിച്ച വേളയിൽ തന്നെ ക്ഷേത്രം നിലനിർത്തി അലൈന്മെന്റ് മാറ്റണമെന്ന് ക്ഷേത്ര ഭാരവാഹികൾ ആവശ്യമുയർത്തിയിരുന്നു. ഇക്കാര്യമാവശ്യപ്പെട്ട് മുഖ്യമന്ത്രിക്കും പൊതുമരാമത്ത് വകുപ്പ് മന്ത്രിക്കും നിവേദനവും നല്കിയതാണ്. ക്ഷേത്രം സംരക്ഷിക്കപ്പെടുമെന്ന് അധികൃതർ വാക്കാൽ ഉറപ്പും നല്കി.
എന്നാൽ, കഴിഞ്ഞ ദിവസം നോട്ടീസ് ലഭിച്ചപ്പോഴാണ് ക്ഷേത്രം പൂർണമായും ഇല്ലാതാക്കുന്ന രീതിയിലാണ് അലൈന്മെന്റ് എന്നറിയുന്നത്. അലൈന്മെന്റിൽ മാറ്റമുണ്ടാകുമെന്ന അധികൃതരുടെ ഉറപ്പ് ലംഘിക്കപ്പെട്ടു. ഈ സാഹചര്യത്തിലാണ് പ്രത്യക്ഷ സമരങ്ങൾക്ക് ക്ഷേത്രക്കമ്മിറ്റി ഒരുങ്ങുന്നത്. ക്ഷേത്രം നിലനിർത്തി സമീപത്തെ വ്യക്തികളുടെ ഭൂമിയിലൂടെ നാലുവരിപ്പാത യാഥാർഥ്യമാക്കണം. റോഡ് വികസനത്തിന് ക്ഷേത്രക്കമ്മിറ്റിയോ നാട്ടുകാരോ എതിരുനില്ക്കില്ല. എന്നാൽ, വർഷങ്ങളുടെ പഴക്കമുള്ള ക്ഷേത്രം ഇല്ലാതാക്കാനുള്ള നീക്കം തടയാനാണ് തീരുമാനം.
പത്രസമ്മേളനത്തിൽ ക്ഷേത്രം ഊരാളൻ നെയ്കുടിയൻ ചന്ദ്രൻ ഇളയ ചെട്ട്യാർ, വൈസ്.പ്രസിഡന്റ് തുന്നൻ രമേശൻ, സെക്രട്ടറി തുന്നൻ ഗണേശൻ, നാദാപുരം രാജേഷ് കോമരം, കോലത്താടൻ മധു കോമരം, പ്രകാശൻ ധനശ്രീ, ലിഷ്ണു കാക്കര എന്നിവർ സംബന്ധിച്ചു.