കോഴിക്കോട് സ്വദേശി കബളിപ്പിക്കപ്പെട്ട എഐ സാമ്പത്തിക തട്ടിപ്പ്; സൈബര്‍ പൊലീസ് സംഘം ഗോവയിലേക്ക്

കോഴിക്കോട് സ്വദേശി കബളിപ്പിക്കപ്പെട്ട എഐ സാമ്പത്തിക തട്ടിപ്പ്; സൈബര്‍ പൊലീസ് സംഘം ഗോവയിലേക്ക്

എഐ സാമ്പത്തിക തട്ടിപ്പിലൂടെ കോഴിക്കോട് സ്വദേശിയില്‍ നിന്ന് പണം കവര്‍ന്ന സംഭവത്തില്‍ അന്വേഷണ സംഘം ഇന്ന് ഗോവയിലേക്ക് തിരിക്കും. സൈബര്‍ പോലീസിന്റെ മൂന്നംഗ സംഘമാണ് ഗോവയില്‍ എത്തുക. കോഴിക്കോട് സ്വദേശിയുടെ നഷ്ടമായ പണം ആദ്യം എത്തിയത് ഗുജറാത്തിലെ ബാങ്ക് അക്കൗണ്ടിലായിരുന്നു. പിന്നീട് ഇത് ഗോവയിലെ അക്കൗണ്ടിലേക്ക് ട്രാന്‍സ്ഫര്‍ ചെയ്തിരുന്നു. ഇതുമായി ബന്ധപ്പെട്ട അന്വേഷണത്തിനാണ് സംഘം ഗോവയില്‍ എത്തുന്നത്.

വ്യാജ വീഡിയോ കാള്‍ വഴി കോഴിക്കോട് സ്വദേശി പി എസ് രാധാകൃഷ്ണന് 40,000 രൂപയാണ് നഷ്ടമായത്. നിലവില്‍ ഗുജറാത്ത്, ഗോവ എന്നീ സംസ്ഥാനങ്ങള്‍ കേന്ദ്രീകരിച്ചാണ് അന്വേഷണം വ്യാപിപ്പിക്കുന്നത്. ആര്‍ട്ടിഫിഷ്യല്‍ സാങ്കേതിക വിദ്യ ഉപയോഗിച്ചുള്ള തട്ടിപ്പിന് പിന്നില്‍ വന്‍ ശൃംഖലയുണ്ടെന്നാണ് സൈബര്‍ പൊലീസ് പറയുന്നത്. അക്കൗണ്ട് ഉടമയെക്കുറിച്ച് കൃത്യമായ സൂചന ലഭിച്ചിട്ടുണ്ടെന്നാണ് വിവരം.

കോഴിക്കോട് സ്വദേശിയുടെ ചാറ്റ് വിവരങ്ങളെ സംബന്ധിച്ച് വാട്‌സ് ആപ്പ് മുംബൈ നോഡല്‍ ഓഫീസില്‍ പൊലീസ് വിവരം തേടിയിട്ടുണ്ട്. റിപ്പോര്‍ട്ട് ലഭിച്ചാല്‍ അന്വേഷണ സംഘം ഗുജറാത്തിലേക്കും തിരിക്കും. പണം കൈമാറിയ ഗുജറാത്തിലെ അക്കൗണ്ട് വിവരങ്ങള്‍ ലഭിച്ചിട്ടുണ്ട്. ഗുജറാത്തിലെ അക്കൗണ്ടില്‍ നിന്ന് ഗോവയിലെ പനജി രത്ന്നാഗര്‍ ബാങ്ക് ശാഖയിലേക്ക് പണം കൈമാറിയിട്ടുണ്ടെന്ന് പൊലീസ് കണ്ടെത്തി. ട്രേഡിംഗ് കമ്പനിയുടെ അക്കൗണ്ടിലേക്കാണ് പണം വന്നത്.