എഞ്ചിൻ പ്രവർത്തിച്ചില്ല; വഴിയിലായി വന്ദേഭാരത്; കണ്ണൂരിൽ ഒന്നര മണിക്കൂറിലേറെ പിടിച്ചിട്ടു, വീണ്ടും തകരാർ


എഞ്ചിൻ പ്രവർത്തിച്ചില്ല; വഴിയിലായി വന്ദേഭാരത്; കണ്ണൂരിൽ ഒന്നര മണിക്കൂറിലേറെ പിടിച്ചിട്ടു, വീണ്ടും തകരാർ
കണ്ണൂർ: കാസർകോട് നിന്ന് തിരുവനന്തപുരത്തേക്ക് പുറപ്പെട്ട വന്ദേ ഭാരത് എക്‌സ്പ്രസ് വഴിയിൽ പിടിച്ചിട്ടു. ഒരു മണിക്കൂറിലേറെ ഇവിടെ പിടിച്ചിട്ട വന്ദേഭാരത് ഇവിടെ നിന്ന് യാത്ര തുടർന്നെങ്കിലും വീണ്ടും പിടിച്ചിടുകയായിരുന്നു. എഞ്ചിൻ തകരാറ് മൂലമാണ് ട്രെയിൻ പിടിച്ചിട്ടത് എന്നാണ് വിവരം.

കണ്ണൂർ റെയിൽവേ സ്റ്റേഷനിൽ വൈകീട്ട് 3.25നാണ് എത്തിയത്. എന്നാൽ ഇവിടെ ട്രെയിൻ കുറേനേരം നിർത്തിയിട്ടു. ഇവിടെ നിന്ന് എടുത്ത ട്രെയിൻ 500 മീറ്ററോളം പോയ ശേഷം വീണ്ടും നിർത്തുകയായിരുന്നു.


തകരാറിന്റെ കാരണം പരിശോധിക്കുകയാണ് എന്നാണ് ഉദ്യോ​ഗസ്ഥർ പറഞ്ഞത്. കംപ്രസറന്റെ പ്രശ്നമാണെന്നാണ് അധികൃതർ പറയുന്നത്. ട്രെയിൻ വൈകിയതോടെ യാത്രക്കാരും പ്രശ്നത്തിലായി.

വണ്ടിയിൽ നിന്ന് പുറത്തിറങ്ങാനാവാതെ യാത്രക്കാർ ബുദ്ധിമുട്ടി. വന്ദേഭാരതിന്റെ വാതിലുകൾ പൂട്ടിയ നിലയിലായിരുന്നു. അതുകൊണ്ട് തന്നെ യാത്രക്കാർക്ക് ഇറങ്ങാൻ കഴിഞ്ഞില്ല. അരമണിക്കൂറിന് ശേഷമാണ് വാതിൽ തുറന്നത്.

എസി ഉൾപ്പെടെ പ്രവർത്തിക്കുന്നില്ലെന്ന് യാത്രക്കാർ പരാതി പറഞ്ഞിരുന്നു. പിൻഭാ​ഗത്തെ എൻജിൻ ഉപയോ​ഗിച്ച് വന്ദേഭാരത് യാത്ര പുനരാരംഭിച്ചതായി റെയിൽവേ അധികൃതർ അറിയിച്ചെഘങ്കിലും വീണ്ടും തകരാറിലായി.

ട്രെയിൻ തകരാർ നന്നാക്കി യാത്ര പുനരാരംഭിക്കാനുള്ള ഒരുക്കത്തിലാണ് റെയിൽവെ മെക്കാനിക്കൽ എൻജിനിയറിങ്ങ് വിഭാഗം അധികൃതർ. എന്നാൽ വന്ദേ ഭാരത് കണ്ണൂർ റെയിൽവെ സ്റ്റേഷനരി കെയുള്ള ട്രാക്കിൽ പിടിച്ചിട്ടത് മറ്റു ട്രെയിൻ സർവീസുകളെ ബാധിച്ചിട്ടില്ല.

നേരത്തെ സർവീസ് തുടങ്ങി ഒരാഴ്ച്ച പിന്നിടുമ്പോൾ വന്ദേ ഭാരതിൽ ചോർച്ച പ്രശ്നവും അനുഭവപ്പെട്ടിരുന്നു. രണ്ട് കംപാർട്ട്മെന്റിലെഎ.സി യിൽ നിന്നാണ് വെള്ളം ഒലിച്ചിറങ്ങിയത്